
സമുദ്ര നിരപ്പ് ഉയർന്നു വരുന്നു ; കൊച്ചിയും ചെന്നൈയുമടക്കം പ്രതിസന്ധിയിൽ ; കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ഏറിയ പങ്കും മുങ്ങുമെന്ന് ശാസ്ത്ര ലോകം
സ്വന്തം ലേഖിക
കൊച്ചി: സമുദ്രനിരപ്പ് ഉയരുന്നതിന്റെ വേഗം കൂടിവരുന്നതിനാൽ കേരള തീരങ്ങളിൽ വലിയൊരുഭാഗം ഭീഷണിയിൽ. ഈ നൂറ്റാണ്ടിൽ വർഷം 3.4 മില്ലീമീറ്ററാണ് സമുദ്രനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഈ സ്ഥിതി തുടർന്നാൽ കേരളതീരങ്ങളിൽ വലിയൊരുഭാഗം മുങ്ങുമെന്നാണ് ശാസ്ത്രലോകം കണക്കുകൂട്ടുന്നത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനങ്ങളിലാണ് ഇതു വ്യക്തമാക്കുന്നത്. ധ്രുവമേഖലയിലെ മഞ്ഞുപാളികൾ ഉരുകുന്നതിന്റെ തോത് പ്രവചിച്ചതിനെക്കാൾ വളരെ വേഗത്തിലായതാണ് സമുദ്രനിരപ്പ് ഉയരുന്നതിന്റെ പ്രധാന കാരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തെ മറ്റു തീരനഗരങ്ങളെക്കാൾ വേഗത്തിലാണ് കൊച്ചിയിൽ സമുദ്രനിരപ്പ് ഉയരുന്നത്. ഏറ്റവും കൂടുതൽ അപകടഭീഷണിയുള്ളത് ബംഗാൾ, ഒഡിഷ, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കേരളം, മഹാരാഷ്ട്ര തീരങ്ങളാണ്. സമുദ്രനിരപ്പ് ഉയരുന്നതു മൂലം അപകടത്തിലാകുന്ന ലോകത്തിലെ ആദ്യ 20 നഗരങ്ങളിൽ കൊച്ചി, ചെന്നൈ, സൂറത്ത് നഗരങ്ങളുണ്ട്.
കടൽത്തിരകളുടെ ശക്തി കൂടുന്നതും താഴ്ന്ന കരയും ഇവിടങ്ങളിൽ വൻ നാശനഷ്ടമുണ്ടാക്കും. വിശാഖപട്ടണം, ഭുവനേശ്വർ, ചെന്നൈ, നാഗപട്ടണം എന്നിവിടങ്ങളിലാകും കടൽ കയറി കൂടുതൽ തീരം നഷ്ടമാവുക. ഇന്ത്യയുടെ കിഴക്കൻ തീരത്ത് ഗംഗ, ബ്രഹ്മപുത്ര പീഠഭൂമികളാകും സമുദ്രനിരപ്പ് ഉയരുന്നതിന്റെ തിക്തഫലങ്ങൾ കൂടുതൽ നേരിടേണ്ടിവരിക.