നാൽപതു വർഷങ്ങൾക്ക് ശേഷം ഒരു അപൂർവ കൂടിക്കാഴ്ച ; ഡേവിഡിന് ഒരു വയസ്സുള്ളപ്പോൾ നഷ്ടപ്പെട്ട പെറ്റമ്മയെ കണ്ടെത്തിയത് നാല്പതാം വയസ്സിൽ
സ്വന്തം ലേഖിക
ചെന്നൈ: സ്വന്തം വേരുകൾ തേടിയുളള യാത്ര ചിലർക്ക് നിരാശ മാത്രമാണ് സമ്മാനിക്കുക. ചിലർക്ക് അത്ഭുതങ്ങളും. 40 വർഷങ്ങൾക്ക് മുൻപ് ഒരു വയസ്സ് മാത്രം പ്രായമുളളപ്പോൾ കണ്ട് മറന്ന അമ്മയുടെ മുഖം തേടിയിറങ്ങിയ ഡേവിഡ് ശാന്തകുമാർ എന്ന ഡേവിഡ് നിൽസണിന് മുന്നിൽ കാലം കാത്ത് വെച്ചത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെയാണ്. ചെന്നൈയിൽ പിറന്ന ഡേവിഡിന് ഒരു വയസ്സ് മാത്രം പ്രായമുളളപ്പോഴാണ് ഡാനിഷ് ദമ്പതികൾ ദത്തെടുക്കുന്നത്.
പിന്നെ ഡേവിഡ് അമ്മയേയോ കുടുംബത്തേയോ കണ്ടിട്ടില്ല. ഡാനിഷ് മാതാപിതാക്കൾ ഡേവിഡിനെ സ്വന്തം മകനെപ്പോലെ വളർത്തി. സാധാരണ കുടുംബമായിരുന്നുവെങ്കിലും ഡേവിഡിന് അവർ മികച്ച വിദ്യാഭ്യാസം തന്നെ നൽകി. അവനെ ഇന്ത്യയിൽ നിന്നും ദത്തെടുത്തതാണെന്നും അവന്റേത് മഹത്തായ ഒരു രാജ്യമാണെന്നും അവന് പറഞ്ഞ് കൊടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡേവിഡ് ഇന്ന് 40 വയസ്സുളള, രണ്ട് ഇരട്ടക്കുട്ടികളുടെ അച്ഛനായ ബാങ്ക് ഉദ്യോഗസ്ഥനാണ്. ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം ഡെൻമാർക്കിൽ സുഖമായി ജീവിക്കുന്നു. മുഖം പോലും ഓർമ്മയിൽ ഇല്ലാത്ത അമ്മയേയോ ഇന്ത്യയിലെ കുടുംബത്തെയോ കണ്ടെത്തണമെന്ന് ഡേവിഡ് ആറ് വർഷം മുൻപ് വരെ തോന്നിയിരുന്നില്ല. പല ആവശ്യങ്ങൾക്കായി ഇന്ത്യയിലും ചെന്നൈയിലും വന്ന് പോയപ്പോഴും ഡേവിഡിന് സ്വന്തം വേരുകൾ തേടണമെന്ന് തോന്നിയില്ല.
എന്നാൽ 2013ൽ ചെന്നൈയിൽ എത്തിയപ്പോഴാണ് സ്വന്തം കുടുംബത്തെ കണ്ടെത്തണമെന്ന് ആദ്യമായി ഡേവിഡിന് തോന്നിയത്. പഴയ രേഖകളിൽ നിന്ന് അച്ഛന്റെ പേര് അടക്കമുളള വിവരങ്ങൾ ഡേവിഡിന് ലഭിച്ചു.
ഡേവിഡിനെ ഡാനിഷ് ദമ്പതികൾ ദത്തെടുത്ത ശിശുഭവനം അന്വേഷിച്ച് ചെന്നെങ്കിലും അത് 1990കളിലെപ്പോഴോ അടച്ച് പൂട്ടിയിരുന്നു. കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകനായ അരുൺ ഡോലെയെ പരിചയപ്പെട്ടതാണ് ഡേവിഡിന്റെ അന്വേഷണത്തിൽ വഴിത്തിരിവായത്.
തമിഴിൽ ഡേവിഡിന്റെ അന്വേഷണം ഒരു ചെറിയ ഡോക്യുമെന്ററിയായി ചിത്രീകരിച്ചു. ഇത് കണ്ടതോടെയാണ് ഡേവിഡിന്റെ കുടുംബം അവനെ തിരിച്ചറിഞ്ഞത്.
കുഞ്ഞായ ഡേവിഡിന്റെ ചിത്രങ്ങൾ അവർ അരുണിന് അയച്ച് നൽകി. ചിത്രങ്ങൾ ഡേവിഡും തിരിച്ചറിഞ്ഞു. 6 വർഷം നീണ്ട ഒരു വലിയ ദൗത്യത്തിന് അവിടെ പരിസമാപ്തി കുറിക്കപ്പെടുകയായിരുന്നു. തൂപ്പ് ജോലിക്കാരിയായ ധനലക്ഷ്മി എന്ന 68കാരിയായിരുന്നു ഡേവിഡിന്റെ ആ അമ്മ.
തുടർന്ന് ധനലക്ഷ്മിയെ തേടി കടലുകളും ഭൂഖണ്ഡങ്ങളും കടന്ന് ആ വീഡിയോ കോൾ എത്തി. 40 വർഷങ്ങൾക്ക് ശേഷം അമ്മയും മകനും പരസ്പരം കണ്ടു. സന്തോഷവും കണ്ണീരും ഇഴകലർന്ന നിമിഷങ്ങൾ. മകനെ കണ്ട ധനലക്ഷ്മി ബോധരഹിതയായി.
ഡേവിഡിനെ തേടി താൻ എത്രയോ തവണ ചൈൽഡ് ഹോമിലേക്ക് പോയതായി കണ്ണ് നിറഞ്ഞ് കൊണ്ട് ധനലക്ഷ്മി പറഞ്ഞു. തന്നെ അമ്മയ്ക്ക് വേണമായിരുന്നു എന്ന അറിവ് തന്നെ തനിക്ക് വലിയ ആശ്വാസമായെന്ന് പറയുന്നു ഡേവിഡ്. ഡേവിഡിനേയും മക്കളായ കാജ്, സോഫുസ്, ഭാര്യ സ്റ്റൈൻ എന്നിവരേയും കാണാനുളള ആഗ്രഹവും ധനലക്ഷ്മി പ്രകടിപ്പിച്ചു.
ധനലക്ഷ്മിയുടെ ബന്ധുക്കളും ഡേവിഡിനോട് സംസാരിച്ചു. വീഡിയോ കാൾ വഴി അല്ലാതെ നേരിട്ട് കാണാനുളള കാത്തിരിപ്പിലാണ് ഇനി ഡേവിഡും ധനലക്ഷ്മിയും.