
കായിക മേളയ്ക്കിടെ വിദ്യാർത്ഥിയുടെ തലയിൽ ഹാമർ വീണ സംഭവം: പാലാ നഗരസഭയിൽ ഡിവൈഎഫ്‌ഐ പ്രതിഷേധം; മുദ്രാവാക്യം വിളികളുമായി കൗൺസിൽ ഹാളിനുള്ളിൽ
സ്വന്തം ലേഖകൻ
കോട്ടയം: കായിക മേളയ്ക്കിടെ പാലായിൽ വിദ്യാർത്ഥിയുടെ തലയിൽ ഹാമർ ത്രോ ബോൾ വീണ സംഭവത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. പ്രതിഷേധത്തിന്റെ ഭാഗമായി നഗരസഭ കൗൺസിൽ ഹാളിൽ കൗൺസിൽ യോഗം നടക്കുന്നതിനിടെ പാഞ്ഞുകയറിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യവും മുഴക്കി.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കായിക മേളയുടെ വാളണ്ടിയറായി പ്രവർത്തിച്ചിരുന്ന വിദ്യാർത്ഥിയുടെ തലയിൽ ഹാമർ ത്രോ ബോൾ വീണത്. ഗുരുതരായി പരിക്കേറ്റ വിദ്യാർത്ഥിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ കായിക വകുപ്പിന് ഗുരുതരവീഴചയുണ്ടായതായി ആരോപണം ഉയർന്നിരുന്നു. കായിക മേള നടത്തിപ്പിന്റെ സംഘാടകർക്കെതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ പ്രവർത്തകർ പാലാ നഗരസഭ ഓഫിസിനുള്ളിൽ അതിക്രമിച്ച് കയറിയത്. മുദ്രാവാക്യം മുഴക്കിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഹാളിനുള്ളിൽ കുത്തിയിരിക്കുകയാണ്.
ഉത്തരവാദികൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും ഇക്കാര്യത്തിൽ നഗരസഭാധികൃതർ കാണിക്കുന്ന അനാസ്ഥയും അലംഭാവവും അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വിദ്യാർത്ഥിയുടെ കുടുംബത്തിന് അർഹമായ നഷ്ട പരിഹാരം എത്രയും വേഗം നൽകണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. നേതാക്കളായ ടി.ഒ. അനൂപ്, ജിൻസ് ദേവസ്യാ, വിഷ്ണു . എൻ. ആർ. തോമസ് ജോർജ്, നവീൻ മാത്യു ആദർശ് ‘ എസ്. എന്നിവർ പ്രസംഗിച്ചു.
സംഭവ സ്ഥലത്ത് പൊലീസ് എത്തിച്ചേർന്നിട്ടുണ്ട്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയേക്കുമെന്നാണ് ലഭിക്കൂന്ന സൂചന. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയുടെ നില അതീവ ഗുരുതരമായി ഇപ്പോഴും തുടരുകയാണ്.