കറുകച്ചാലിൽ വ്യാപാരിയെ കുത്തി വീഴ്ത്തിയ ശേഷം അരലക്ഷം രൂപയും സ്വർണമാലയും മോഷ്ടിച്ചു: മോഷണം നടത്തിയത് ഇരുട്ടിൽ പതിയിരുന്ന അക്രമി സംഘം; മൂന്ന് തവണ കുത്തിയ ശേഷം മാലയും മോഷ്ടിച്ചു; വ്യാപാരി ഗുരുതരാവസ്ഥയിൽ

കറുകച്ചാലിൽ വ്യാപാരിയെ കുത്തി വീഴ്ത്തിയ ശേഷം അരലക്ഷം രൂപയും സ്വർണമാലയും മോഷ്ടിച്ചു: മോഷണം നടത്തിയത് ഇരുട്ടിൽ പതിയിരുന്ന അക്രമി സംഘം; മൂന്ന് തവണ കുത്തിയ ശേഷം മാലയും മോഷ്ടിച്ചു; വ്യാപാരി ഗുരുതരാവസ്ഥയിൽ

ക്രൈം ഡെസ്‌ക്

കറുകച്ചാൽ: വ്യാപാര ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വ്യാപാരിയെ വഴിയിൽ തടഞ്ഞു നിർത്തി കുത്തി വീഴ്ത്തിയ അക്രമി സംഘം അരലക്ഷം രൂപയും സ്വർണ്ണമാലയും കവർന്നു.

കറുകച്ചാൽ ഇടയരിക്കപ്പുഴയിലെ വ്യാപാരിയായ ബേബിക്കുട്ടിയെയാണ് അക്രമി സംഘം കുത്തി വീഴ്ത്തി വൻ കവർച്ച നടത്തിയത്. ഗുരുതരമായി കുത്തേറ്റ ബേബിക്കുട്ടിയെ ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിലും, പിന്നീട് കൊച്ചി ലേക്ക്‌ഷോർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ അന്വേഷണം ആരംഭിച്ച കറുകച്ചാൽ പൊലീസ് കേസിൽ പ്രതികളെന്ന് സംശയിക്കുന്ന നാലു പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്ത വരികയാണ്. സംഭവത്തിൽ ഇവർക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. കൃത്യമായ തെളിവുകൾ ലഭിച്ചാൽ ഇവരെ അറസ്റ്റ് ചെയ്‌തേക്കും.

ഞായറാഴ്ച വൈകിട്ട് പത്തരയോടെ കറുകച്ചാൽ ഇടയരിക്കപ്പുഴയിലായിരുന്നു സംഭവം. രാത്രിയിൽ കടയടച്ച ശേഷം വീട്ടിലേയ്ക്ക് നടന്ന് പോകുകയായിരുന്നു ബേബിക്കുട്ടി. ഇടയരിക്കപ്പുഴയിൽ നിന്നും മണിമല റൂട്ടിലേയ്ക്ക് ബേബിക്കുട്ടി തിരിഞ്ഞതോടെ ഇവിടെ ചാടി വീണ അക്രമി സംഘം ബേബിക്കുട്ടിയെ ആക്രമിക്കുകയായിരുന്നു. മുന്നിലും പിന്നിലുമായി നിന്നിരുന്ന അക്രമികൾ മൂന്നു തവണ ബേബിക്കുട്ടിയെ കുത്തി.

തുടർന്ന് കഴുത്തിൽക്കിടന്ന മാല വലിച്ച് പൊട്ടിക്കുകയും, കയ്യിൽ ബാഗിനുള്ളിലുണ്ടായിരുന്ന അരലക്ഷത്തോളം രൂപ പിടിച്ചു പറിച്ചെടുക്കുകയും ചെയ്തു. കുത്തേറ്റ് റോഡിൽ വീണു കിടന്ന ബേബിക്കുട്ടിയെ ഇതുവഴി വാഹനത്തിൽ എത്തിയവരാണ് കണ്ടത്. തുടർന്ന് ഇവർ കറുകച്ചാൽ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് സംഘം എത്തി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബേബിക്കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ലേക്ക് ഷോർ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. കറുകച്ചാൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.