play-sharp-fill
ടയർ വിവാദം ; കാള പെറ്റെന്ന് ഘോഷിക്കുന്നവർ കൈയിലെ കയറുമായി ഇങ്ങോട്ട് വരണ്ട, വിവാദങ്ങൾക്ക് മറുപടിയുമായി എം. എം മണിയുടെ ഫെസ്ബുക്ക് പോസ്റ്റ്

ടയർ വിവാദം ; കാള പെറ്റെന്ന് ഘോഷിക്കുന്നവർ കൈയിലെ കയറുമായി ഇങ്ങോട്ട് വരണ്ട, വിവാദങ്ങൾക്ക് മറുപടിയുമായി എം. എം മണിയുടെ ഫെസ്ബുക്ക് പോസ്റ്റ്

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തിന്റെ ടയർ മാറ്റിയതുമായി ബന്ധപ്പെട്ട് വിവരാവകാശ രേഖകൾ പുറത്തുവന്നതോടെ നിരവധി വിവാദങ്ങളാണ് വൈദ്യുത മന്ത്രിയ്‌ക്കെതിരെ ഉയർന്നുവന്നിരിക്കുന്നത്. ഇതോടൊപ്പം ട്രോളന്മാരും അവരുടെ പതിവ് പണി തുടങ്ങിയിട്ടുണ്ട്. ടയർ വിവാദത്തെ തുടർന്ന് ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി വൈദ്യുത മന്ത്രി എം.എം. മണി രംഗത്ത് വന്നിരിക്കുകയാണ്. വിവരാവകാശ കണക്കിൽ ടയറിന്റെ എണ്ണം മാത്രമാണ് പറയുന്നത്. എത്ര ദൂരം വണ്ടി ഓടിയെന്ന് പറയുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.


കഴിഞ്ഞ രണ്ടു വർഷത്തിനിടെ പത്തുതവണയായി 34 ടയറാണ് മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ മാറ്റിയതെന്ന രേഖ പുറത്തുവന്നതോടെയാണ് വൈദ്യുതമന്ത്രിക്കെതിരേ വിമർശനം ഉയർന്നത്. കാള പെറ്റെന്ന് ഘോഷിക്കുന്നവർ, കൈയിലെ കയറുമായി ഇങ്ങോട്ടു വരണ്ടെന്ന് പറഞ്ഞാണ് മണിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെയ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

തെറ്റിധരിപ്പിക്കുന്നവർക്ക് വേണ്ടിയല്ല…. തെറ്റിധരിച്ചവർക്ക് വേണ്ടി മാത്രം

വിവരാവകാശത്തിൽ കിട്ടിയ ഒരു ടയർ കണക്ക് വൈറലായി ഓടുന്നുണ്ടല്ലോ… ട്രോളൻമാർ ട്രോളട്ടെ … തമാശയല്ലേ ആസ്വദിക്കാം എന്നാണ് ആദ്യം എടുത്തത്.
എന്നാൽ അത് നിർദോഷമായ ഒരു തമാശ എന്ന നിലയിൽ നിന്നും അപവാദ പ്രചരണത്തിനുള്ള ഉപാധിയായി മാറുമ്പോൾ വസ്തുതയും തെറ്റിധരിപ്പിക്കപ്പെട്ടവർ അറിയണമല്ലോ എന്ന് തോന്നി.
എനിക്ക് അനുവദിച്ച ക്രിസ്റ്റ കാറിന്റെ ( (KL-01-CB – 8340 ) ടയർ 34 എണ്ണം മാറി (10 തവണ ) എന്നതു മാത്രമാണ് വിവരാവകാശ കണക്കായി പുറത്ത് വന്നത്.
ഈ കാർ ആ പറയുന്ന കാലഘട്ടത്തിൽ ആകെ എത്ര ദൂരം ഓടി , എവിടെ ഓടി എന്ന കണക്ക് കൂടി പറയേണ്ടതുണ്ട് എന്ന് തോന്നി.

സാധാരണ റോഡുകളിൽ ഓടുമ്പോൾ സുരക്ഷിതമായി ഓടുന്നതിന് ക്രിസ്റ്റ കാറിന്റെ ടയറുകൾക്ക് കിട്ടുന്ന മൈലേജ് ശരാശരി 20,000 കി. മി. മാത്രമാണ്.

ഈ കാർ ഈ കാലയളവിൽ ആകെ ഓടിയത് 1,24,075 കി.മീ. യാണ് . ഇതിൽ ഭൂരിഭാഗവും ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടുംവളവുകളും പുളവുകളും നിറഞ്ഞ റോഡുകളിലാണ്. മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ സമയത്ത് ഓടിയെത്താൻ അത്യാവശ്യം വേഗത്തിൽ തന്നെയാണ് വണ്ടി പോയിട്ടുള്ളത്. ഇതിന്റെയൊക്കെ ഫലമായി ടയറിന്റെ ആയുസ് കുറയും. എന്നിട്ടും 14597 കിലോമീറ്റർ മൈലേജ് ടയറുകൾക്ക് കിട്ടിയിട്ടുണ്ട്.

കണക്ക് ചിത്രത്തിലുണ്ട്.

മന്ത്രിയുടെ വണ്ടിയുടെ ടയർ മാറുന്നത് മന്ത്രിയോ മന്ത്രിയുടെ ഓഫിസിൽ നിന്നോ അല്ല. പകരം ടൂറിസം വകുപ്പിലെ ചുമതലയുള്ള സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരാണ്. ടയർ പരിശോധിച്ച് മാറേണ്ടതുണ്ട് എന്ന് കൃത്യമായി ബോധ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണിത് . അല്ലാതെ യാത്രയ്ക്കിടെ അത്യാവശം വന്ന് 34 ടയറുകൾ മാറിയിട്ടുണ്ട് എന്ന് കണക്കെഴുതി മന്ത്രി പണം പറ്റുകയല്ല. ടയർ വാങ്ങി വിറ്റു പണമുണ്ടാക്കി എന്നൊക്കെ തെറ്റിധരിച്ചു പോയവരുണ്ടെങ്കിൽ അവർ കാര്യം മനസ്സിലാക്കും എന്ന് കരുതുന്നു.

കാള പെറ്റു എന്ന് ഘോഷിക്കുന്നവർ, കയ്യിലെ കയറുമായി ഇങ്ങോട്ടു വരണ്ട