മൊത്തത്തിൽ കൊള്ളയും അഴിമതിയും: ഭരിക്കാൻ ഒട്ട് സമ്മതിക്കത്തുമില്ല: ഈ സെക്രട്ടറിയെ ഒന്ന് മാറ്റിത്തരുമോ സർക്കാരെ; കോട്ടയം നഗരസഭ സെക്രട്ടറിയെ സ്ഥലം മാറ്റാൻ ആവശ്യപ്പെട്ട് നഗരസഭ കൗൺസിലിന്റെ പ്രമേയം
സ്വന്തം ലേഖകൻ
കോട്ടയം: ഒരു നഗരസഭയ്ക്ക് ഒരു സെക്രട്ടറിയെക്കൊണ്ട് ഇതിൽകൂടുതൽ ഗതികെടാൻ പറ്റില്ല. ചെയ്യാവുന്ന എല്ലാ പണിയും പയറ്റി നോക്കിയിട്ടും സെക്രട്ടറി നന്നാകുന്ന ലക്ഷണമില്ല. ഇതേ തുടർന്ന് നഗരസഭ കൗൺസിൽ കൂടി ഒരു തീരുമാനം എടുത്തു. സെക്രട്ടറിയെ മാറ്റാൻ സർക്കാരിനോട് ആവശ്യപ്പെടുക. ഒരു പരിധിയിൽ കൂടുതൽ അഴിമതി ആരോപണങ്ങൾ ഉയരുകയും, നഗരസഭയിലെ നിർമ്മാണ് പ്രവർത്തനങ്ങൾ മുതൽ വാഹനങ്ങളുടെ അറ്റകുറ്റപണികൾ വരെ വൈകുകയും ചെയ്തതോടെയാണ് സെക്രട്ടറിയെ മാറ്റിത്തരാൻ ആവശ്യപ്പെട്ട് നഗരസഭ കൗൺസിൽ യോഗം പ്രമേയം പാസാക്കി സർക്കാരിന് അയച്ചു നൽകിയത്. നഗരസഭ സെക്രട്ടറി ജെ.മുഹമ്മദ് ഷാഫിയ്‌ക്കെതിരെയാണ് നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയുടെ നേതൃത്വത്തിൽ ചേർന്ന് നഗരസഭ കൗൺസിൽ യോഗം പ്രമേയം പാസാക്കി സർക്കാരിന് അയച്ചു നൽകിയത്.
വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തിനിടെയാണ് ശനിയാഴ്ച കോട്ടയം നഗരസഭ കൗൺസിൽ യോഗം ചേർന്നത്. ഇതിനിടെയാണ് നഗരസഭ കൗൺസിൽ യോഗം ഹാളിനുള്ളിൽ ചേർന്നത്. ഇതോടെ നഗരസഭ അംഗം ജാൻസി ജേക്കബ് സെക്രട്ടറിയ്‌ക്കെതിരായ കുറ്റപത്രം അവതരിപ്പിക്കുകയായിരുന്നു. നഗരസഭ അദ്ധ്യക്ഷയും അംഗങ്ങളും ഇതിനെ പിൻതുണയ്ക്കുകയും ചെയ്തു. ഇതേ തുടർന്നാണ് കൗൺസിൽ യോഗം പ്രമേയം പാസാക്കി അയച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്കായുള്ള ഫണ്ടുകൾ ഒന്നും സെക്രട്ടറി പാസാക്കുന്നില്ലെന്നതാണ് പ്രധാന പരാതി. നഗരസഭയുടെ ആംബുലൻസും, മാലിന്യം ശേഖരിക്കുന്ന വാഹനങ്ങളും അടക്കമുള്ള വർക്ക്‌ഷോപ്പിലായിട്ട് മാസങ്ങളായി. എന്നാൽ, ഈ വാഹനത്തിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കി വാഹനം റോഡിലിറക്കാൻ വേണ്ട ക്രമീകരണങ്ങൾ സെക്രട്ടറി ചെയ്യുന്നില്ലെന്നതാണ് പ്രധാന പരാതി. പ്ലാൻ ഫണ്ടിൽ നിന്നാണ് ഇതിന് തുക അനുവദിക്കേണ്ടത്. എന്നാൽ, സെക്രട്ടറി തുക അനുവദിക്കാനോ വാഹനങ്ങളുടെ അറ്റകുറ്റപണി നടത്താനോ തയ്യാറാകുന്നതേയില്ല.
വികസന പ്രവർത്തനങ്ങളുടെ ഫയലുകൾ വെച്ചു താമസിപ്പിക്കുകയാണെന്നതാണ് മറ്റൊരു പരാതിയായി ഉയർന്നിരിക്കുന്നത്. ഇത് കൂടാതെയാണ് സെക്രട്ടറിയ്‌ക്കെതിരെ അതിരൂക്ഷമായ അഴിമതി ആരോപണങ്ങൾ വിവിധ കോണുകളിൽ നിന്നും ഉയർന്നിരിക്കുന്നത്. നഗരസഭയിൽ നിന്നും മാത്രം ഈ സെക്രട്ടറി അധികാരം ഏറ്റെടുത്ത ശേഷം മൂന്നു ജീവനക്കാരെയാണ് കൈക്കൂലിക്കേസിൽ കയ്യോടെ വിജിലൻസ് സംഘം പിടികൂടിയത്. ഇവരെ എല്ലാം സംരക്ഷിക്കുന്ന നിലപാടാണ് നഗരസഭ സെക്രട്ടറി ആദ്യം മുതൽ സ്വീകരിച്ചിരുന്നത്.
കഴിഞ്ഞ മാർച്ചിൽ നാഗമ്പടത്തെ നഗരസഭ പാർക്കിന്റെ നവീകരണത്തിനായി മണ്ണെടുക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഇതിനുള്ള അനുമതി പത്രത്തിനായി സെക്രട്ടറിയെ സമീപിച്ചപ്പോൾ ജിയോളജി വിഭാഗത്തിന്റെ അനുമതി വേണമെന്ന് നിർദേശിച്ചു. സെക്രട്ടറി ഫയലിൽ അനുമതിയില്ലെന്ന് ഏഴുതിയതിനാൽ ഒൻപത് മാസമാണ് പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വൈകിയത്. ഇത് അടക്കമുള്ള കുറ്റങ്ങൾ നിരത്തിയാണ് സെക്രട്ടറിയെ സ്ഥലം മാറ്റാൻ പ്രമേയം പാസാക്കിയത്.