
മാണി സാറിന്റെ ഓര്‍മ്മകളുടെ നിറവില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) 55-ാം ജന്മദിനം ആഘോഷിച്ചു
സ്വന്തം ലേഖകൻ
കോട്ടയം : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരകണക്കിന് പ്രവര്‍ത്തകരുടേയും നേതാക്കന്മാരുടേയും സാനിധ്യത്തില്‍ നടന്ന കേരളാ കോണ്‍ഗ്രസ്സ് (എം) അന്‍പത്തിയഞ്ചാം ജന്മദിന ആഘോഷത്തില്‍ നിറഞ്ഞത് മാണിസാറിന്റെ ഓര്‍മ്മകള്‍. കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്ററില്‍ ചേര്‍ന്ന ജന്മദിന സമ്മേളനം കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്തു. പാലായിലെ പരാജയത്തെ സംബന്ധിച്ച് വസ്തുതാപരവും സത്യസന്ധവുമായ ആത്മപരിശോധന പാര്‍ട്ടിക്കുള്ളില്‍ നടത്തുമെന്ന് ജോസ് കെ.മാണി പറഞ്ഞു. വീഴ്ചകള്‍ തിരുത്തി താഴെ തട്ടുമുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തും. എല്ലാ തിരിച്ചടികളില്‍ നിന്നും തിരിച്ചുവന്ന ചരിത്രമാണ് കേരളാ കോണ്‍ഗ്രസ്സിന്റേത്. പരാജയത്തില്‍ പതറാതെ മാണി സാറിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകും. ജോസ് കെ.മാണി എം.പി ജന്മദിന കേക്ക് മുറിച്ചാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

കെ.എം മാണിയുടെ ഛായാചിത്രം പ്രത്യേകമായി വേദിയില്‍ തയ്യാറാക്കിയിരുന്നു. മാണിസാറിനെ അനുസ്മരിച്ചുകൊണ്ടും ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയുമാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഉന്നതാധികാര സമിതി അംഗം പി.കെ സജീവ് അധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടന്‍ എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ഡോ.എന്‍.ജയരാജ് എം.എല്‍.എ, പി.ടി ജോസ്, ജോസഫ് എം.പുതുശ്ശേരി എക്‌സ് എം.എല്‍.എ, സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്.എം.എല്‍.എ, ജോസ് ടോം, ജോസഫ് ചാമക്കാല തുടങ്ങിയവര്‍ പ്രസംഗിച്ചു. പാര്‍ട്ടി ജില്ലാ പ്രസിഡന്റുമാരും, സ്റ്റീയറിംഗ് കമ്മറ്റി അംഗങ്ങളും വേദിയില്‍ സന്നിഹിതരായിരുന്നു. കേരളാ കോണ്‍ഗ്രസ്സ് (എം) ല്‍ ചേര്‍ന്ന മുന്‍ എം.എല്‍.എ പി.എം മാത്യുവും ചടങ്ങില്‍ പങ്കെടുത്തുന്നു. കേരളാ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തെ ഭാവിയിലേക്ക് നയിക്കാന്‍ കഴിയുന്നത് ജോസ് കെ.മാണി നേതൃത്വം നല്‍കുന്ന പാര്‍ട്ടിക്കാണെന്ന് ഉത്തമബോധ്യമുള്ളതുകൊണ്ടാണ് മാതൃസംഘടനയിലേക്ക് തിരികെ വരാനുള്ള രാഷ്ട്രീയ നിലപാട് സ്വീകരിച്ചതെന്ന് പി.എം മാത്യു പറഞ്ഞു.

Third Eye News Live
0
Tags :