എംഎൽഎമാർ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിതന്നെ ; എന്നാൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാം : സുപ്രീംകോടതി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കർണാടകയിൽ പതിനേഴ് കോൺഗ്രസ്, ജനതാ ദൾ എംഎൽഎമാരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീം കോടതി ശരിവച്ചു. എന്നാൽ അയോഗ്യതയുടെ കാലയളവ് നിശ്ചയിച്ച സ്പീക്കറുടെ നടപടി സുപ്രീം കോടതി റദ്ദാക്കി. ഇതോടെ എംഎൽഎമാർക്ക് ഉപതെരഞ്ഞടുപ്പിൽ മത്സരിക്കാൻ സാഹചര്യമൊരുങ്ങി.
സ്പീക്കർ അർധ ജുഡിഷൽ അധികാരമുള്ള സ്ഥാപനമാണെന്ന് വ്യക്തമാക്കിയ മൂന്നംഗ ബെഞ്ച് എംഎൽഎമാർ ഹൈക്കോടതിയെ സമീപിക്കാതെ നേരിട്ടു സുപ്രീം കോടതിയെ സമീപിച്ചതിൽ അതൃപ്തി രേഖപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അയോഗ്യതയുടെ കാലയളവ് നിശ്ചയിക്കാൻ ഭരണഘടന പ്രകാരം സ്പീക്കർക്ക് അധികാരമില്ലെന്ന് ജസ്റ്റിസുമാരായ എൻവി രമണ, സഞ്ജീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവർ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ഭരണഘടനാ പരമായ അധികാരത്തിന് അപ്പുറം സ്പീക്കർമാർ പ്രവർത്തിക്കുന്ന പ്രവണ ഏറുകയാണെന്നും ഇതുമൂലം ജനങ്ങൾക്ക് സ്ഥിരതയാർന്ന സർക്കാരുകൾ നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
എംഎൽഎമാരുടെ രാജി സ്വമേധയാ ആണോയെന്നു പരിശോധിക്കുക മാത്രമാണ് സ്പീക്കർ ചെയ്യേണ്ടത്. അങ്ങനെയാണെന്നു ബോധ്യപ്പെട്ടാൽ രാജി സ്വീകരിക്കുക തന്നെ വേണം. രാജി ആയാലും അയോഗ്യത ആയാലും പത്താം ഷെഡ്യൂൾ പ്രകാരം മണ്ഡലത്തിൽ ഒഴിവു വരികയാണെന്ന്, അയോഗ്യരാക്കപ്പെട്ടവരെ വീണ്ടും മത്സരിക്കാൻ അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞു.
എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ വിശ്വാസവോട്ടെടുപ്പിൽനിന്നു വിട്ടുനിന്നതിനെത്തുടർന്നാണ് കോൺഗ്രസിലെ പതിനാലും ജനതാ ദളിലെ മൂന്നും എംഎൽഎമാർക്ക് അന്നത്തെ സ്പീക്കർ കെആർ രമേഷ് കുമാർ അയോഗ്യത കൽപ്പിച്ചത്.
ഇതിനെതിരെ എംഎൽഎമാർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വിധി. അയോഗ്യരാക്കപ്പെടുന്നതിനു മുമ്പ് തങ്ങൾ രാജി സമർപ്പിച്ചിരുന്നെന്നും അതുകൊണ്ടുതന്നെ അയോഗ്യത നിലനിൽക്കില്ലെന്നുമായിരുന്നു എംഎൽഎമാരുടെ വാദം.
കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത കൽപ്പിക്കപ്പെട്ടാൽ പിന്നീടു വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വിലക്കുണ്ട്.