
കോഴിക്കോട്: എലത്തൂർ മണ്ഡലത്തിൻ്റെ നാമനിർദേശ പത്രിക സൂക്ഷ്മ പരിശോധനയില്‍ നാടകീയ രംഗങ്ങള്‍.
എൻസിപി അജിത് പവാർ വിഭാഗം സ്ഥാനാർഥി പി.കെ ശശീന്ദ്രൻ്റെ പത്രിക സ്വീകരിച്ച ശേഷം നല്‍കുന്ന റസിപ്റ്റ് ഒരാള്‍ തട്ടിയെടുത്തെന്ന് ആക്ഷേപമുയർന്നു. എല്‍ഡിഎഫ് സ്ഥാനാർഥി എ.കെ ശശീന്ദ്രൻ്റെ പേരിനോട് സാമ്യമുള്ള പി.കെ ശശീന്ദ്രനെ അജിത് പവാർ വിഭാഗം നിർത്തുകയായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മന്ത്രി എ.കെ ശശീന്ദ്രൻ എൻസിപി ചിഹ്നമായ ക്ലോക്ക് അടയാളത്തിലാണ് മത്സരിച്ചിരുന്നത്. പിളർപ്പിനെ തുടർന്ന് അജിത്‌പവാർ പക്ഷത്തിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ലോക്ക് ചിഹ്നം അനുവദിച്ചത്. എ കെ ശശീന്ദ്രൻ്റെ പേരിന് സാമ്യമുള്ള പി.കെ ശശീന്ദ്രൻ എന്നയാള്‍ എൻസിപി അജിത് പവാർ പക്ഷത്ത് നിന്നും പത്രിക നല്‍കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, സൂക്ഷ്മ പരിശോധനയ്ക്കിടെ എ.കെ ശശീന്ദ്രൻ പക്ഷം പി.കെ ശശീന്ദ്രൻ്റെ പത്രികയില്‍ ക്രമക്കേടുകള്‍ ആരോപിച്ചതിനാല്‍ ഉപവരണാധികാരി പി.കെ ശശീന്ദ്രനോട് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടു. എന്നാല്‍, പത്രിക സ്വീകരിച്ച ശേഷം നല്‍കിയ രസീത് സ്ഥാനാർഥിക്ക് കൈമാറാതെ മറ്റൊരാള്‍ക്ക് നല്‍കിയെന്നും അയാള്‍ അതുകൊണ്ട് ഓടി എന്നുമാണ് ആരോപണം.
എന്നാല്‍, തൻ്റെ മേശപ്പുറത്ത് നിന്നും ഒരാള്‍ രസീത് കൈക്കലാക്കി ഓടി പോയെന്നാണ് ഉപവരണാധികാരി നല്‍കുന്ന വിശദീകരണം. അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടർക്ക് പരാതി നല്‍കിയിട്ടുമുണ്ട്.



