play-sharp-fill
കോടിമത വിൻസർ കാസിൽ ഹോട്ടലിന് മുന്നിലെ അപകട തിരിവ്: അടച്ച് പൂട്ടാനൊരുങ്ങി നാട്ടുകാർ; അപകടം ഒഴിവാക്കാൻ ജനകീയ മതിൽ പണിയുന്നു

കോടിമത വിൻസർ കാസിൽ ഹോട്ടലിന് മുന്നിലെ അപകട തിരിവ്: അടച്ച് പൂട്ടാനൊരുങ്ങി നാട്ടുകാർ; അപകടം ഒഴിവാക്കാൻ ജനകീയ മതിൽ പണിയുന്നു

സ്വന്തം ലേഖകൻ

കോട്ടയം: കോടിമത വിൻസർ കാസിൽ ഹോട്ടലിന് വേണ്ടി നാലുവരിപ്പാതയ്ക്ക് നടുവിൽ നിർമ്മിച്ച അനധികൃത തിരിവ് അടച്ച് പൂട്ടാൻ നാട്ടുകാർ രംഗത്ത്. ഈ അപകട തിരിവിലാണ് കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.


അഞ്ചു വർഷം മുൻപ് പൊതുമരാമത്ത് വകുപ്പ് ഈ റോഡ് നിർമ്മിക്കുമ്പോൾ വിൻസർ കാസിൽ ഹോട്ടലിന് വേണ്ടി അനധികൃതമായി നിർമ്മിച്ചതാണ് ഈ തിരിവ്. മൂന്ന് കിലോമീറ്റർ മാത്രം നീളമുള്ള റോഡിൽ ഇത്തരത്തിൽ ഒരു തിരിവ് അശാസ്ത്രീയമാണ് എന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. എന്നാൽ , ഉന്നത രാഷ്ട്രീയ – പൊലീസ് – സർക്കാർ സ്വാധീനമുള്ള ഹോട്ടലിനെ തൊടാൻ ആർക്കും സാധിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഇവിടെ ബാറിന്റെ കച്ചവടം വർധിപ്പിക്കുന്നതിനായി ജനത്തെ കുരുതി കൊടുക്കുന്ന നിലപാട് വിൻസർ കാസിൽ മാനേജ്മെന്റിന് വേണ്ടി പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചതോടെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നൂറിലേറെ അപകടങ്ങളും പത്തോളം മരണങ്ങളും ഈ ബാറിന്റെ മുന്നിലെ റോഡിൽ മാത്രം ഉണ്ടായിട്ടുണ്ട്.

എന്നിട്ട് പോലും ഇവിടുത്തെ അശാസ്ത്രിയമായ തിരിവ് അടച്ച് പൂട്ടാൻ അധികൃതർ നടപടി എടുത്തിട്ടില്ല. ഇതോടെയാണ് ഈ റോഡിന് നടുവിലെ തിരിവ് അടച്ച് പൂട്ടാൻ നാട്ടുകാർ തീരുമാനിച്ചത്. ജനകീയ മതിൽ പണിത് ഈ തിരിവ് അടച്ച് പൂട്ടുന്നതിനാണ് തീരുമാനം. ഞായറാഴ്ച വൈകുന്നേരത്തിനുള്ളിൽ ഇത് അടച്ച് പൂട്ടുമെന്നും പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന നാട്ടുകാർ അറിയിച്ചു.

കോടിമത നാലുവരിപ്പാതയിൽ അശ്രദ്ധമായി മുന്നോട്ടെടുത്ത സ്കൂട്ടർ കെ.എസ്.ആർ.ടി.സി ബസിനടയിൽ പെട്ടു; രണ്ട് യുവാക്കൾ ഗുരുതരാവസ്ഥയിൽ; അപകടം വിൻസർ കാസിൽ ഹോട്ടലിന് മുന്നിലെ അശാസ്ത്രീയമായ ഇടവഴിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: വിൻസർ കാസിൽ ഹോട്ടലിന് വേണ്ടി നിർമ്മിച്ച അശാസ്ത്രീയമായ ഇടവഴിയിലൂടെ എം സി റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച സ്കൂട്ടർ കെഎസ്.ആർ.ടി.സി ബസിനടിയിലേയ്ക്ക് പാഞ്ഞു കയറി രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്ക്. ബസിനടിയിൽ കുടുങ്ങിയ സ്കൂട്ടറിനെ പന്ത്രണ്ട് മീറ്ററോളം ബസ് വലിച്ച് നിരക്കി കൊണ്ടുപോയി. മൂലവട്ടം കുന്നമ്പള്ളി സ്വദേശികളായ അനുരാജ് , സനോജ് എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അനുരാജ് മെഡിക്കൽ കോളജ് ആശുപത്രി വെന്റിലേറ്ററിലാണ്.

ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ കോടിമത നാലുവരിപ്പാതയിലായിരുന്നു അപകടം. വിൽസർ കാസിൽ ബാർ ഹോട്ടലിൽ നിന്നും , അശാസ്ത്രീയമായി നാലുവരിപ്പാതയിൽ വഴി നിർമ്മിച്ചിട്ടുണ്ട്. ഇത് വഴി പുറത്തേയ്ക്ക് ഇറങ്ങി വരികയായിരുന്നു സനോജും ,അനുരാജും. ഈ സമയം കോട്ടയം ഡിപ്പോയിൽ നിന്നും കൊട്ടാരക്കരയിലേയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ അടിയിലേയ്ക്കാണ് ഇവർ വാഹനം ഓടിച്ച് കയറ്റിയത്.

അപകടത്തെ തുടർന്ന് റോഡിൽ തലയിടിച്ചാണ് ഇരുവരും വീണത്. റോഡിൽ രക്തം തളം കെട്ടി നിൽക്കുകയാണ്. വാഹനം റോഡിൽ ഉരഞ്ഞ് , വലിച്ച് നീക്കിയ പാട് സ്ഥലത്ത് കാണാം. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇത് വഴി എത്തിയ അഭയ ആംബുലൻസ് സർവീസിന്റെ അംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് അനുരാജിനെ മെഡിക്കൽ കോളജ് ആശുപത്രി വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.