video
play-sharp-fill

കുട്ടികൾ കഷ്ടപ്പെട്ട് കൂട്ടി വച്ച ചില്ലറത്തുട്ടുകൾ കള്ളൻ കൊണ്ടു പോയി: ചുങ്കം സിഎംഎസ് സ്‌കൂളിൽ മോഷണം നടക്കുന്നത് രണ്ടാം തവണ

കുട്ടികൾ കഷ്ടപ്പെട്ട് കൂട്ടി വച്ച ചില്ലറത്തുട്ടുകൾ കള്ളൻ കൊണ്ടു പോയി: ചുങ്കം സിഎംഎസ് സ്‌കൂളിൽ മോഷണം നടക്കുന്നത് രണ്ടാം തവണ

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ 24 മണിക്കൂറും പൊലീസ് സാന്നിധ്യമുള്ള ചുങ്കം ചാലുകുന്നിലെ സിഎംഎസ് സ്‌കൂളിൽ മോഷണം നടക്കുന്നത് രണ്ടാം തവണ.
സി.എം.എസ് കോളജ് സ്‌കൂളിലെ  സ്റ്റാഫ് റൂമിൽ സൂക്ഷിച്ചിരുന്ന 12,000ത്തോളം രൂപയാണു മോഷ്ടിക്കപ്പെട്ടത്. ചൊവാഴ്ച അർധരാത്രിക്കുശേഷമാണ് മോഷണമെന്നാണ് കരുതുന്നത്.
സ്റ്റാഫ് റൂമിന്റെ താഴു തകർത്ത് ഉള്ളിൽ കയറിയ മോഷ്ടാവ് അലമാരുടെ  പൂട്ടും കമ്പികാണ്ട് ഇളക്കിമാറ്റിയിരുന്നു.
ഒരോ ക്ലാസിൽ നിന്നുമുള്ള വിദ്യാർഥികൾ  ശേഖരിച്ച പണം 18 ചാരിറ്റി ബോക്‌സുകളിലായാണ് സൂക്ഷിച്ചിരുന്നത്.
ബോക്‌സുകളിൽ നിന്നു പണം എടുത്തശേഷം ഇവ പുറത്ത് ഉപേക്ഷിച്ചു. പണം കുറഞ്ഞ ബോക്‌സുകൾ എടുത്തതുമില്ല. ഇത് അലമാരയിൽ നിന്നു പുറത്തുവച്ച നിലയിലാണ്. നോട്ടും ചില്ലറയുമടക്കം മുഴുവൻ തുകയും കൊണ്ടുപോയി. രണ്ടു മാസത്തെ പൈസയാണ് നഷ്ടമായിരിക്കുന്നത്.
മറ്റു വസ്തുക്കളൊന്നും നഷ്ടമായിട്ടില്ല.
ബുധനാഴ്ച രാവിലെ സ്‌കൂൾ തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണവിവരം അറിയുന്നത്.  രണ്ടുമാസം മുമ്പും സമാനരീതിയിൽ മോഷണം നടന്നിരുന്നു.അന്ന് ചാരിറ്റിബോക്‌സുകളിൽ 3000 രൂപ നഷ്ടമായിരുന്നു.
സമീപത്തെ സി.എൻ.ഐ എൽ.സി സ്‌കൂളിലും മോഷണശ്രമം നടന്നു. എന്നാൽ പണമൊന്നും നഷ്ടമായിട്ടില്ല. ഹെഡ്മാസ്റ്ററുടെ മുറിയുടെ വാതിൽ തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്.
വാതിൽ പൂർണമായും തകർന്നനിലയിലാണ്. ഇവിടുത്തെ അലമാരയിൽ ഉണ്ടായിരുന്ന പേപ്പറുകളെല്ലാം വാരിവലിച്ചിട്ടിരിക്കുന്ന നിലയിലാണ്. മേശ അടക്കം പരിശോധിച്ചിട്ടുണ്ട്. .എന്നാൽ, ഒന്നും ലഭിച്ചില്ല.