കയറ്റം കയറുന്നതിനിടെ രക്തം ഛർദ്ദിച്ച് ഡ്രൈവർ കുഴഞ്ഞു വീണു ; പിന്നിലേക്ക് ഉരുണ്ടു നീങ്ങിയ ബസ് തക്കസമയത്ത് ബ്രേക്കിട്ട് നിർത്തി കണ്ടക്ടർ ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
സ്വന്തം ലേഖിക
തിരുവനന്തപുരം: യാത്രികരുമായി കയറ്റം കയറുന്നതിനിടെ കെ എസ് ആർ ടി സി ബസ് ഡ്രൈവർ രക്തം ഛർദ്ദിച്ച് കുഴഞ്ഞുവീണു. നിയന്ത്രണം വിട്ട് പുറകിലോട്ട് ഉരുണ്ടുനീങ്ങിയ ബസ് പുറകേ വന്ന ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിച്ചു. തക്കസമയത്ത് ബ്രേക്കിട്ട് നിർത്തിയ കണ്ടക്ടർ രക്ഷിച്ചത് നിരവധി പേരുടെ ജീവൻ.
തിരുവനന്തപുരം അമ്പൂരിക്കടുത്താണ് സംഭവം. തേക്കുപാറ-മായം റൂട്ടിൽ സർവീസ് നടത്തുന്ന വെള്ളറട ഡിപ്പോയിലെ ബസ് പുലർച്ചെ ആറുമണിയോടെ അമ്പൂരിയിൽനിന്ന് മായത്തേക്കു പോവുകയായിരുന്നു. ഇതിനിടെ ബസ് അമ്പൂരി പഞ്ചായത്ത് ഓഫീസിനു സമീപത്തെ കയറ്റം കയറുന്നതിനിടെ ഡ്രൈവർ വെള്ളറട സ്വദേശി കെ സുനിൽകുമാർ കുഴഞ്ഞുവീഴുകയായിരുന്നു. ഇതോടെ നിയന്ത്രണംവിട്ട് പുറകിലോട്ടുരുണ്ട ബസ് പുറകേ വന്ന ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികർ വശത്തേക്കു തെറിച്ചുവീണു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസ് വീണ്ടുമുരുണ്ട് സമീപത്തെ കുഴിയിലേക്ക് മറിയാൻ തുടങ്ങുന്നതിനിടെ കണ്ടക്ടർ മണ്ണാംകോണം മൊട്ടാലുമൂട് സ്വദേശി അജിത്ത് ഓടിയെത്തി.
ഡ്രൈവിംഗ് സീറ്റിൽ ചരിഞ്ഞു കിടക്കുകയായിരുന്ന ഡ്രൈവറെ മറികടന്ന് ധൈര്യം കൈവിടാതെ ബ്രേക്ക് ചവിട്ടി ബസ് നിർത്തുകയായിരുന്നു. കണ്ടക്ടറുടെ സമയോചിതമായ ഇടപെടൽമൂലം വൻദുരന്തമാണ് ഒഴിവായത്. തുടർന്ന് ആംബുലൻസ് എത്തിച്ച് ഡ്രൈവറെയും പരിക്കേറ്റ ബൈക്ക് യാത്രികരെയും ആശുപത്രികളിലെത്തിച്ചു. ഡ്രൈവർ സുനിൽ കുമാർ കാരക്കോണം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലും ബൈക്ക് യാത്രികർ പാറശ്ശാല ആശുപത്രിയിലും ചികിത്സയിലാണ്.