പതിവ് തെറ്റിച്ച് കേരളം ; ഫെഡറേഷൻ കപ്പ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇരട്ടക്കീരിടം

പതിവ് തെറ്റിച്ച് കേരളം ; ഫെഡറേഷൻ കപ്പ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇരട്ടക്കീരിടം

സ്വന്തം ലേഖിക

ന്യൂഡൽഹി : ചരിത്രം തിരുത്തി ഫെഡറേഷൻ കപ്പ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഇരട്ടക്കിരീടം. ഏകപക്ഷീയമായ ഫൈനലിൽ പുരുഷ ടീം അയൽക്കാരായ തമിഴ്‌നാടിനെ നേരിട്ടുള്ള സെറ്റുകളിൽ തകർത്തത് (2521, 2518, 2517). കരുത്തരായ റെയിൽവേസിനെയാണ് വനിതാ ടീം മൂന്നുസെറ്റുകളിൽ കെട്ടുകെട്ടിച്ചത് (2518, 2520, 2522).

ഫെഡറേഷൻ കപ്പ് ചരിത്രത്തിൽ ആദ്യമായാണ് കേരളം ഇരുവിഭാഗങ്ങളിലും കപ്പുയർത്തുന്നത്. ഫൈനലിൽ തമിഴ്‌നാട് കേരളത്തിന് വെല്ലുവിളിയാവുമെന്നാണ് കരുതിയത്. ഗ്രൂപ്പ് മത്സരത്തിൽ അഞ്ചു സെറ്റിലാണ് കേരളം തമിഴ്‌നാടിനെ തോൽപ്പിച്ചിരുന്നത്. എന്നാൽ, ഈ ഇന്ത്യൻ താരങ്ങളായ സെറ്റർ ഉക്രപാണ്ഡ്യനും നവീൻ ജേക്കബ് രാജയും വൈഷ്ണവും അണിനിരന്ന തമിഴ്‌നാടിന് കേരളത്തിന്റെ ടീം ഗെയ്മിനുമുന്നിൽ പിടിച്ചുനിൽക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജെറോം വിനീത്, അജിത് ലാൽ, ഷോൺ ടി. ജോൺ എന്നിവർ ആക്രമണത്തിൽ മികച്ചുനിന്നപ്പോൾ പ്രതിരോധനിരയിൽ ജി.എസ്. അഖിനും സാരംഗ് ശാന്തിലാലും കേരളത്തിന്റെ വൻമതിലായി. ജെറോം ചാമ്പ്യൻഷിപ്പിലെ മികച്ച അറ്റാക്കറും അഖിൻ മികച്ച ബ്ലോക്കറുമായി തിരഞ്ഞെടുക്കപ്പെട്ടു.

ചാമ്പ്യൻഷിപ്പിൽ പരാജയമറിയാതെയാണ് ടീം കിരീടം ചൂടിയത്. ഗ്രൂപ്പ് മത്സരങ്ങളിൽ ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ്, റെയിൽവേസ്, ഹരിയാണ, തമിഴ്‌നാട് ടീമുകളെയാണ് കേരളം കീഴടക്കിയത്. സെമിയിൽ ആതിഥേയരായ പഞ്ചാബിനെ അഞ്ചുസെറ്റ് നീണ്ട മാരത്തൺ പോരാട്ടത്തിൽ മറികടന്നു.

ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിനോടേറ്റ തോൽവിക്ക് കണക്കുതീർക്കാൻ ലക്ഷ്യമിട്ടാണ് വനിതാ ഫൈനലിൽ റെയിൽവേസ് ഇറങ്ങിയത്. എന്നാൽ, ഒരു ഘട്ടത്തിൽപ്പോലും കേരളത്തിന് വെല്ലുവിളിയാവാൻ താരനിബിഡമായ റെയിൽവേ ടീമിന് കഴിഞ്ഞില്ല. ഇന്ത്യൻ ക്യാപ്റ്റൻ എസ്. രേഖയുടെ നേതൃത്വത്തിൽ ഇറങ്ങിയ കേരളം പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ മികവുകാട്ടി. കേരളത്തിന്റെ എസ്.രേഖയാണ് മികച്ച അറ്റാക്കർ. എസ്. സൂര്യ മികച്ച ബ്ലോക്കറുമായി തിരഞ്ഞെടുക്കപ്പെട്ടു.