ബസിൽ കയറി സ്ഥലപ്പേര് പറഞ്ഞ് ടിക്കറ്റെടുക്കാൻ നാണക്കേട് ; ആകെ പെട്ട് ജോളി ജംഗ്ഷനുകാർ

ബസിൽ കയറി സ്ഥലപ്പേര് പറഞ്ഞ് ടിക്കറ്റെടുക്കാൻ നാണക്കേട് ; ആകെ പെട്ട് ജോളി ജംഗ്ഷനുകാർ

സ്വന്തം ലേഖിക

കൊല്ലം: കോഴിക്കോട് കൂടത്തായി കൊലപാതകങ്ങളിലെ മുഖ്യ പ്രതി ജോളി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകളായും മറ്റും വൈറലായിട്ടുണ്ട്. ഇതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് ഒരുകൂട്ടം ജനങ്ങൾ. ബസിൽ കയറി സ്ഥപ്പേര് പറഞ്ഞ് ടിക്കറ്റെടുക്കാൻ നാണക്കേടാണ് കൊല്ലം ഇരവിപുരം മയ്യനാട് റോഡിലെ ജോളി ജംഗ്ഷനിലെ നാട്ടുകാർക്ക്.

ഇരവിപുരം മയ്യനാട് റൂട്ടിൽ ഇരവിപുരം പോലീസ് സ്‌റ്റേഷന് സമീപമാണു ‘ജോളി’ യെന്ന പേരിൽ അറിയപ്പെടുന്ന ജംഗ്ഷൻ. പ്രദേശവാസികൾക്കു മാത്രം അറിയാമായിരുന്ന ‘ജോളി ജംഗ്ഷൻ’ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്്.

പ്രദേശവാസികളിൽ ആരോ ജോളി ജംഗ്ഷന്റെ പേരെഴുതിയ ബോർഡ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ നാട്ടുകാർ മുഴുവൻ വെട്ടിലായി. പലർക്കും ഇപ്പോൾ ജംഗ്ഷന്റെ പേരു പറയാൻ തന്നെ നാണക്കേടാണ്. ജംഗ്ഷന് സമീപത്തെ വീടുകളിലെ കുട്ടികൾ ഇപ്പോൾ സ്‌കൂളിൽ പോകാനും മടിക്കുന്നതായി രക്ഷിതാക്കൾ പറയുന്നു. സഹപാഠികൾ ജംഗ്ഷന്റെ പേരു പറഞ്ഞു കളിയാക്കുന്നതാണു കാരണം. ബസിൽ യാത്ര ചെയ്യുന്നവർ മുമ്ബത്തെപ്പോലെ ഇപ്പോൾ ‘ജോളി ജംഗ്ഷൻ’ എന്ന പേരു പറഞ്ഞ് ടിക്കറ്റ് എടുക്കുന്നതുമില്ല. പകരം ജോളി ജംഗ്ഷന് തൊട്ടു മുന്നിലെ ജംഗ്ഷനിൽ ഇറങ്ങി കാൽനടയായാണ് വീടുകളിലേക്കു പോകുന്നതെന്നാണ് വിവരം.

ഇപ്പോൾ ജംഗ്ഷന്റെ പേരു മാറ്റാനുള്ള കൂടിയലോചനകളിലാണ് നാട്ടുകാർ.