ഐ.എ.എസ് ലഭിക്കാൻ വ്യാജരേഖകൾ സമർപ്പിച്ചു ; സബ് കളക്ടർ ആസിഫ് യൂസഫിനെതിരെ കേന്ദ്ര അന്വേഷണം
- സ്വന്തം ലേഖിക
കണ്ണൂർ: ഐഎഎസ് ലഭിക്കാന്‍ വ്യാജ രേഖ സമര്‍പ്പിച്ചതിന് മലബാര്‍ മേഖലയിലെ സബ്കളക്ടര്‍ ആസിഫ് യൂസഫിനെതിരെ കേന്ദ്ര അന്വേഷണം. 2015 സിവില്‍ സര്‍വീസ് പരീക്ഷയില്‍ 215ാം റാങ്കുകാരനായ ഇയാള്‍ ഒബിസി ക്വോട്ടയില്‍ കടന്നുകൂടാന്‍ വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചെന്നാണ് ആരോപണം. 2016 ബാച്ച് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തോട് 25നു ഹിയറിങ്ങിന് എറണാകുളം കലക്ടറുടെ മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ ഐഎഎസ് പദവി നഷ്ടപ്പെടും.
യുപിഎസ്സിക്കു സമര്‍പ്പിച്ച അപേക്ഷാഫോമില്‍ മാതാപിതാക്കള്‍ക്കു പാന്‍കാര്‍ഡ് ഇല്ലെന്നും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ല എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തി.
ഇയാള്‍ സമര്‍പ്പിച്ച അപേക്ഷാഫോമില്‍ 2012-13ല്‍ 1.8 ലക്ഷവും, 2013-14ല്‍ 1.9 ലക്ഷവും, 2014-15ല്‍ 2.4 ലക്ഷവുമാണു വരുമാനം. അന്നു മേല്‍ത്തട്ട് പരിധി ആറു ലക്ഷം രൂപയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളം കളക്ടറുടെ നിര്‍ദേശപ്രകാരം തഹസില്‍ദാര്‍ നല്കിയ കുടുംബത്തിന്റെ 2012-17ലെ വാര്‍ഷിക വരുമാനം 21,80,967 രൂപയാണ്. 2013-14ല്‍ ഇതു 23,05,100 രൂപയും 2014-15ല്‍ 28,71,375 രൂപയുമാണ്. ഇതുപ്രകാരം ഇയാള്‍ നല്കിയ നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും അസാധുവാകും. അങ്ങനെ അസാധുവായാല്‍ ഒബിസി നോണ്‍ ക്രിമിലെയര്‍ പദവിയില്‍ ലഭിച്ച സിവില്‍ സര്‍വീസ് റാങ്കും അസാധുവാകും. യുപിഎസ്സിയ്ക്കു തെറ്റായ വിവരങ്ങള്‍ നല്‍കിയതിനു ശിക്ഷാനടപടികളും നേരിടേണ്ടി വരും.
കഴിഞ്ഞ ജൂണിലാണ് കേന്ദ്ര പഴ്സനല്‍ മന്ത്രാലയം ഇദ്ദേഹത്തിനതിരെ അന്വേഷണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കു കത്തയച്ചത്. ഒബിസി നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു തെളിയിക്കുന്ന രേഖകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആവശ്യപ്പെടുന്നതെന്നും അണ്ടര്‍ സെക്രട്ടറി എസ്.കെ.വര്‍മ ഒപ്പുവച്ച കത്തില്‍ പറയുന്നു. അപേക്ഷകന് സമര്‍പ്പിച്ച ഒബിസി സര്‍ട്ടിഫിക്കറ്റിന്റെയും ( നമ്പർ 4601/2015/എഎസ് ) ആദായനികുതി സര്‍ട്ടിഫിക്കറ്റിന്റെയും ( നമ്പർ 4549/2016/എഎസ് ) നിജസ്ഥിതി കണ്ടെത്താനും നിര്‍ദേശിച്ചിട്ടുണ്ട്.