video
play-sharp-fill
ബോർഡിൽ ഫാസ്റ്റ്; ടിക്കറ്റിൽ ഓർഡിനറി: പണം തിരികെ ആവശ്യപ്പെട്ട യാത്രക്കാരനെ അസഭ്യം പറഞ്ഞ് വഴിയിലിറക്കിവിട്ട് കെ.എസ്.ആർ.ടി.സി കണ്ടക്ടർ: ടിക്കറ്റിനായി നൽകിയ നൂറ് രൂപ പോലും മടക്കി നൽകാതെ കോട്ടയത്ത് കണ്ടക്ടറുടെ ധാർഷ്യം

ബോർഡിൽ ഫാസ്റ്റ്; ടിക്കറ്റിൽ ഓർഡിനറി: പണം തിരികെ ആവശ്യപ്പെട്ട യാത്രക്കാരനെ അസഭ്യം പറഞ്ഞ് വഴിയിലിറക്കിവിട്ട് കെ.എസ്.ആർ.ടി.സി കണ്ടക്ടർ: ടിക്കറ്റിനായി നൽകിയ നൂറ് രൂപ പോലും മടക്കി നൽകാതെ കോട്ടയത്ത് കണ്ടക്ടറുടെ ധാർഷ്യം

സ്വന്തം ലേഖകൻ 
കോട്ടയം: ശമ്പളമില്ലാതെ വരുമാനമില്ലാതെ സർവീസ് നടത്താൻ മാർഗമില്ലാതെ കെ.എസ്.ആർ.ടി.സി വലയുമ്പോഴും, ജീവനക്കാരുടെ അഹങ്കാരത്തിന് മാറ്റമില്ല. ഫാസ്റ്റ് പാസഞ്ചർ എന്ന ബോർഡ് വച്ച ഓർഡിനറിയായി സർവീസ് നടത്തിയത് ചോദ്യം ചെയ്ത യാത്രക്കാരനെ അസഭ്യം പറഞ്ഞ് റോഡിൽ ഇറക്കി വിട്ടാണ് കെ.എസ്.ആർ.ടി.സി കണ്ടക്ടർ അഹങ്കാരം കാട്ടിയത്. ടിക്കറ്റിനായി നൽകിയ നൂറ് രൂപ പോലും തിരികെ നൽകാതെയാണ് യാത്രക്കാരനെ വഴിയിൽ ഇറക്കിവിട്ടത്.
സംഭവത്തിൽ യാത്രക്കാരൻ ഗതാഗതമന്ത്രിയ്ക്കും, കെ.എസ്.ആർ.ടി.സി എം.ഡിയ്ക്കും, കോട്ടയം ഡിപ്പോ അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവങ്ങൾ. കോട്ടയം സ്വദേശിയായ എ.കെ ശ്രീകുമാർ കോട്ടയം ഡിപ്പോയിൽ നിന്നും തിരുവല്ലയ്ക്കു പോകുന്നതിനായാണ് ഫാസ്റ്റ് പാസ്ഞ്ചർ ബോർഡ് വച്ച ബസിൽ കയറിയത്.
തിരുവല്ലയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നതിനു വേണ്ടി വേഗത്തിൽ എത്തേണ്ടതിനാലാണ് ഫാസ്റ്റ് പാസഞ്ചറിൽ കയറാൻ തീരുമാനിച്ചത്. ബസിൽ കയറിയിരുന്ന് , കണ്ടക്ടറെത്തി ടിക്കറ്റ് എടുത്തപ്പോഴാണ് ബസ് ഓർഡിനറിയാണ് എന്ന് മനസിലാക്കിയത്. ഫാസ്റ്റ് പാസഞ്ചറിനു 30 രൂപ നിരക്ക് ഈടാക്കുമ്പോൾ, ഓർഡിനറിയ്ക്ക് 25 രൂപ മാത്രമാണ് വാങ്ങിയത്.
ഇതോടെ ബസ് ഫാസ്റ്റ് പാസഞ്ചർ അല്ലേ എന്ന് ശ്രീകുമാർ കണ്ടക്ടറോട് അന്വേഷിച്ചു. ബസ് ഫാസ്റ്റ് പാസഞ്ചർ അല്ലെന്നും, മറ്റു ബസുകൾ ഇല്ലാത്തതിനാൽ ഫാസ്റ്റ് പാസഞ്ചറിന്റെ ബോർഡുള്ള ബസ് ഓർഡിനറിയായി സർവീസ് നടത്തുകയാണെന്നുമായിരുന്നു കണ്ടക്ടറുടെ മറുപടി. ഇതോടെ താൻ യാത്ര തുടരുന്നില്ലെന്നും ഇറങ്ങുകയാണെന്നും ശ്രീകുമാർ കണ്ടക്ടറെ അറിയിച്ചു. ഈ സയമം ബസ് കോട്ടയം ഡിപ്പോയിൽ നിന്നും പുറപ്പെട്ടിരുന്നു പോലുമില്ല.
 എന്നാൽ, ടിക്കറ്റ് അടിച്ചു പോയെന്നും പണം തിരികെ നൽകാൻ സാധിക്കില്ലെന്നും കണ്ടക്ടർ നിലപാട് എടുത്തു. ടിക്കറ്റിനായി നൽകിയ നൂറ് രൂപയുടെ ബാക്കി പോലും കണ്ടക്ടർ നൽകിയിരുന്നില്ല. ഈ സമയം ഡ്രൈവർ എത്തുകയും, ബസ് മുന്നോട്ടെടുക്കുകയും ചെയ്തു. പണം ആവശ്യപ്പെട്ട് ബസിനുള്ളിൽ തന്നെ നിന്ന ശ്രീകുമാറിനെ അസഭ്യം പറഞ്ഞ കണ്ടക്ടർ, ഇറങ്ങിപ്പോകാൻ ആക്രോശിച്ചു. തുടർന്ന് ബസിനുള്ളിൽ നിന്നും ഇറങ്ങി കോട്ടയം ഡിപ്പോയിൽ എത്തി ശ്രീകുമാർ പരാതിപ്പെട്ടു.
കോട്ടയം – പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന റാന്നി ഡിപ്പോയുടെ ആർ.പി.സി 846 ബസിലെ കണ്ടക്ടറായ ടി.വി ബിജുവാണ് യാത്രക്കാരനോട് മോശമായി പെരുമാറിയത്. സംഭവത്തിൽ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനും, കെ.എസ്.ആർ.ടി.സി എം.ഡിയ്ക്കും കോട്ടയം യൂണിറ്റ് അധികൃതർക്കും ശ്രീകുമാർ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.