Spread the love

സിനിമാ ഡെസ്‌ക്

video
play-sharp-fill

കൊച്ചി: വിവാദത്തിൽ നിന്നും വിവാദത്തിലേയ്ക്കു ഇടിഞ്ഞു വീണ് വീണ്ടും യുവതാരം ഷൈൻ നിഗം. നിർമ്മിതാവിന്റെ വധഭീഷണിയെപ്പറ്റി സോഷ്യൽ മീഡിയയിൽ ലൈവ് വീഡിയോ ഇട്ട് വിവാദത്തിൽ കുടുങ്ങിയ ഷൈൻ നിഗം ഇപ്പോൾ വിലക്കിന്റെ പാതയിലാണ്. ഷൈനിനെ വിലക്കണമെന്നാവശ്യപ്പെട്ട് നിർമ്മാതാക്കളുടെ സംഘടന ഇപ്പോൾ രംഗത്ത് എത്തിയിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് നിർമ്മാതാക്കളുടെ സംഘടന താരങ്ങളുടെ സംഘടനയായ അമ്മയ്ക്ക് കത്തു നൽകിയിട്ടുണ്ട്.

വെയിൽ സിനിമയുടെ സെറ്റിൽ അഭിനയിക്കുന്നതിനായി ഷൈൻ നിഗം എത്തിയില്ലെന്ന് ആരോപിച്ചാണ് ഷൈനിനെ വിലക്കണമെന്ന ആവശ്യവുമായി നിർമ്മാതാക്കളുടെ സംഘടന രംഗത്ത് എത്തിയിരിക്കുന്നത്. വെയിൽ സിനിമയുടെ നിർമ്മാതാവ് ജോബി ജോർജും, ഷൈൻ നിഗവും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. നിർമ്മാതാക്കളുടെ സംഘടനയും, താര സംഘടനയായ അമ്മയും നേരിട്ട് ചർച്ച നടത്തിയാണ് പ്രശ്‌നത്തിൽ തീരുമാനമുണ്ടാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോബി വെയിൽ സിനിമയുടെ സെറ്റിൽ ഷൈൻ വീണ്ടും എത്താതിരുന്നതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. നവാഗതനായ ശരത് മേനോൻ സംവിധാനം ചെയ്യുന്ന വെയിൽ എന്ന ചിത്രമാണ് ഇപ്പോൾ ഷൈൻ നിഗത്തെ വിവാദത്തിൽ മുക്കിയിരിക്കുന്നത്. തർക്കവും പ്രശ്‌നവും പരിഹരിച്ചെങ്കിലും ഷൈൻ സിനിമയിൽ അഭിനയിക്കാൻ എത്തുന്നില്ലെന്നാണ് നിർമ്മാതാവിന്റെയും സംവിധായകന്റെയും പരാതി. തുടർന്നാണ് ഇവർ പരാതിയുമായി താരസംഘടനയായ അമ്മയെ സമീപിച്ചത്.

ഷൈൻ നിഗത്തെ ഇനി മലയാള സിനിമയിൽ അഭിനയിപ്പിക്കേണ്ടെന്നാണ് തങ്ങളുടെ തീരുമാനമെന്ന് നിർമ്മാതാക്കളുടെ സംഘടന താര സംഘടനയായ അമ്മയെ അറിയിച്ചിട്ടുണ്ട്. ഷൈൻ എത്താത്തിനെ തുടർന്ന് വെയിൽ സിനിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വച്ചിരിക്കുകയാണ്. സെറ്റിൽ എത്തിയ ശേഷം ഷൈൻ ഏറെ നേരം കാരവാനിൽ വിശ്രമിച്ചു. തുടർന്ന് അര മണിക്കൂറിനു ശേഷം സൈക്കിളെടുത്ത് പുറത്തേയ്ക്കു പോയതായും അണിയറ പ്രവർത്തകർ പറയുന്നു.

ഇതിനിടെ ഷൈൻ സംവിധായകൻ ശരത്തിന് അയച്ച വോയിസ് മെസേജും പുറത്തു വന്നിട്ടുണ്ട്. ശരത് നശിപ്പിക്കുന്നത് പ്രകൃതിയെ ആണെന്നും, ശരത്തിന്റെ വാശി വിജയിക്കട്ടെ എന്നും പ്രകൃതി എപ്പോഴെങ്കിലും തിരിച്ചടിക്കുമല്ലോ അപ്പോൾ അനുഭവിച്ചോളും എന്നുമാണ് ഷൈൻ പറയുന്നത്. ഇത് അടക്കമുള്ള വോയിസ് ക്ലിപ്പാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.

ജോബി ജോർജ് തനിക്കെതിരെ വധ ഭീഷണി മുഴക്കുന്നതായി ആരോപിച്ച് ഷൈൻ നിഗം രംഗത്ത് എത്തിയിരുന്നു. ഇതേ തുടർന്നാണ് വെയിൽ എന്ന ചിത്രം വിവാദത്തിൽ മുങ്ങിയത്. വെയിലിന്റെ ഷൂട്ടിംങിനിടെ കുർബാനി എന്ന ചിത്രത്തിനു വേണ്ടി ഷൈൻ മുടി വെട്ടിയതാണ് വിവാദമായി മാറിയത്.