
തിരുവനന്തപുരം: അഭിനേതാക്കളുടെ സംഘടനയായ ”അമ്മ” ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവച്ചതിനു പിന്നാലെ, പ്രസിഡന്റ് മോഹന്‍ലാലും സ്ഥാനമൊഴിയുമെന്നു സൂചന.
സംഘടനയിലെ കൂടുതല്‍ അംഗങ്ങള്‍ക്കെതിരേ ലൈംഗികാരോപണമടക്കം ഉയരുന്ന സാഹചര്യത്തില്‍ നേതൃത്വമൊഴിയാന്‍ മോഹന്‍ലാല്‍ സന്നദ്ധതയറിയിച്ചെന്നാണു വിവരം.
അംഗങ്ങളായ നടിമാരുടെ പരാതികള്‍ അവഗണിച്ചെന്നും ”അമ്മ”യ്ക്കെതിരേ ആരോപണമുണ്ട്. സംഘടനാനേതൃത്വം ഒഴിയുന്നതു സംബന്ധിച്ച് ഒരു ആത്മീയനേതാവിന്റെ ഉപദേശം മോഹന്‍ലാല്‍ തേടിയതായാണു സൂചന.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഘടന വന്‍പ്രതിസന്ധിയിലൂടെ കടന്നുപോകുമ്ബോള്‍ സൂപ്പര്‍താരം ഉത്തരവാദിത്വത്തില്‍നിന്നു മാറിനില്‍ക്കുകയല്ല വേണ്ടതെന്നും അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ജനറല്‍ സെക്രട്ടറിക്കു പിന്നാലെ പ്രസിഡന്റും സ്ഥാനമൊഴിഞ്ഞാല്‍ സംഘടന കൂടുതല്‍ സംശയനിഴലിലാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
താത്കാലിക ഭരണസമിതി രൂപീകരിച്ച്, ആരോപണങ്ങള്‍ കെട്ടടങ്ങിയശേഷം വീണ്ടും സംഘടനാതെരഞ്ഞെടുപ്പ് നടത്താനും നീക്കമുണ്ട്.
” ഭാരവാഹികളുടെ രാഷ്ട്രീയം നോക്കണമെന്നു മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടതില്‍ വൈസ് പ്രസിഡന്റ് ജഗദീഷ് അടക്കമുള്ളവര്‍ കടുത്ത അമര്‍ഷത്തിലാണ്. ജഗദീഷും മാറിനില്ക്കാന് സന്നദ്ധത അറിയിച്ചതായാണു സൂചന. അതേസമയം, ജഗദീഷ്, ജയന് ചേര്‍ത്തല തുടങ്ങിയ ഭാരവാഹികള്‍ ഉള്‍പ്പെടെ സംഘടനയെ വിമര്‍ശിച്ച് രംഗത്തുവന്നതും സാമൂഹികമാധ്യമങ്ങളിലടക്കം ഉയരുന്ന രൂക്ഷവിമര്‍ശനങ്ങളും രാജിവയ്ക്കാന്‍ മോഹന്‍ലാലിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.