play-sharp-fill
മുണ്ടക്കയത്തിനു പിന്നാലെ അടൂരിലും വൻ അപകടം:  അടൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ടു പാഞ്ഞു കയറി ദാരുണമായി മരിച്ചത് യുവദമ്പതിമാർ; ഡ്രൈവർ വണ്ടിയോടിച്ചത് മദ്യലഹരിയിൽ 

മുണ്ടക്കയത്തിനു പിന്നാലെ അടൂരിലും വൻ അപകടം:  അടൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ടു പാഞ്ഞു കയറി ദാരുണമായി മരിച്ചത് യുവദമ്പതിമാർ; ഡ്രൈവർ വണ്ടിയോടിച്ചത് മദ്യലഹരിയിൽ 

സ്വന്തം ലേഖകൻ
അടൂർ: കോട്ടയം മുണ്ടക്കയത്തിനു പിന്നാലെ അടൂരിലും അപകടം. അടൂരിൽ നിയന്ത്രണം വിട്ടു മറിഞ്ഞ സ്വകാര്യ ബസിലെ രണ്ടു യാത്രക്കാർ മരിച്ചു. മുണ്ടക്കയത്ത് കാറും ബൈക്കും, ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെങ്കിൽ അടൂരിൽ സ്വകാര്യ ബസിടിച്ച് വഴിയാത്രക്കാരായ ദമ്പതിമാരാണ് മരിച്ചത്. അടൂരിൽ അപകത്തിനിടയാക്കിയിരുന്ന വണ്ടി ഓടിച്ചിരുന്ന ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
നൂറനാട് ശാന്തിഭവനിൽ ഗോപാലകൃഷ്ണന്റെ മകൻ ശ്യാംകുമാറും(30), ഭാര്യ അടൂർ നെടുമൺ പുത്തൻപീടികയിൽ സത്യന്റെ മകൾ ശിൽപ്പയുമാണ്(26) ഡ്രൈവറുടെ അശ്രദ്ധയും, മദ്യലഹരിയിലുമുള്ള ഡ്രൈവിംങ്ങിന്റെ രക്തസാക്ഷിയായത്. സംഭവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പത്തനംതിട്ടയിലെ അടൂരിലാണ് സംഭവം. പഴകുളം വഴി അടൂരിലേക്ക് വന്ന സ്വകാര്യബസാണ് അപകടത്തിൽപെട്ടത്. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ അടൂർ റവന്യു ടവറിനു സമീപമാണ് അപകടമുണ്ടായത്.
അപകടം നടന്നതിന് അടുത്തുള്ള ആശ്വാസ് മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്നുവാങ്ങിവരുന്നതിനിടെയാണ് അപകടം. വൺവേ റോഡിലൂടെ വരികയായിരുന്ന സ്വകാര്യ ബസ് റോഡിന്റെ വലതു ഭാഗത്തു കൂടി പോവുകയായിരുന്ന ദമ്പതികളെ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അമിതവേഗതയിലായിരുന്ന ബസ് റോഡരികിലെ കടയും തകർത്ത് ദമ്പതികളുടെ ദേഹത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇരുവരും ടയറിനുള്ളിൽ കുരുങ്ങി തൽക്ഷണം മരിച്ചു.
അടിയിൽ കുടുങ്ങിയ ദമ്പതികളെ പുറത്തെടുക്കാൻ പറ്റാത്തതിനാൽ ഓടിക്കൂടിയ നാട്ടുകാരും അഗ്‌നിശമന സേനയും പൊലീസും ചേർന്ന് ബസ് കയറുപയോഗിച്ച് മറിച്ചിട്ട ശേഷമാണ് പുറത്തെടുത്തത്. ഡ്രൈവർ മദ്യ ലഹരിയിലായിരുന്നതിനാൽ ഓടാൻ കഴിയാതെ സംഭവ സ്ഥലത്തു തന്നെയുണ്ടായിരുന്നതിനാൽ അപ്പോൾ തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ശ്യാംകൃഷ്ണ ഈ മാസം പതിമൂന്നിനാണ് വിദേശത്ത് നിന്നും നാട്ടിൽ എത്തിയത്. ഭാര്യ ശിൽപയെ ആശുപത്രിയിൽ കൊണ്ട് പോയതിന് ശേഷം മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്നും വാങ്ങി പുറത്തേക്ക് ഇറങ്ങിയ സമയത്താണ് നിയന്ത്രണം വിട്ട ബസ് ഇടിച്ച് കയറിയത്. മദ്യലഹരിയിലായിരുന്ന ഡ്രൈവർ ഉല്ലാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മനപൂർവ്വമല്ലാത്ത കുറ്റകരമായ നരഹത്യക്ക് പൊലീസ് കേസെടുത്തു.
സംഭവസ്ഥലം ജില്ലാകളക്ടറും എസ് പിയും സന്ദർശിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകാൻ ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകി. ബസിലുണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.