പോസ്റ്റുമോർട്ടം നിയമപ്രകാരമല്ല നടക്കുന്നത് ; റീ പോസ്റ്റുമോർട്ടം വേണമെന്ന് ബന്ധുക്കൾ ; ശ്രീമതിയുടെ ശരീരത്തിൽ നിന്ന് അഞ്ച് വെടിയുണ്ടകൾ കണ്ടെത്തി
സ്വന്തം ലേഖിക
പാലക്കാട്: അട്ടപ്പാടി മേലെ മഞ്ചിക്കണ്ടി വനത്തിൽ തണ്ടർബോൾട്ട് സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ടു മാവോയിസ്റ്റുകളുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. തമിഴ്‌നാട് സ്വദേശി കാർത്തി, ചിക്മഗളൂരു സ്വദേശി ശ്രീമതി എന്നിവരുടെ മൃതദേഹങ്ങളാണ് പോസ്റ്റുമോർട്ടം നടത്തിയത്. ശ്രീമതിയുടെ ശരീരത്തിൽനിന്ന് അഞ്ചു വെടിയുണ്ടകളാണ് കണ്ടെത്തിയത്.
പോസ്റ്റുമോർട്ടം നടപടികൾ നിയമപ്രകാരമല്ല നടക്കുന്നതെന്ന് കാർത്തിയുടെ ബന്ധുക്കൾ ആരോപിച്ചു. റീ പോസ്റ്റുമോർട്ടം ആവശ്യപ്പെട്ട് ഇവർ പാലക്കാട് കലക്ടർക്ക് അപേക്ഷ നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോസ്റ്റുമോർട്ടത്തിനു മുൻപ് മൃതദേഹം കാണാനോ തിരിച്ചറിയാനോ സമ്മതിച്ചില്ലെന്ന് കാർത്തിയുടെയും മണിവാസകന്റെയും ബന്ധുക്കൾ ആരോപിക്കുന്നു.
പ്രമുഖ മാവോവാദി നേതാവ് കർണാടക സ്വദേശി മണിവാസകൻ, ചിക്മഗളൂരു സ്വദേശിക സുരേഷ് എന്നിവരുടെ മൃതദേഹമാണ് ഇനി പോസ്റ്റുമോർട്ടം ചെയ്യാനുള്ളത്. തൃശൂർ മെഡിക്കൽ കോളജിലാണ് പോസ്റ്റുമോർട്ടം. ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് മോർച്ചറിക്കും പരിസരത്തും ഒരുക്കിയിരിക്കുന്നത്. ബോംബ് സ്‌ക്വാഡ് ഉൾപ്പെടെ പരിശോധന നടത്തുന്നുണ്ട്.
കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി ഇന്നലെ രാത്രിയാണ് ആശുപത്രിയിലെത്തിച്ചത്. അതേസമയം, മഞ്ചിക്കണ്ടി വനത്തിൽ രക്ഷപ്പെട്ട മാവോവാദികൾക്കായി തണ്ടർബോൾട്ട് തിരച്ചിൽ തുടരുകയാണ്.