ഈ ശബരിമല സീസണും അലമ്പാകും: സ്ത്രീകൾ പ്രവേശിച്ചാൽ ഇക്കുറിയും എതിർക്കും; പ്രഖ്യാപനവുമായി എത്തിയത് കോൺഗ്രസ് നേതാവ്
സ്വന്തം ലേഖകൻ
പത്തനംതിട്ട: ശബരിമല സീസൺ ഇക്കുറിയും അലമ്പാകുമെന്ന് ഏതാണ്ട് ഉറപ്പായി. സീസണിൽ പ്രതിഷേധവുമായി എത്തുമെന്ന് ഇത്തവണ പക്ഷേ പ്രഖ്യാപിച്ചിരിക്കുന്നത് കോൺഗ്രസ് നേതാവാണ്. കഴിഞ്ഞ തവണ സ്ത്രീകളെ തടയാൻ ആർഎസ്എസ് സംഘ പരിവാർ പ്രവർത്തകർ എത്തിയതിനു സമാനമായി ഇക്കുറി ഈ കോൺഗ്രസ് നേതാവ് ഉണ്ടാകുമെന്നാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കൂടിയായ കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണനാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ പാർട്ടിയിലെ ഗ്രൂപ്പുപോര് കാരണമാണ് തനിക്ക് ആ സീറ്റ് നഷ്ടപ്പെട്ടതെന്ന് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ പ്രയാർ ഗോപാലകൃഷ്ണൻ തുറന്നുപറയുന്നു. വട്ടിയൂർക്കാവ് സീറ്റ് തന്നാൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് ഞാൻ പാർട്ടിയെ അറിയിച്ചിരുന്നു. പക്ഷേ, അവസാനം എല്ലാം ഗ്രൂപ്പുകളിയായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അങ്ങനെയാണ് വട്ടിയൂർക്കാവ് സീറ്റ് എനിക്ക് കിട്ടാതെ പോയത്. എന്നുകരുതി പാർട്ടിക്ക് എതിരായ നിലപാട് ഞാൻ ഒരുകാലത്തും സ്വീകരിക്കില്ല. ആറാം തീയതി മലയാലപ്പുഴ പഞ്ചായത്ത് കൺവെൻഷനിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി വിളിച്ചിരുന്നു. ചെല്ലാമെന്നേറ്റു.
പറ്റുന്നിടത്തെല്ലാം പാർട്ടിക്ക് വേണ്ടി ഞാനിറങ്ങും. ഒന്നരവർഷം എം.എൽ.എ ആകുന്നതുകൊണ്ട് കാര്യമൊന്നുമില്ലെന്നാണ് എന്റെ അഭിപ്രായം. അടുത്ത തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ ഞാൻ ചെയ്ത പദ്ധതിയെന്ന് പറഞ്ഞ് ജനങ്ങളെ സമീപിക്കാൻ ഒന്നര വർഷം എം.എൽ.എ സ്ഥാനം ലഭിച്ചതുകൊണ്ട് കഴിയില്ലന്നും പ്രയാർ പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 19 സീറ്റുകൾ ലഭിച്ചതിന്റെ അടിസ്ഥാനം ശബരിമല വിഷയമാണ്. വിഷയം ഉയർത്തിക്കൊണ്ടുവന്നത് ഞാനാണ്. പക്ഷേ, എന്റെ പാർട്ടിയിലുളള ആരും അത് അംഗീകരിക്കാൻ തയാറല്ല. എല്ലാവരും അവരവരുടെ മിടുക്ക് കൊണ്ടാണ് ജയിച്ചതെന്ന് പറഞ്ഞ് നടക്കുകയാണ്. കോൺഗ്രസുകാരെല്ലാം ഒന്നിച്ച് നിന്നാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അധികാരത്തിൽ വരാം.
