play-sharp-fill
ഉപതെരെഞ്ഞെടുപ്പ് ; വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി, ആദ്യഫല സൂചനകൾ എട്ടരയോടെ

ഉപതെരെഞ്ഞെടുപ്പ് ; വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി, ആദ്യഫല സൂചനകൾ എട്ടരയോടെ

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അഞ്ച് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണൽ വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ ആരംഭിക്കും. പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളാണ് വട്ടിയൂർക്കാവ് മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രം. വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കളക്ടർ കെ ഗോപാലകൃഷ്ണൻ പറഞ്ഞു.

പൈവളിഗെ നഗർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ വടക്കെയറ്റത്തുളള കെട്ടിടത്തിലാണ് മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രം. വോട്ടെണ്ണുന്നതിനുള്ള അവസാന ഘട്ട ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു അറിയിച്ചു. വോട്ടണ്ണൽ കേന്ദ്രത്തിൽ 12 ടെബിളാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു ടേബിളിൽ സൂപ്പർ വൈസർ, അസിസ്റ്റന്റ് സൂപ്പർ വൈസർ, സൂക്ഷ്മനിരീക്ഷകൻ എന്നിവർ ഉണ്ടാകും. ഒരു ടേബിളിൽ സ്ഥാനാർത്ഥികളുടെ ഒരു ഏജന്റ് വീതവും ഉണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വട്ടിയൂർക്കാവിൽ 14 ടേബിളുകളിലാണ് ഒരു റൗണ്ടിൽ വോട്ടെണ്ണൽ നടക്കുന്നത്. ഇങ്ങനെ 12 റൗണ്ടിൽ വോട്ടെണ്ണൽ പൂർത്തിയാകും. ഓരോ റൗണ്ട് കഴിയുമ്‌ബോഴും സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവുമുണ്ടാകും. ഇതിനു പുറമേ ഓരോ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ നിന്നുമുള്ള തത്സമയ ട്രെൻഡ് www.trend.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയും ലഭിക്കും. ആദ്യ ഫലസൂചന രാവിലെ എട്ടരയോടെ വെബ്‌സൈറ്റിൽ നൽകാനാകുമെന്നാണ് പ്രതീക്ഷ.

രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. രാവിലെ എട്ടു മണിയോടെ സ്‌ട്രോംഗ് റൂമുകൾ തുറക്കും. വരണാധികാരിയുടേയും തെരഞ്ഞെടുപ്പ് നിരീക്ഷകന്റെയും സാന്നിധ്യത്തിലാണ് സ്‌ട്രോംഗ് റൂമുകൾ തുറക്കുന്നത്. തുടർന്ന് ആദ്യ റൗണ്ടിൽ എണ്ണാനുള്ള ഒന്നുമുതൽ 14 വരെ പോളിംഗ് ബൂത്തുകളിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ടേബിളുകളിൽ സജ്ജീകരിക്കും. ഈ റൗണ്ട് പൂർത്തിയാകുന്നതോടെ അടുത്ത റൗണ്ട് വോട്ടെണ്ണലിനുള്ള യന്ത്രങ്ങളും എത്തിക്കും.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം അഞ്ച് ബൂത്തുകളിലെ വിവി പാറ്റ് യന്ത്രങ്ങളിലെ രസീതുകളും എണ്ണി തിട്ടപ്പെടുത്തും. ഏതൊക്കെ ബൂത്തുകളിലെ വിവി പാറ്റ് സ്ലിപ്പുകളാകും എണ്ണുകയെന്നത് നറുക്കിട്ടാകും തീരുമാനിക്കുക. വിവി പാറ്റ് സ്ലിപ്പുകൾ എണ്ണിക്കഴിഞ്ഞ ശേഷമാകും ഔദ്യോഗിക ഫലപ്രഖ്യാപനം.

Tags :