ശബരിമല : മണ്ഡലകാലത്ത് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ കനത്ത സുരക്ഷയുമായി പൊലീസ്
തിരുവനന്തപുരം: ശബരിമല മണ്ഡലകാലം തുടങ്ങാന്‍ ഒരാഴ്ച ശേഷിക്കെ, അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കനത്ത സുരക്ഷയുമായി പൊലീസ്. ശബരിമലയിലേക്കുള്ള പാതകള്‍ പ്രത്യേക സുരക്ഷാ മേഖലകളാക്കും.കൂടാതെ എന്തെങ്കിലും തരത്തിൽ അനിഷ്ട അസാധാരണ സാഹചര്യങ്ങള്‍ നേരിടാന്‍ പൊലീസിന് സവിശേഷ അധികാരമുണ്ടാവും. കഴിഞ്ഞ മണ്ഡല കാലത്തെ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനാണിത്.
ഇതിന് പുറമെ ഭക്തരെത്തുന്ന മണ്ഡല-മകരവിളക്കു കാലത്ത് 63 ദിവസത്തോളം കനത്ത സുരക്ഷാവലയം ഒരുക്കും.
ശബരിമലയും പരിസരവും കാനനപാതകളും പ്രത്യേക സുരക്ഷാമേഖലയാക്കി പൊലീസ് ആക്ടിലെ 83(2) വകുപ്പ് പ്രകാരം കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. രാജ്യത്തെ എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും പൊലീസ് മേധാവികള്‍ക്കും ഉത്തരവ് കൈമാറിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുരക്ഷാ ക്രമീകരണങ്ങൾ
പമ്പ മുതല്‍ സന്നിധാനം വരെയുള്ള നാലര കിലോമീറ്റര്‍ സുരക്ഷാഇടനാഴിയാക്കി ബാരിക്കേഡുകളും നിരീക്ഷണ കാമറകളും നിറയ്ക്കും.
നാല് ഘട്ടമായി 23,000 പൊലീസുകാരും കമാന്‍ഡോകളും കേന്ദ്ര-സംസ്ഥാന സായുധവിഭാഗങ്ങളെയും വിന്യസിക്കും.
ഓരോ ഘട്ടത്തിലും 200 ട്രെയിനികളും ഓഫീസര്‍മാരുമടക്കം പരമാവധി 4100 പേരെ ലഭ്യമാക്കാം.
700 അംഗങ്ങളുള്ള വനിതാബറ്റാലിയനെയും 48 പേരുള്ള വനിതാ കമാന്‍ഡോസംഘത്തെയും നിയോഗിക്കാം.
പുല്‍മേട് വഴിയുള്ള കാനനപാതയിലും പ്രത്യേക സുരക്ഷയുണ്ടാവും.
മുന്‍പ് അക്രമങ്ങളുണ്ടാക്കിയവരെ കണ്ടെത്താന്‍, മുഖം തിരിച്ചറിയാന്‍ കഴിവുള്ള ഫേസ്‌ഡിറ്റക്ഷന്‍ കാമറകളും സാമൂഹ്യമാദ്ധ്യമങ്ങളിലെ ചിത്രങ്ങളുമായി ഒത്തുനോക്കാനുള്ള സോഫ്‌റ്റ്‌വെയറും ഒരുക്കും.
കാമറ, ഡ്രോണ്‍, ഹെലികോപ്‌ടര്‍ നിരീക്ഷണം ശക്തമാക്കും.
ജാമറുകളുപയോഗിച്ച് മൊബൈല്‍, ഇന്റര്‍നെറ്റ് ബന്ധം അടിയന്തരഘട്ടങ്ങളില്‍ വിച്ഛേദിക്കാം.
പൊലീസിന് പ്രത്യേക അധികാരങ്ങള്‍
വഴികളില്‍ കൂട്ടംകൂടല്‍, വഴിതടയല്‍, പ്രതിഷേധ മാര്‍ച്ചുകള്‍ എന്നിവയ്ക്ക് നിരോധനം.
പൊതുപരിപാടികളോ യോഗങ്ങളോ ഒത്തുചേരലുകളോ സംഘടിപ്പിക്കണമെങ്കില്‍ 15 ദിവസം മുന്‍പ് ജില്ലാപൊലീസ് മേധാവിയുടെ അനുമതി നേടണം.
കൃത്യനിര്‍വഹണത്തിലുള്ള സേനാംഗങ്ങള്‍ ഒഴികെ തോക്കോ ആയുധങ്ങളോ കൈവശം വയ്ക്കുന്നതിന് നിരോധനം.
ഏതെങ്കിലും വ്യക്തിയുടെ സാന്നിദ്ധ്യം സുരക്ഷയെ ബാധിക്കുമെങ്കില്‍ വീടുകളിലോ ഓഫീസുകളിലോ തങ്ങാന്‍ അനുമതി നല്‍കില്ല.
പ്രത്യേകസുരക്ഷാമേഖലയില്‍ തടസമുണ്ടാക്കുന്ന വാഹന പാര്‍ക്കിംഗ് പാടില്ല.
ജനങ്ങളുടെ സഞ്ചാരം, വാഹനങ്ങളുടെയും കെട്ടിടങ്ങളുടെയും ഉപയോഗം എന്നിവയ്ക്ക് നിയന്ത്രണം.
സുരക്ഷാ കാരണത്താല്‍ കടകള്‍, ലോഡ്ജുകള്‍, വ്യാപാരസ്ഥാനങ്ങള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ തുടര്‍ റെയ്ഡുകളാവാം
എവിടെയും ബാരിക്കേഡുകള്‍ സ്ഥാപിക്കാം. വീഡിയോ റെക്കാഡിംഗും ആവാം.
പ്രത്യേക സുരക്ഷാമേഖല
ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, ചെറിയാനവട്ടം, വലിയാനവട്ടം, സന്നിധാനം, പാണ്ടിത്താവളം, പുല്‍മേട്, ഉപ്പുപാറ, കോഴിക്കാനം, സത്രം എന്നീ പ്രധാന പാതകള്‍ക്കിരുവശവുമുള്ള ഓരോ കിലോമീറ്റര്‍ പ്രദേശം. ഇവിടെ വാഹനങ്ങളുടെയും ആളുകളുടെയും സഞ്ചാരം, കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും ഉപയോഗം എന്നിവയ്ക്ക് നിയന്ത്രണം.