അധികാരത്തിലെത്തിയാൽ തീർച്ചയായും സർക്കാർ ആദ്യം ചെയ്യുന്നത് ശബരിമലയിലെ നിയമനിർമ്മാണം ആയിരിക്കും. ശബരിമല വിഷയത്തിൽ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പി.സി ചാക്കോയും നല്ല രീതിയിൽ സഹായിച്ചിരുന്നു. സുപ്രീംകോടതിയിലെ അഭിഭാഷകനായ മനു അഭിഷേക് സിംഗ് വിയുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. അടുത്തയാഴ്ച കേസിന്റെ തുടർനടപടികൾക്കായി ഡൽഹിയിലേക്ക് പോകും.
പതിനേഴാം തീയതി ശബരിമലയിൽ വിധി പറഞ്ഞ ജഡ്ജി വിരമിക്കുകയാണ്. അതിനുമുമ്പായി ചിലപ്പോൾ പുന:പരിശോധനാ ഹർജികളിൽ വിധി വന്നേക്കാം. അല്ലെങ്കിൽ ഏഴംഗ ബെഞ്ചിലേക്ക് പോകാനാണ് സാദ്ധ്യത. വിഷയത്തിൽ കേന്ദ്ര സർക്കാരോ, സംസ്ഥാന സർക്കാരോ അടിയന്തരമായി ഓർഡിനൻസ് ഇറക്കണമെന്നാണ് ആവശ്യം. ശബരിമലയിൽ യുവതീ പ്രവേശനം പാടില്ലെന്ന് അഭ്യർത്ഥിച്ച് ഒരു കോടി ആളുകൾ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
ഞാനും സുരേഷ് ഗോപിയും കെ.സി വേണുഗോപാലും ആ നിവേദനത്തിൽ ഒപ്പിട്ടിട്ടുണ്ട്. 1955,56 വർഷങ്ങളിൽ ശബരിമലയിൽ യുവതീ പ്രവേശനം പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പന്തളം കൊട്ടാരത്തിൽ ആ ഉത്തരവിന്റെ കോപ്പിയുണ്ടാവും. എത്രയുംവേഗം ആ ഉത്തരവ് സുപ്രീംകോടതിക്ക് മുന്നിലെത്തിക്കാനുളള നടപടികൾ പന്തളം രാജകുടുംബം അഭിഭാഷകൻ വഴി സ്വീകരിക്കണം.
ഈ മണ്ഡലകാലത്ത് യുവതികൾ ആരെങ്കിലും ശബരിമലയിൽ പ്രവേശിച്ചാൽ അതിന് എതിരായി നിൽക്കേണ്ടത് എന്റെ ബാദ്ധ്യതയാണ്. അതിന് എന്ത് പ്രത്യാഘാതം ഉണ്ടായാലും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറാണ്. കൊടിയും അടിയും വെടിയുമില്ലാത്ത സഹന സമരമായിരിക്കും നടത്തുക. എന്നെ ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത് കോൺഗ്രസ് പാർട്ടിയാണ്.
സംസ്ഥാന സർക്കാരും മാർക്‌സിസ്റ്റ് പാർട്ടിയും എന്നെ നിരന്തരമായി വേട്ടയാടുകയാണ്. എന്റെ ഭാര്യ കടയ്ക്കലിലെ ഒരു സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു. ശബരിമല വിഷയത്തിന്റെ പേരിൽ ഭാര്യയേയും ആ സ്‌കൂളിനേയും എത്രത്തോളം ദ്രോഹിക്കാമോ അത്രത്തോളം മാർക്‌സിസ്റ്റുകാർ ഉപദ്രവിച്ചു. എന്തൊക്കെയായാലും, ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നപ്പോൾ ഞാൻ മോഷ്ടിച്ചെന്നോ അഴിമതി നടത്തിയെന്നോ കമ്മിഷൻ വാങ്ങിയെന്നോ ഈ സർക്കാരിന് തെളിയിക്കാൻ സാധിച്ചിട്ടില്ല. അതുമാത്രമാണ് എന്റെ സമ്പാദ്യം.