മഠത്തിൽ നിന്ന് പുറത്താക്കിയത് റദ്ദാക്കണം ; വത്തിക്കാന് കത്ത് അയച്ച് സിസ്റ്റർ ലൂസി കളപ്പുര
സ്വന്തം ലേഖിക
വയനാട്: മഠത്തിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുര വത്തിക്കാനിലേക്ക് വീണ്ടും അപ്പീലയച്ചു. പഴഞ്ചൻ വ്യവസ്ഥകളും കടുംപിടുത്തങ്ങളും ഒഴിവാക്കി സഭ കാലത്തിനനുസരിച്ച് മാറേണ്ട സമയം അതിക്രമിച്ചുവെന്നും, ഭൂമി കുംഭകോണങ്ങളിലും ബലാൽസംഗകേസുകളിലും സഭാ അധികൃതർ പ്രതികളാകുന്നത് കേരളത്തിൽ സഭയുടെ പ്രതിച്ഛായക്ക് കനത്ത ആഘാതമേൽപിക്കുന്നെന്നും അപ്പീലിൽ പറയുന്നു.
സഭാചട്ടങ്ങൾക്ക് വിരുദ്ധമായി ജീവിച്ചെന്ന് ചൂണ്ടികാട്ടി ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ മഠത്തിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള സഭാ നടപടി റദ്ദാക്കണമെന്ന ആവശ്യമനുസരിച്ച് സിസ്റ്റർ ലൂസി കളപ്പുര നേരത്തെ നൽകിയ അപ്പീൽ വത്തിക്കാനിലെ പൗരസ്ത്യ തിരു സംഘം തള്ളിയിരുന്നു. ഇതിനെതിരെയാണ് ഉന്നത സഭാ അധികാരികൾക്ക് സിസ്റ്റർ വീണ്ടും അപ്പീൽ അയച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തനിക്കെതിരായി എഫ്‌സിസി അധികൃതർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകുന്നതിനൊപ്പം കേരളത്തിൽ കത്തോലിക്ക സഭയ്ക്ക് നേരെ ഉയർന്ന ആരോപണങ്ങളും സഭാ അധികൃതർ ഉൾപ്പെട്ടിട്ടുള്ള കേസുകളും അക്കമിട്ടു നിരത്തിയാണ് സിസ്റ്ററുടെ അപ്പീൽ.
സഭാ ചട്ടങ്ങൾക്കുവിരുദ്ധമായി ജീവിക്കാത്ത തനിക്കെതിരെ എഫ്‌സിസി അധികൃതർ സ്വീകരിച്ച പുറത്താക്കൽ നടപടി റദ്ദാക്കണമെന്നാണ് അപ്പീലിലെ പ്രധാന ആവശ്യം. ഇതുവരെ തന്റെ ഭാഗം പറയാൻ അവസരം ലഭിച്ചിട്ടില്ല,തനിക്ക് പറയാനുള്ളത് സഭ കേൾക്കണം,കാർ വാങ്ങിയതും ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയതും കവിതയെഴുതിയതും തെറ്റായി കരുതാൻ എന്റെ വിശ്വാസം അനുവധിക്കുന്നില്ല.
കേരളത്തിൽ കത്തോലിക്കാ സഭ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ബലാൽസംഗ കേസുകളിലും ഭൂമി കുംഭകോണ കേസുകളിലും ഉന്നത സഭാ അധികൃതർ ഉൾപ്പെടുന്നത് വിശ്വാസികളെ സഭയിൽ നിന്നും അകറ്റാൻ കാരണമാകുന്നു. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയക്കൽ പീഡനത്തിനിരയാക്കിയ കന്യാസ്ത്രീക്ക് നീതി ലഭിക്കാൻ ഇനിയും വൈകുന്നത് അനീതിയാണെന്നും അപ്പീലിലുണ്ട്.
തനിക്ക് ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ ഭാഗമായി തന്നെ തുടരാനാണ് താൽപര്യമെന്നും ഒരുതരത്തിലും സഭ അത് അനുവദിക്കുന്നില്ലെങ്കിൽ തനിക്ക് കന്യാസ്ത്രീയായി തന്നെ തുടരാൻ മഠത്തിന് പുറത്ത് മറ്റൊരു വീടും അനുബന്ധ സൗകര്യങ്ങളും ഒരുക്കി നൽകണമെന്നും അല്ലെങ്കിൽ താൻ ഇതുവരെ സഭയ്ക്ക് നൽകിയ തന്റെ വരുമാനമടക്കം തനിക്ക് തിരിച്ചുനൽകണമെന്നും ആവശ്യപ്പെട്ടാണ് അപ്പീൽ അവസാനിക്കുന്നത്.