വാളയാർ പീഡനക്കേസിൽ പ്രതികളെ പോലീസ് സംരക്ഷിക്കുന്നുവെന്ന് വിഎസ് മുൻപ് പറഞ്ഞത് വീണ്ടും ചർച്ചയാകുന്നു
സ്വന്തം ലേഖിക
പാലക്കാട്: വാളയാറിലെ അട്ടപ്പള്ളത്ത് പീഡനത്തിന് ഇരയായി സഹോദരിമാരായ ദളിത് പെൺകുട്ടികൾ മരിച്ച സംഭവത്തിൽ മുഴുവൻ പ്രതികളെയും കോടതി വെറുതേ വിട്ടതിന് പിന്നാലെ കേസ് അന്വേഷിച്ച പോലീസിനും ആഭ്യന്തരവകുപ്പിനുമെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
പൊലീസിൻറെ വീഴ്ചയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സിപിഐ നേതാവ് ആനിരാജയുമടക്കം രൂക്ഷ വിമർശനവുമായി രംഗത്ത് വന്നു.പോലീസിന്റെ വീഴ്ച വിമർശിക്കപ്പെടുമ്പോൾ വാളയാർ പെൺകുട്ടികളുടെ മരണം നടന്ന ശേഷം 2017 ൽ കുട്ടികളുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ച ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ വിഎസ് അച്യുതാനന്ദൻ പറഞ്ഞ വാക്കുകൾ വീണ്ടും ചർച്ചയാവുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസിലെ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നായിരുന്നു വിഎസ് അച്യുതാനന്ദൻ കുട്ടികളുടെ മാതാപിതാക്കളെ സന്ദർശിച്ച ശേഷം അട്ടപ്പാടിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.നീതികേട് കാണിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കണം.
കേസിൽ പ്രതികൾക്ക് വേണ്ടിയാണ് പോലീസ് പ്രവർത്തിച്ചത്.പ്രതികളുമായി ചേർന്ന നേട്ടമുണ്ടാക്കാനാണ് പോലീസ് ശ്രമിക്കുന്നത്.പെൺകുട്ടികളുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുമെന്നും വിഎസ് അന്ന് പറഞ്ഞിരുന്നു.
സ്വന്തം സർക്കാരിൻറെ കീഴിലെ പൊലീസിനെതിരെ വിഎസ് അന്ന് നടത്തിയ പരാമർശങ്ങൾ അതുപോലെ തന്നെ സംഭവിച്ചു.പൊലീസിൻറെ അനാസ്ഥയിൽ കേസിലെ മുഴുവൻപ്രതികളെയും കോടതി വെറുതേ വിട്ടു.എന്നാൽ പോലീസ് അപ്പീൽ പോകുന്നത് വിശ്വാസമില്ലെന്നും,പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകുമെന്നും പെൺകുട്ടികളുടെ മാതാവ് പറഞ്ഞു.
കേസിൽ സിബിഐ അന്വേഷണം വേണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.