പത്തുവർഷത്തിനിടെ മലയാളി കുടിച്ചത് 1 ലക്ഷം കോടിയുടെ മദ്യം ; ഉമ്മൻചാണ്ടി ഇറങ്ങുമ്പോൾ 29 ബാറുകളായിരുന്നത് പിണറായി 536 ആക്കി മാറ്റി ; മലയാളികളെ സർക്കാർ കുടിപ്പിച്ച് കൊല്ലുന്നു
സ്വന്തം ലേഖിക
തിരുവനന്തപുരം; പുതിയ ബാർ ലൈസൻസുകൾ അനുവദിച്ചതിലൂടെ എൽഡിഎഫ് സർക്കാരിനു ലഭിച്ചത് 44.19 കോടി രൂപ. ഉമ്മൻ ചാണ്ടി സർക്കാർ ഇറങ്ങുമ്പോൾ കേരളത്തിൽ ആകെ ബാറുകൾ 29 ആയിരുന്നു. ഈ സർക്കാർ വന്നതിനു ശേഷം 536 ബാറുകളാക്കി മാറ്റി. ഇതിൽ 158 എണ്ണത്തിന് പുതിയതായി ലൈസൻസ് അനുവദിച്ചതാണ്.
378 എണ്ണം, ബീയർ പാർലറുകളായി പ്രവർത്തിച്ചവയ്ക്ക് പിന്നീട് ത്രീ സ്റ്റാർ പദവി ലഭിച്ച ശേഷം ബാർ ലൈസൻസ് അനുവദിക്കപ്പെട്ടതാണ്. ബാറുകൾ, ബവ്റിജസ് ഔട്ട്‌ലെറ്റുകൾ എന്നിവയിലൂടെ 2009 മുതൽ 2019 വരെ വിറ്റത് 99,473 കോടി രൂപയുടെ മദ്യം. കള്ളുഷാപ്പുകൾ മുഖേനയുള്ള വിൽപനയുടെ കണക്ക് ഇതിനു പുറമേയാണ്.ലൈസൻസ് ഇല്ലാതെ ഒരു മദ്യഷാപ്പുകളും കേരളത്തിൽ പ്രവർത്തിക്കുന്നില്ലെന്ന് എക്സൈസ് മന്ത്രി റ്റി. പി.രാമകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിൽ 277 ബെവ്‌കോ ഔട്ലെറ്റുകൾ പ്രവർത്തിക്കുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം 383 ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകി. 158 പുതിയ ബാർ ലൈസൻസും നൽകി. ഇതിന് പുറമെ 31 ബിയർ പാർലറുകളും അനുവദിച്ചു. യു.ഡി.എഫിന്റെ മദ്യനയമല്ല ഈ സർക്കാരിന്റേത്.
മദ്യ, ലഹരി ഉപയോഗം പടിപടിയായി കുറച്ചു കൊണ്ടുവന്ന് പൂർണമായും വർജ്ജിക്കുന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട എൻ.ഡി.പി.എസ് നിയമപ്രകാരം സർക്കാർ 21,363 കേസുകളും കോട്പ പ്രകാരം 2,42,611 കേസുകളും രെജിസ്റ്റർ ചെയ്തു.
ജൂലൈ 2016 മുതൽ 2019 സെപ്റ്റംബർ 2019 വരെ 689.56 ലക്ഷം കെയ്സ് വിദേശ മദ്യവും 401.77 ലക്ഷം കെയ്സ് ബിയറും വിറ്റു. മുൻകാലങ്ങളെ അപേക്ഷിച്ച് വിദേശ മദ്യവിൽപ്പനയിൽ 26 ലക്ഷം കെയ്സിന്റെ കുറവുണ്ട്. സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം വർധിച്ചിട്ടില്ല.
എന്നാൽ എൻഫോഴ്സ്മെന്റ് ശക്തമായ ഇടപെടൽ നടത്തുന്നുണ്ട്.
