
മാവോയിസ്റ്റുകൾ തിരിച്ചടിക്ക് തയ്യാറെടുക്കുന്നു ; പോലീസിനും വനംവകുപ്പിനും ജാഗ്രതാ നിർദ്ദേശം
സ്വന്തം ലേഖിക
കൽപ്പറ്റ : കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഏറ്റുമുട്ടലുകളിലായി ഏഴു മാവോയിസ്റ്റുകളെ കേരളാ പോലീസ് വധിച്ചതിനെത്തുടർന്ന് മാവോയിസ്റ്റുകൾ തിരിച്ചടിക്കൊരുങ്ങുന്നതായി സൂചന. ഇതേത്തുടർന്ന് പോലീസിനും വനംവകുപ്പിനും ആഭ്യന്തരവകുപ്പിന്റെ ജാഗ്രതാനിർദേശം. വനമേഖല കൂടുതലുള്ളതും മാവോയിസ്റ്റുകൾക്കു സ്വാധീനമുള്ളതുമായ വയനാട്ടിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് അതീവ ജാഗ്രതാനിർദേശമുണ്ട്.
വനമേഖലയിലും വനാതിർത്തികളിലുള്ള പോലീസ്, വനംവകുപ്പ് ഓഫീസുകളിലും സായുധജാഗ്രത പുലർത്തണമെന്നു വയനാട് ജില്ലാ പോലീസ് മേധാവി നിർദേശിച്ചു. ഉദ്യോഗസ്ഥർ രാത്രി ഒറ്റയ്ക്കു സഞ്ചരിക്കരുത്. മാവോയിസ്റ്റ് ആക്രമണസാധ്യതയുള്ള തിരുനെല്ലി, തലപ്പുഴ, പുൽപ്പള്ളി, വെള്ളമുണ്ട, മേപ്പാടി പോലീസ് സ്‌റ്റേഷനുകളിൽ കൂടുതൽ തണ്ടർബോൾട്ട് കമാൻഡോകളെ നിയോഗിച്ചു. കുപ്പു ദേവരാജൻ, അജിത, സി.പി. ജലീൽ എന്നിവരാണ് ഇതിനു മുമ്ബ് പോലീസിന്റെ വെടിയേറ്റു മരിച്ച മാവോയിസ്റ്റുകൾ. മുതിർന്നനേതാക്കളായ കുപ്പുദേവരാജനും അജിതയും നിലമ്പൂർ കരുളായി വനത്തിൽ വധിക്കപ്പെട്ടതു സി.പി.ഐ. (മാവോയിസ്റ്റ്) പാർട്ടിയെ ഞെട്ടിച്ചിരുന്നു.
എന്നാൽ നാണയത്തിൽ തിരിച്ചടിക്കണമെന്നു പാർട്ടിയിലെ വലിയൊരു വിഭാഗം നിലപാടെടുത്തെങ്കിലും കേന്ദ്രനേതൃത്വം അനുമതി നൽകിയില്ല. എന്നാൽ, തുടർന്ന് രണ്ട് ഏറ്റുമുട്ടലുകളിലായി നാലു പ്രവർത്തകർകൂടി മരിച്ചതോടെ തിരിച്ചടിക്കു നേതൃത്വത്തിനുമേൽ സമ്മർദമേറിയെന്നാണു രഹസ്യാന്വേഷണവൃത്തങ്ങൾ നൽകുന്ന സൂചന. മാവോയിസ്റ്റ് ഗറില്ലാ ഗ്രൂപ്പുകൾ സജീവമായി പ്രവർത്തിക്കുന്നതു മലബാറിലെ വനമേഖലകളിലാണ്.