video
play-sharp-fill

ഒരു കൊലപാതകത്തിലും തെളിവില്ല: കേസിൽ നിന്നും നിഷ്പ്രയാസം ഊരാനാവുമെന്ന് ജോളിയ്ക്ക് ആളൂരിന്റെ ഉറപ്പ്; കൂടത്തായി കൂട്ടക്കൊലക്കേസിൽ ജോളിയെ രക്ഷിക്കാനുള്ള നീക്കങ്ങൾ സജീവം

ഒരു കൊലപാതകത്തിലും തെളിവില്ല: കേസിൽ നിന്നും നിഷ്പ്രയാസം ഊരാനാവുമെന്ന് ജോളിയ്ക്ക് ആളൂരിന്റെ ഉറപ്പ്; കൂടത്തായി കൂട്ടക്കൊലക്കേസിൽ ജോളിയെ രക്ഷിക്കാനുള്ള നീക്കങ്ങൾ സജീവം

Spread the love

ക്രൈം ഡെസ്‌ക്

കോഴിക്കോട്: കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറു പേരെ ക്രൂരമായി കൊലപ്പെടുത്തിയ ജോളിയെ കേസിൽ നിന്നും നിഷ്പ്രയാസം രക്ഷപെടുത്താനാവുമെന്ന് വിവാദ അഭിഭാഷകൻ ആളൂരിന്റെ ഉറപ്പ്.

ജോളിയ്‌ക്കെതിരായ തെളിവുകൾ ശേഖരിക്കുക പൊലീസിന് ദുഷ്‌കരമായ സാഹചര്യത്തിലാണ് ജോളിയെ പുഷ്പം പോലെ പുറത്തിറക്കാനാവുമെന്ന് ആളൂർ ഉറപ്പു പറയുന്നത്. മരണത്തിൽ ഒന്നിൽ പോലും മരണ കാലത്ത് ആരും, സംശയം പറയാതിരുന്നതും, പോസ്റ്റ്‌മോർട്ടം പോലും നടത്താതെ മൃതദേഹങ്ങളെല്ലാം സംസ്‌കരിച്ചതുമാണ് ജോളിയെ രക്ഷിക്കാമെന്ന് ആളൂർ ഉറപ്പ് പറയുന്നതിലെ പ്രധാന കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതകം ആരംഭിച്ചിട്ട് പതിന്നാല് വർഷത്തിലേറെ കഴിഞ്ഞതിനാൽ ശാസ്ത്രീയമായ തെളിവ് ശേഖരിക്കൽ ശ്രമകരമാണെന്ന് തന്നെയാണ് അന്വേഷണ സംഘം വിശ്വസിക്കുന്നത്. ഇത് തന്നെയാണ് കേസിൽ ആളൂരിന് പിടിവള്ളിയായിരിക്കുന്നതും. കേസിൽ ഇനി ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചാൽ തന്നെയും, എല്ലാ കൊലപാതകങ്ങളിലും ജോളിയെ ബന്ധിപ്പിക്കുക എന്നത് ഏറെ ബുദ്ധിമുട്ട് നിറഞ്ഞ ജോലിയാണ്. സംഭവം നടന്ന സമയങ്ങളിൽ ജോളി അവിടെ ഉണ്ടായിരുന്നു എന്നത് മാത്രമാണ് ഇപ്പോൾ പൊലീസ് വിശ്വസിക്കുന്നത്. എന്നാൽ, ഇത് സ്ഥാപിക്കുന്ന ദൃക്‌സാക്ഷികളെ കണ്ടെത്തുകയും, ഇത് കോടതിയിൽ സ്ഥാപിച്ചെടുക്കുകയും ചെയ്യുക എന്ന കാര്യമാണ് ഏറെ ബുദ്ധിമുട്ട് നിറഞ്ഞത്.

ഇത് തന്നെയാണ് ആളൂരിന്റെ ജോലി എളുപ്പമാക്കുന്നതും. പൊലീസ് കൊണ്ടു വരുന്ന സാക്ഷികളെ പൊളിക്കാൻ ആളൂരിന് ഒറ്റ ചോദ്യം മതിയാവും. ജോളി ചെയ്ത ഓരോ കാര്യങ്ങളും സാക്ഷികൾ എങ്ങിനെ പതിന്നാല് വർഷം ഓർത്തിരുന്നു..! സുപ്രീം കോടതി വരെ പോയി കൊടും കുറ്റവാളി ഗോവിന്ദചാമിയെ കേസിൽ നിന്നും രക്ഷിച്ചെടുത്ത ആളൂരിന് ജോളിയെ സെഷൻസ് കോടതിയിൽ നിന്നു തന്നെ രക്ഷിച്ചെടുക്കാൻ പുഷ്പം പോലെ സാധിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. വിവാദങ്ങളും വാർത്തകളും കോടതിയെ സ്വാധീനിക്കുകയും, വേഗത്തിൽ വിചാരണ നടപടികൾ പൂർത്തിയാകുകയും ചെയ്‌തെങ്കിൽ മാത്രമേ ആളൂരിന് അൽപമെങ്കിലും പേടിക്കേണ്ടതുള്ളൂ.

ഇതിനിടെ, കൊലപാതക പരമ്പരയിലെ ആറ് മരണങ്ങളിൽ അഞ്ചെണ്ണത്തിന്റെ തിരക്കഥ വെള്ളിയാഴ്ച നടന്ന തെളിവെടുപ്പിനിടെ പൊലീസ് സംഘത്തോട് ജോളി വെളിപ്പെടുത്തി. പൊന്നാമറ്റത്ത് വീട്ടിലും ഭർത്താവായ ഷാജുവിന്റെ വീട്ടിലും നടത്തിയ തെളിവെടുപ്പുകൾക്കു ശേഷം അന്വേഷണസംഘത്തിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് അഞ്ചു പേരെ കൊലപ്പെടുത്തിയത് എങ്ങനെയെല്ലാമെന്ന് ജോളി അക്കമിട്ടു പറഞ്ഞത്.

ഷാജുവിന്റെയും ആദ്യഭാര്യ സിലിയുടെയും മകൾ ആൽഫൈൻ മരിച്ചതിന്റെ ഉത്തരവാദിത്വം ജോളി നിഷേധിച്ചു. ജോളി, മറ്റു പ്രതികളായ മാത്യു, പ്രജികുമാർ എന്നിവരെ ഇന്ന് പൊന്നമറ്റം വീട്ടിലെത്തിച്ചു നടത്തിയ തെളിവെടുപ്പ് രണ്ടര മണിക്കൂറിലധികം നീണ്ടു. തെളിവെടുപ്പിന് എത്തിച്ച പ്രതികളെ കൂവിവിളിച്ചാണ് ജനക്കൂട്ടം എതിരേറ്റത്.

പൊന്നാമറ്റം വിടിന്റെ കിടപ്പുമുറിയിൽ നിന്നും വീട്ടു പരിസരത്തു നിന്നും രണ്ട് കീടനാശിനി കുപ്പികൾ അന്വേഷണസംഘം കണ്ടെടുത്തു. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ഉച്ചകഴിഞ്ഞ് ഷാജുവിന്റെ വീട്ടിലും, താൻ ജോലി ചെയ്തിരുന്നതായി ജോളി പ്രചരിപ്പിച്ച എൻ.ഐ.ടി കാമ്പസിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പു നടത്തി.