തിരികെ വീട്ടിലാക്കാൻ അച്ഛൻ ഡീസലടിച്ചു തരുമോ ? ; സ്‌കൂൾ ബസിലിരുന്നു ഉറങ്ങിയ പെൺകുട്ടിക്ക് നേരെ ഡ്രൈവറുടെ അധിക്ഷേപം
സ്വന്തം ലേഖിക
കാക്കനാട്: സ്‌കൂൾ ബസിൽ ഉറങ്ങിപ്പോയ അഞ്ചാം ക്ലാസുകാരിയോട് അപമര്യാദയായി സംസാരിച്ച സ്‌കൂൾ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. തൃപ്പൂണിത്തുറ സ്വദേശി ഹരിഹരന്റെ ലൈസൻസാണ് എറണാകുളം ജോയിന്റ് ആർ.ടി.ഒ. കെ. മനോജ് സസ്‌പെൻഡ് ചെയ്തത്.
സംഭവത്തെ കുറിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നതിങ്ങനെ , കഴിഞ്ഞ ദിവസം എറണാകുളത്തെ സ്‌കൂളിൽനിന്ന് മടങ്ങവേ കുട്ടി ബസിൽ ഇരുന്ന് ഉറങ്ങിപ്പോവുകയായിരുന്നു. ഉറങ്ങിപ്പോയ പെൺകുട്ടി ബസിലുണ്ടെന്ന വിവരം സ്റ്റോപ്പിലെത്തിയിട്ട് ആയയും ശ്രദ്ധിച്ചിരുന്നില്ല. അവസാന കുട്ടിയും ആയയും ബസിൽ നിന്നിറങ്ങി മൂന്നര കിലോമീറ്റർ കഴിഞ്ഞ ശേഷമാണ് കുട്ടി ഉണരുന്നത്. തന്നെ തിരികെ തന്റെ സ്റ്റോപ്പിലെത്തിക്കാൻ ആവശ്യപ്പെട്ടു കരഞ്ഞ കുട്ടിയോട് ബസ് ഡ്രൈവർ അപമര്യാദയായി സംസാരിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘തിരികെ വീട്ടിലാക്കാൻ നിന്റെ അച്ഛൻ ഡീസലടിച്ച് തരുമോ എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി’. കുട്ടി ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങിയതോടെ മറ്റ് മാർഗമില്ലാതെ ഡ്രൈവർ തിരികെ വാഹനമോടിച്ച് കുട്ടിയെ സ്റ്റോപ്പിൽ ഇറക്കി.
ചീത്ത വിളിച്ചതടക്കമുള്ള കാര്യങ്ങൾ വീട്ടിൽ പറഞ്ഞാൽ ഇനി ബസിൽ കയറ്റില്ലെന്നു പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി. ഈ വിവരമെല്ലാം കുട്ടി രക്ഷിതാക്കളോട് പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
ഇതോടെ വല്ലാർപാടം സ്വദേശിയായ പെൺകുട്ടിയുടെ പിതാവ് പരാതിയുമായി രംഗത്ത് വരികയായിരുന്നു. സംഭവത്തെ കുറിച്ച് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എൻ. പ്രസന്നകുമാർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തത്. കൂടാതെ ബോധവത്കരണ ക്ലാസിൽ പങ്കെടുക്കാനും ആർ.ടി.ഒ. നിർദേശിച്ചു.