മരട് ഫ്‌ളാറ്റ് ; ഫ്‌ളാറ്റുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ ലളിതമാക്കി
സ്വന്തം ലേഖിക
കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പൊളിക്കുന്ന മരടിലെ ഫ്‌ളാറ്റുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി. നഷ്ടപരിഹാരത്തിന് അപേക്ഷ നൽകുന്നതോടൊപ്പം സത്യവാങ്മൂലം നൽകണമെന്ന നിബന്ധന സമതി തൽക്കാലം ഒഴിവാക്കി. ഫ്‌ളാറ്റുടമകൾക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ സമിതിയുടെ യോഗത്തിലായിരുന്നു തീരുമാനം.
യഥാർത്ഥ വില വ്യക്തമാക്കി ഫ്‌ളാറ്റുടമകൾ സമർപ്പിച്ച 19 പ്രമാണങ്ങൾ അടങ്ങുന്ന റിപ്പോർട്ട് നഗരസഭ സെക്രട്ടറി സമിതിയ്ക്ക് മുൻപാകെ ഹാജരാക്കി. നാല് ഫ്‌ളാറ്റ് നിർമ്മാതാക്കൾക്കും സമിതി ഇന്ന് നോട്ടീസ് നൽകി. ഈ മാസം 17 നകം ഫ്‌ളാറ്റുകൾ എത്ര രൂപയ്ക്കാണ് വിൽപ്പന നടത്തിയതെന്നതിന്റെ രേഖകൾ നഗരസഭ സെക്രട്ടറിയ്ക്ക് മുൻപിൽ ഹാജരാക്കാൻ നിർദ്ദേശം നൽകി. ആധാരവും പണം കൊടുത്തതിന്റെ രേഖകളും ഫ്‌ളാറ്റുടമകളും മരട് നഗരസഭയിൽ സമർപ്പിക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മരടിലെ ഫ്‌ളാറ്റ് നിർമ്മാതാക്കൾക്ക് ക്രൈംബ്രാഞ്ച് നോട്ടീസയച്ചു. ആൽഫാ വെഞ്ച്വേഴ്‌സിന്റെ നിർമ്മാതാവ് പോൾ രാജിനോടാണ് നാളെ ഹാജരാകാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഹോളി ഫെയ്ത്, ജെയിൻ കോറൽ കേവ് കെട്ടിട നിർമ്മാതാക്കൾക്കും നോട്ടീസയച്ചിട്ടുണ്ട്. ജെയിൻ കോറൽ കോവ് ഉടമ സന്ദീപ് മേത്തയോട് വ്യാഴാഴ്ചയും ഹോളി ഫെയ്ത്ത് ഉടമ സാനി ഫ്രാൻസിസിനോട് 21 നും ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. പരാതി ഇല്ലാത്തതിനാൽ ഗോൾഡൻ കായലോരം ഉടമയ്‌ക്കെതിരെ നിലവിൽ കേസ് എടുത്തിട്ടില്ല. എന്നാൽ ഇവരും അന്വേഷണ പരിധിയിൽ വരും. വഞ്ചന, നിയമം ലംഘിച്ച് ഫ്‌ളാറ്റ് നിർമ്മിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഫ്‌ളാറ്റ് നിർമ്മാതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.