വി.ടി.ബൽറാം, അനിൽ അക്കര, കെ.സി.ജോസഫ്, ഐ. സി. ബാലകൃഷ്ണൻ തുടങ്ങിയവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.
മദ്യ മുതലാളിമാർക്ക് വേണ്ടി നയം മാറ്റിയ സർക്കാർ ജനങ്ങളെ വഞ്ചിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു. 2017 ജൂലൈ ഒന്നിനാണ് പുതിയ നയം പ്രാബല്യത്തിൽവന്നത്. അതു വരെ ഫൈവ്സ്റ്റാർ ഹോട്ടലുകൾക്കുമാത്രമാണ് ബാർ ലൈസൻസ് ഉണ്ടായിരുന്നത്. 2017 ജൂലൈ മുതൽ ത്രീസ്റ്റാറിനും അതിനുമുകളിലും സ്റ്റാർ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് (എഫ്.എൽ- 3) നൽകി മദ്യം സുലഭമാക്കി. എഫ്.എൽ- 3, എഫ്.എൽ- 11 ലൈസൻസുള്ള റസ്റ്റോറന്റുകളിൽ മദ്യം വിളമ്പാനും അനുമതി നൽകി.
വിദേശമദ്യ ചട്ടമനുസരിച്ച് നൽകുന്ന ബിയർ, വൈൻ പാർലറുകൾ ഉൾപ്പെടെയുള്ള മറ്റു ലൈസൻസുകൾ അനുവദിച്ചു. ത്രീ സ്റ്റാറിനും അതിനു മുകളിലും സ്റ്റാർ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകൾക്കു ശുദ്ധമായ കള്ള് വിതരണം ചെയ്യാനും അനുവാദം നൽകി.
ബാറുകൾ നിശ്ചിത ഫീസ് അടച്ചാൽ ഇഷ്ടമുള്ളിടത്ത് മദ്യ കൗണ്ടറുകൾ തുറക്കാനും അനുമതി നൽകി. വിമാനത്താവളങ്ങളിൽ അന്താരാഷ്ട്ര ലോഞ്ചുകൾക്കൊപ്പം ആഭ്യന്തര ലോഞ്ചുകളിലും വിദേശമദ്യം ലഭ്യമാക്കി. ബാറുകളുടെ പ്രവർത്തനസമയം രാവിലെ 9.30 മുതൽ രാത്രി 10 വരെ എന്നുള്ളത് രാവിലെ 11 മണി മുതൽ രാത്രി 11 മണി വരെയാക്കി.
ടൂറിസം മേഖലയിൽ സമയം രാവിലെ 10 മുതൽ രാത്രി 11 മണി വരെയാക്കി. മദ്യം ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി നിലവിലുള്ള 21 വയസിൽ നിന്ന് 23 വയസായി ഉയർത്തിയെന്നാണ് ഇതിനു മറുവാദമായി സർക്കാർ പറഞ്ഞത്.
മദ്യം സുലഭമാക്കിയ ശേഷം പ്രായം ഉയർത്തിയതുകൊണ്ടു കാര്യമില്ലല്ലോ. കള്ളുഷാപ്പുകൾ വിൽപന നടത്തുമ്പോൾ തൊഴിലാളികളുടെ സഹകരണ സംഘങ്ങൾക്കു മുൻഗണന നൽകുമെന്നുമായിരുന്നു സർക്കാർ അറിയിപ്പ്. സിപിഎം നിയന്ത്രണത്തിലാണ് സഹകരണ സംഘങ്ങൾ എന്നതാണ് ഇതിനുകാരണം.
