play-sharp-fill
കേരളത്തിലെ ആദ്യ മെമ്മറി കഫേ കാക്കനാട് നടന്നു; ലക്ഷ്യം അല്‍ഷിമേഴ്സ് ബാധിതരുടെ സമഗ്ര ഉന്നമനം

കേരളത്തിലെ ആദ്യ മെമ്മറി കഫേ കാക്കനാട് നടന്നു; ലക്ഷ്യം അല്‍ഷിമേഴ്സ് ബാധിതരുടെ സമഗ്ര ഉന്നമനം

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ത്യയിലെ തന്നെ ആദ്യത്തെ ഡിമെന്‍ഷ്യ സൗഹൃദ സമൂഹം എന്ന വിശാല ലക്ഷ്യം മുന്‍നിര്‍ത്തി കുസാറ്റിലെ സെന്റര്‍ ഫോര്‍ ന്യൂറോസയന്‍സിന്റെ ഉദ്യമമായ ‘പ്രജ്ഞ’ നടപ്പാക്കുന്ന ‘ഉദ്‌ബോധ്’ എന്ന പദ്ധതിയുടെ ഭാഗമായി മെമ്മറി കഫേ കാക്കനാടുള്ള ടോണിക്കോ കഫേയില്‍ നടന്നു.

മാജിക്‌സ് എന്ന സന്നദ്ധസംഘടനയും, എറണാകുളം ജില്ലാ ഭരണകൂടവും, ഐഎംഎ കെയര്‍ ഫോര്‍ എല്‍ഡേര്‍ളി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മെമ്മറി കഫേയില്‍ അല്‍ഷിമേഴ്‌സ് ബാധിതരും അവരെ പരിപാലിക്കുന്നവരും പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അങ്കമാലി ഡിപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിലെ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികളും മെമ്മറി കഫേയുടെ ഭാഗമായി.

ഡിമെന്‍ഷ്യ ഒരു രോഗാവസ്ഥയാണെന്നും അത് അനുഭവിക്കുന്ന ആളുകളെ സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്താതെ അവരുടെ അന്തസ്സിന് കോട്ടം തട്ടാതെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് മെമ്മറി കഫേ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഉദ്‌ബോധിന്റെ കണ്‍വീനറായ ഡോ. ബേബി ചക്രപാണി അഭിപ്രായപ്പെട്ടു.

അല്‍ഷിമേഴ്‌സ് ബാധിച്ച ആളുകള്‍ മാത്രമല്ല, അവരെ പരിപാലിക്കുന്നവര്‍ക്കും ഈ മെമ്മറി കഫേയിലൂടെ അവരുടെ മാനസികവും വൈകാരികവുമായ ആരോഗ്യം നിലനിര്‍ത്താനാകുമെന്ന് പരിപാടിയില്‍ പങ്കെടുത്ത പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. മാത്യു എബ്രഹാം പറഞ്ഞു.

ചടങ്ങില്‍ പങ്കെടുത്ത നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്‌റ്റേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. പ്രവീണ്‍ ജി. പൈ, ഉദ്‌ബോധിന് എന്‍എച്ചഎമ്മിന്റെ എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. ഇത്തരം കൂട്ടായ്മകള്‍ ഡിമെന്‍ഷ്യക്ക് വേണ്ടി സര്‍ക്കാര്‍ തലത്തിലുള്ള നയരൂപീകരണത്തിന് സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ രോഗാവസ്ഥ മൂലം സമൂഹത്തില്‍ അവര്‍ക്ക് നഷ്ടമായ സൗഹൃദ സദസ്സുകള്‍ പുനഃസൃഷ്ഠിക്കുക, ഒരേ അവസ്ഥയിലൂടെ കടന്നുപോകുന്നവരെ ഒരുമിച്ച് നിര്‍ത്തുക അതിലൂടെ അവര്‍ നേരിടുന്ന സാമൂഹികവും മാനസികവും ശാരീരികവുമായ

വെല്ലുവിളികളെ കൂട്ടായ്മയിലൂടെ നേരിടുവാന്‍ പ്രാപ്തരാക്കുക എന്നതും മെമ്മറി കഫേയുടെ ലക്ഷ്യങ്ങളില്‍ പെടുന്നതാണെന്ന് ഉദ്‌ബോധ് കോ-കണ്‍വീനര്‍ പ്രസാദ് എം. ഗോപാല്‍ അഭിപ്രായപ്പെട്ടു. മെമ്മറി കഫേയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി 9946712125 ഹെല്‍പ്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.