എം.സി റോഡിൽ വീണ്ടും കാൽനടയാത്രക്കാരനെ ബൈക്ക് ഇടിച്ചു: നാട്ടകം മുളങ്കുഴയിൽ ബൈക്ക് ഇടിച്ചത് വയോധികനെ; പരിക്കേറ്റയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: എം.സി റോഡിൽ നാലുവരിപ്പാതയിലും തുടർ പ്രദേശങ്ങളിലും കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവവമാകുന്നു. നിരന്തരം ഉണ്ടാകുന്ന അപകടങ്ങളിൽ അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്ന കാൽനടയാത്രക്കാരും, അമിത വേഗത്തിൽ വരുന്ന വാഹനങ്ങളും ഒരു പോലെ പങ്കാളികളാണ്.
വ്യാഴാഴ്ച രാവിലെ പത്തരയോടെ എം.സി റോഡിൽ മുളങ്കുഴ ജംഗ്ഷനു സമീപമുണ്ടായ അപകടത്തിൽ വയോധികനാണ് പരിക്കേറ്റത്. റോഡ് മുറിച്ചു കടക്കുകയായിരുന്ന നാട്ടകം മുളങ്കുഴ അനുഗ്രഹയിൽ അയ്യപ്പൻനായർ (88)ക്കാണ് പരിക്കേറ്റത്. ചിങ്ങവനം ഭാഗത്തു നിന്നും എത്തിയ ബൈക്ക് അയ്യപ്പൻനായരെ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ച് വീണ അയ്യപ്പൻനായരെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എം.സി റോഡിൽ കോടിമതയ്ക്കും ചിങ്ങവനത്തിനും ഇടയിൽ കാൽ നടയാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. ഈ സാഹചര്യത്തിൽ പൊലീസ് അതീവ ജാഗ്രത പുലർത്തേണ്ടത് ആവശ്യമാണ് എന്ന് നാട്ടുകാർ പറയുന്നു. റോഡ് മുറിച്ചു കടക്കുമ്പോൾ കാൽനടയാത്രക്കാരും, ആളുകളും റോഡ് മുറിച്ച് കടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വാഹനം ഓടിക്കുന്ന ഡ്രൈവർമാരും അതീവ ജാഗ്രത പുലർത്തണമെന്നു പൊലീസും നിർദേശിക്കുന്നു.
Third Eye News Live
0