play-sharp-fill
റെയിൽവേയുടെ 365 കോടി ലാഭിക്കാൻ സർക്കാർ: മുഖ്യമന്ത്രി മിന്നൽ പിണറായി: ഒച്ചിഴയും വേഗത്തിൽ നീങ്ങിയ പാതഇരട്ടിപ്പിക്കലിന് എക്‌സ്പ്രസ് ട്രെയിനിന്റെ വേഗം; അഭിനന്ദനവുമായി റെയിൽവേ

റെയിൽവേയുടെ 365 കോടി ലാഭിക്കാൻ സർക്കാർ: മുഖ്യമന്ത്രി മിന്നൽ പിണറായി: ഒച്ചിഴയും വേഗത്തിൽ നീങ്ങിയ പാതഇരട്ടിപ്പിക്കലിന് എക്‌സ്പ്രസ് ട്രെയിനിന്റെ വേഗം; അഭിനന്ദനവുമായി റെയിൽവേ

സ്വന്തം ലേഖകൻ
കോട്ടയം:  ട്രെയിനുകൾ വൈകുന്നതു മൂലവും, യാത്രക്കാർക്കുണ്ടാകുന്ന സമയ നഷ്ടം മൂലവും പ്രതിവർഷം 365 കോടി രൂപയാണ് കേന്ദ്ര സർക്കാരിനും റെയിൽവേയ്ക്കും നഷ്ടമുണ്ടാകുന്നത്.
എന്നാൽ, ഈ നഷ്ടത്തിനു പൂട്ടിടാൻ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ കർശന നിലപാടിനൊടുവിൽ, സംസ്ഥാന സർക്കാരിന്റെ മിന്നൽ ഇടപെടലിലൂടെ കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ – ചിങ്ങവനം പാതഇരട്ടിപ്പിക്കലിന്റെ സ്ഥലം ഏറ്റെടുപ്പ് അതിവേഗത്തിൽ പൂർത്തിയാകുന്നു.
ഒരു വർഷത്തിനിടെ ചിങ്ങവനം – ഏറ്റുമാനൂർ പാത ഇരട്ടിപ്പക്കിലിനായി  211 പേരുടെ 4.2648 ഹെക്ടർ സ്ഥലമാണ് ഏറ്റെടുത്ത റവന്യു വിഭാഗം റെയിൽവേയ്ക്കു കൈമാറിയിരിക്കുന്നത്.
അതിവേഗത്തിൽ ബഹുദൂരം പോയ റെയിൽവേ സ്ഥലം ഏറ്റെടുപ്പിനെ അഭിനന്ദിച്ച് റയിൽവേ ചീഫ് എൻജിനീയർ ഷാജി സഖറിയ കത്തയക്കുക കൂടി ചെയ്തതോടെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ മിന്നൽ നീക്കങ്ങളാണ് ഫലം കണ്ടത്.
ഇനി ആറു കുടുംബങ്ങളും ആറ് സെന്റിൽ താഴെയുള്ള സ്ഥലം കൂടി ഏറ്റെടുത്താൽ, റെയിൽവേയ്ക്കു ഏറ്റുമാനൂരിനും ചിങ്ങവനത്തിനും ഇടയിലുള്ള പാതഇരട്ടിപ്പിക്കൽ പദ്ധതി അതിവേഗം പൂർത്തിയാക്കാൻ സാധിക്കും.
പത്തു വർഷത്തിലേറെയായി എറണാകുളം കായംകുളം പാതയിലെ പാത ഇരട്ടിപ്പിക്കൽ ജോലികൾ ഇഴഞ്ഞു നീങ്ങുകയാണ്. ഈ പാതഇരട്ടിപ്പിക്കൽ ജോലികൾ വൈകുന്നതു മൂലം സംസ്ഥാന സർക്കാരിന്റെ നിർമ്മാണ പ്രവർത്തനങ്ങളും ഏറെ വൈകിയിരുന്നു.
ഇതോടെയാണ് റെയിൽവേ ഈ പദ്ധതി ഉപേക്ഷിക്കുന്നതിനു പോലും ആലോചിച്ചത്. ഇതിനായി പല തവണ സംസ്ഥാന സർക്കാരുകൾക്കും ജില്ലാ ഭരണകൂടത്തിനും റെയിൽവേ കത്ത് അയക്കുക പോലും ചെയ്തു.
ഇതിനിടെ കഴിഞ്ഞ വർഷം നവംബറിലാണ് സ്ഥലം ഏറ്റെടുക്കുന്നതിനായി ലാൻഡ് അക്യുസിഷനായി റെയിൽവേയുടെ പ്രത്യേക തഹസീൽദാരെ റെയിൽവേ ചുമതലപ്പെടുത്തിയത്. ജില്ലയിൽ ആകെ ഏറ്റെടുക്കാനുണ്ടായിരുന്നത് 4.2648 ഹെക്ടർ സ്ഥലമായിരുന്നു.
സ്ഥലം ഏറ്റെടുപ്പ് ജോലികൾ എങ്ങും എത്താതെ വന്നതോടെയാണ്, മുഖ്യമന്ത്രി പിണറായി വിജയൻ പ്രശ്‌നത്തിൽ സജീവമായി ഇടപെട്ടത്. തുടർന്ന് ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവിന്റെ നേതൃത്വത്തിൽ സ്ഥലം ഏറ്റെടുക്കുന്ന ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി വിളിച്ചു ചേർത്തു.
പിന്നീട്, എല്ലാ ദിവസവും കൃത്യമായി കാര്യങ്ങൾ വിലയിരുത്തി. കഴിഞ്ഞ വർഷം നവംബറിൽ ആരംഭിച്ച ജോലികൾ ഈ മാസം 24 ന് പൂർത്തിയാക്കി. ഇതോടെയാണ് ജില്ലാ ഭരണകൂടത്തെയും സ്ഥലം ഏറ്റെടുക്കലിനു നേതൃത്വം നൽകിയ റവന്യു വിഭാഗം അധികൃതരെയും അഭിനന്ദിച്ച് റെയിൽവേ കത്ത് നൽകിയത്.
സ്ഥലം ഏറ്റെടുപ്പിന്റെ പ്രാഥമിക നടപടികളെല്ലാം കഴിഞ്ഞ മാസം 30 ന് പൂർത്തിയാക്കിയ തഹസീൽദാരുടെ നേതൃത്വത്തിലുള്ള സംഘം ഒക്ടോബർ 24 ന് സ്ഥലം പൂർണമായും ഏറ്റെടുത്തു കൈമാറി.
മതിയായ രേഖകളില്ലാത്തതിനാൽ മുട്ടമ്പലത്തെ ആറു കുടുംബങ്ങളുടെ സ്ഥലം മാത്രമാണ് ഇനി റെയിൽവേയ്ക്കു കൈമാറാൻ ബാക്കിയുള്ളത്.
ഇവരിൽ നിന്നും കരാർ ഒപ്പിട്ട് വാങ്ങിയ ശേഷം പണം നൽകാനാണ് ശ്രമം നടക്കുന്നത്. ആവശ്യമെങ്കിലിൽ തുക കോടതിയിൽ കെട്ടിവെച്ച ശേഷം, ഇവരെ ഒഴിപ്പിക്കും. ഇവരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാൻ തയ്യാറാകാതിരുന്നതാണ് സ്ഥലം ഏറ്റെടുപ്പ് അൽപമെങ്കിലും വൈകിപ്പിച്ചത്.