സുപ്രീംകോടതി ഉത്തരവനുസരിച്ച് ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ 500 മീറ്ററിനുള്ളിൽ പ്രവർത്തിച്ചിരുന്ന എല്ലാ മദ്യവിൽപന ശാലകളും യു.ഡി.എഫ് സർക്കാർ അടച്ചുപൂട്ടിയിരുന്നു. എന്നാൽ റോഡിന്റെ പേര് മാറ്റി ഇവയ്ക്ക് അതേ താലൂക്കിൽ ദേശീയ, സംസ്ഥാന പാതയോരത്തുനിന്ന് 500 മീറ്റർ മാറി പ്രവർത്തിക്കാൻ ഇടത് സർക്കാർ അനുമതി നൽകുകയും ചെയ്തു. വിവിധ ഘട്ടങ്ങളിലായി യു.ഡി.എഫ് സർക്കാർ അടച്ചുപൂട്ടിയ മിക്ക ബാറുകളും മദ്യവിൽപ്പനശാലകളും തുറക്കാൻ അവസരം ഒരുക്കുകയായിരുന്നു പിണറായി സർക്കാർ.
2014 മാർച്ച് 31നാണ് യു.ഡി.എഫ് സർക്കാർ മദ്യനയം അനുസരിച്ച് നിലവാരമില്ലാത്ത 418 ബാറുകൾ അടച്ചുപൂട്ടിയത്. 2014 ഒക്ടോബർ 30ന് ടൂ സ്റ്റാർ, ത്രീ സ്റ്റാർ പദവിയുള്ള 250 ബാറുകൾകൂടി പൂട്ടി. ഇതോടെ സംസ്ഥാനത്തെ ആകെ ബാറുകളുടെ എണ്ണം 62 ആയി ചുരുങ്ങിയിരുന്നു. എന്നാൽ പിറ്റേദിവസം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി പ്രകാരം അടച്ചുപൂട്ടിയ ത്രീസ്റ്റാർ, ടൂസ്റ്റാർ ബാറുകൾ തുറന്നു. കോടതി അനുമതിയോടെ മറ്റ് 12 ബാറുകളും തുറന്നു. എന്നാൽ യു.ഡി.എഫ് സർക്കാർ ലൈസൻസ് പുതുക്കി നൽകാതിരുന്നതോടെ 2015 മാർച്ച് 31ന് ഈ ബാറുകൾ വീണ്ടും അടച്ചുപൂട്ടി. പിന്നീട് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ദേശീയ, സംസ്ഥാന പാതകൾക്കരികിൽ പ്രവർത്തിച്ചിരുന്ന 1956 മദ്യശാലകൾ എക്‌സൈസ് അടച്ചുപൂട്ടി മുദ്രവച്ചു.
137 ബിവറേജസ് ഔട്‌ലെറ്റുകൾ, എട്ട് ബാർ ഹോട്ടലുകൾ, 18 ക്ലബ്ബുകൾ, 532 ബിയർ-വൈൻ പാർലറുകൾ, 1902 കള്ളുഷാപ്പുകൾ എന്നിവയാണ് കോടതി വിധിയിലൂടെ അടച്ചുപൂട്ടിയത്. അതേ സമയം ഇടത് സർക്കാറിന്റെ പുതിയ മദ്യനയത്തോടെ ഈ ബാറുകൾക്കെല്ലാം വീണ്ടും തുറന്നു പ്രവർത്തിക്കാൻ അവസരം ഒരുക്കുകയായിരുന്നു.
മദ്യവർജന നയമാണ് തങ്ങളുടേതെന്ന് ഉദ്‌ഘോഷിച്ച ഇടത് സർക്കാർ അക്ഷരാർത്ഥത്തിൽ മദ്യമൊഴുക്കുകയായിരുന്നു. ആവുന്നത്ര മദ്യം വിറ്റുപോകണമെന്നത് മാത്രമാണ് സർക്കാർ നയത്തിന്റെ ലക്ഷ്യം. ജനവികാരം സർക്കാർ തെല്ലും മാനിച്ചില്ല. രാത്രി നേരത്തെ അടച്ചിരുന്ന മദ്യശാലകൾ അർധരാത്രിയും തുറന്നിരിക്കുന്നു. ടൂറിസം മേഖലയെ ബാധിക്കുമെന്ന് പറഞ്ഞാണ് മദ്യമൊഴുക്കുന്നത്.