എന്റെ ഫോൺ കോളുകൾ ചോർത്തുന്നുണ്ട് ; സർക്കാരിന്റെ അറിവോടെയെന്ന് വ്യക്തം : രമേശ് ചെന്നിത്തല
സ്വന്തം ലേഖിക
തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തന്റെ ഫോൺ കോളുകൾ ചോർത്തുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ അറിവോടെയാണോ ഇതെന്നു വ്യക്തമാക്കണമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മൂന്നു നാലു ദിവസമായി ഫോൺ ചോർത്തുന്നതായി സംശയമുണ്ട്. മറ്റ് പ്രതിപക്ഷ നേതാക്കളുടെ ഫോണും ചോർത്തുന്നതായി സംശയമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമല വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് ചെന്നിത്തല ആവർത്തിച്ചു. ബിജെപി ശബരിമല വിഷയത്തെ സുവർണാവസരമായി കാണുക മാത്രമാണ് ചെയ്തതെന്നും യുഡിഎഫ് എന്നും വിശ്വാസികൾക്കൊപ്പം നിൽക്കുമെന്നും ചെന്നിത്തല പറഞ്ഞു. 2021 ൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ ശബരിമല യുവതീപ്രവേശന വിധിക്കെതിരെ നിയമനിർമ്മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിലെ ജനങ്ങൾക്ക് ഉറപ്പു നൽകുകയാണ്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ തീർച്ചയായും നിയമനിർമ്മാണം നടത്തും. യുവതീ പ്രവേശന വിധിക്കെതിരെ നിയമനിർമാണം നടത്തുമെന്ന് ആർജ്ജവത്തോടെ പറയാൻ ആഗ്രഹിക്കുന്നു. കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയായിരിക്കും നിയമനിർമ്മാണം നടത്തുകയെന്നു ചെന്നിത്തല പറഞ്ഞു. നിയമസഭയിൽ ശബരിമല യുവതീ പ്രവേശനത്തിനെതിരെ നിയമനിർമാണം നടത്താൻ പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും ചെന്നിത്തല വെല്ലുവിളിച്ചു.
ബിജെപിക്കെതിരെയും ചെന്നിത്തല രൂക്ഷ വിമർശനമുന്നയിച്ചു. ശബരിമല ബിജെപിക്കു സുവർണാവസരമായിരുന്നു. ശബരിമലയിൽ നിയമനിർമാണം നടത്തുമെന്നു പറഞ്ഞു ബിജെപി വിശ്വാസികളെ കബളിപ്പിച്ചു. രാഷ്ട്രീയ നേട്ടത്തിനാണ് ബിജെപി ശബരിമലയെ ഉപയോഗിച്ചത്. യുവതീ പ്രവേശന വിധിക്കെതിരെ പാർലമെന്റിൽ നിയമനിർമാണം നടത്താൻ നരേന്ദ്ര മോദിയെയും അമിത് ഷായെയും വെല്ലുവിളിക്കുകയാണ്. അതിനുള്ള ധൈര്യം ബിജെപിക്ക് ഉണ്ടോയെന്നു രമേശ് ചെന്നിത്തല ചോദിച്ചു.
യുഡിഎഫ് എന്നും വിശ്വാസി സമൂഹത്തിനൊപ്പമാണ്. അവർക്കൊപ്പം എന്നും നിൽക്കും. നാളെയും അങ്ങനെ തന്നെയായിരിക്കും. അതിൽ രാഷ്ട്രീയമില്ല. പാലായിൽ പറ്റിയ തെറ്റ് അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ ഉണ്ടാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.