
കോട്ടയം നഗരത്തിൽ വീണ്ടും ഓട്ടോ സമരം ; മീറ്റർ ഇടാതെ ഞങ്ങൾ ഓടും ചോദിക്കാൻ നിങ്ങളാരാ ?
സ്വന്തം ലേഖിക
കോട്ടയം : മോട്ടോർ വാഹന വകുപ്പ് ഓട്ടോറിക്ഷയുടെ മീറ്റർ പിടിക്കാൻ തുടങ്ങിയതോടെ ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ വെല്ലുവിളിയുമായി രംഗത്ത്.
ബുധനാഴ്ച രാവിലെ പരിശോധന നടത്തിയ മോട്ടോർ വാഹന വകുപ്പിനെ തടഞ്ഞ ഓട്ടോറിക്ഷ തൊഴിലാളിയൂണിയനുകാർ മീറ്റർ പരിശോധന അവസാനിപ്പിക്കുന്നത് വരെ സമരം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബുധനാഴ്ച രാവിലെ പതിനൊന്നു മണി മുതൽ സമരവുമായി ഓട്ടോ തൊഴിലാളികൾ രംഗത്തെത്തി.രാവിലെ ശാസ്ത്രി റോഡിന് സമീപം കുര്യൻ ഉതുപ്പു റോഡിൽ മോട്ടർ വാഹനവകുപ്പു ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവം എൻഫോഴ്‌സ്‌മെന്റ് ആർ ടി ഓ ടോജോ എം തോമസിന്റെ നേതൃത്വത്തിലുള്ള ചർച്ചയിലൂടെയാണ് പരിഹരിച്ചത്.ഇതിന് ശേഷം ഓട്ടോ തൊഴിലാളി യൂണിയൻ നേതാക്കൾ
ജില്ലാ കളക്ടർ സുധീർ ബാബുവുമായി ചർച്ച നടത്തി. എന്നാൽ വിട്ടുവീഴ്ചയില്ല എന്ന നിലപാട് കളക്ടർ സ്വീകരിച്ചതോടെ തൊഴിലാളി യൂണിയൻ സമരം പ്രഖ്യാപിക്കുകയായിരുന്നു.കോട്ടയം നഗരത്തിലെ സ്റ്റാൻഡുകളിലേയും പരിസരത്തെ സ്റ്റാൻഡുകളിലേയും ഓട്ടോ ഡ്രൈവർമാരാണ് സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.കഴിഞ്ഞ സെപ്റ്റംബർ മുതൽ കോട്ടയം നഗരത്തിൽ മീറ്റർ കർശനമാക്കമെന്നാണ് ജില്ലാ കളക്ടർ പ്രഖ്യാപിച്ചിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനെതിരെ രണ്ട് തവണയാണ് ഓട്ടോ ഡ്രൈവർമാർ പ്രതിഷേധ സമരം നടത്തിയത്.വീണ്ടും പരിശോധന ആരംഭിച്ചതിനെ പ്രതിരോധിക്കാനാണ് സമര പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കോട്ടയം നഗരത്തിൽ മീറ്ററിട്ട് ഓടുന്നത് ലാഭകരമാകില്ലെന്നാണ് ഡ്രൈവർമാരുടെ വാദം.മീറ്റർ ഇടാതെ ഓടി ഓട്ടോറിക്ഷക്കാരാകട്ടെ യാത്രക്കാരെ കൊള്ളയടിക്കുകയാണ്.ഈ സാഹചര്യത്തിലാണ് മീറ്റർ കർശനമാക്കാൻ ജില്ലാ കളക്ടർ തീരുമാനിച്ചത്.മുൻപ് പല കളക്ടർമാരും ശ്രമിച്ച് പരാജയപ്പെട്ടെടുത്താണ് പുതിയ കളക്ടറുടെ പരീക്ഷണം.സമര ഭീഷണിയും ഗുണ്ടായിസവുമായി ഓട്ടോ ഡ്രൈവർമാർ വിജയിക്കുമോ എന്നാണ് നാട്ടുകാർ ഉറ്റുനോക്കുന്നത്.