
ഇന്റർസിറ്റി എക്‌സ്പ്രസിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ശ്രമം ; വൈദ്യുതബന്ധം വിച്ഛേദിച്ചതിനാൽ വൻ ദുരന്തം ഒഴിവായി
സ്വന്തം ലേഖിക
പരപ്പനങ്ങാടി: ഇന്റർ സിറ്റി എക്പ്രസ് ട്രെയിനിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ശ്രമം. മലപ്പുറം പരപ്പനങ്ങാടിയിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. കണ്ണൂർ -എറണാകുളം എക്സ്പ്രസ് ട്രെയിനിനു മുകളിൽ കയറിയിരുന്നാണ് യുവാവ് നാട്ടുകാരിൽ പരിഭ്രാന്തി പരത്തുകയായിരുന്നു.
ട്രെയിൻ വരുമ്പോൾ ഓടിയെത്തിയ യുവാവിനെ കണ്ട് ട്രെയിൻ പ്ലാറ്റ്ഫോമിനു പകുതിയിൽ നിർത്തി. ഇയാൾ എൻജിനു സമീപത്തോടെ ട്രെയിന് മുകളിലേക്ക് വലിഞ്ഞ് കയറി അങ്ങോട്ടും ഇങ്ങോട്ടും ഓടാനാരംഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവിന്റെ പരാക്രമം കണ്ട്, സ്റ്റേഷൻ മാസ്റ്റർ ഷൊർണൂരിൽ അറിയിച്ച് റെയിൽവേ ലൈനിലെ വൈദ്യുതി വിച്ഛേദിച്ചു. തുടർന്ന് കാൽമണിക്കൂറോളം കഴിഞ്ഞാണ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കിയത്.
മംഗലാപുരം സ്വദേശി റഹ്മാൻ(25) ആണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ചെറുതായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവാവ് അവ്യക്തമായാണ് കാര്യങ്ങൾ പറയുന്നത്. ഇയാളെ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ തടഞ്ഞുവച്ച് ഏഴുമണിയോടെ കോഴിക്കോട് ആർപിഎഫിന് കൈമാറി. അതേസമയം 4.57ന് എത്തിയ ട്രെയിൻ 5.10നാണ് യാത്രയായത്.