play-sharp-fill
പഴയ പൊലീസാണ്: വണ്ടി പരിശോധിച്ചാൽ വിവരമറിയും; റിട്ട പൊലീസുകാരന്റെ വണ്ടി പരിശോധിച്ച എസ്.ഐ തെറിച്ചു

പഴയ പൊലീസാണ്: വണ്ടി പരിശോധിച്ചാൽ വിവരമറിയും; റിട്ട പൊലീസുകാരന്റെ വണ്ടി പരിശോധിച്ച എസ്.ഐ തെറിച്ചു

സ്വന്തം ലേഖകൻ
കൊല്ലം: പഴയ പൊലീസുകാരനാണ് , അതുകൊണ്ടു തന്നെ എന്റെ വണ്ടി പരിശോധിക്കേണ്ട കാര്യമില്ല. വാഹന പരിശോധനയ്ക്കിടെ എത്തിയ റിട്ട പൊലീസ് ഉദ്യോഗസ്ഥന്റെ നിലപാട് ഇതായിരുന്നു.
കർശനമായും വണ്ടി പരിശോധിച്ച ശേഷം മാത്രം വിട്ട എസ്.ഐ സ്‌റ്റേഷനിലെത്തിയപ്പോൾ കാത്തിരുന്നത് സ്ഥലം മാറ്റ ഉത്തരവും.
കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ എസ്ഐ ശിവകുമാറിനെയാണ് കൊല്ലം എ.ആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത്.
തീവ്രവാദ അക്രമണ ഭീഷണിയെ തുടർന്ന് കഴിഞ്ഞ 24 ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ജില്ലയുടെ വിവിധമേഖലകളിൽ പൊലീസ് വാഹന പരിശോധന കർശനമാക്കിയിരുന്നു.
ഇതിന്റെ ഭാഗമായി ശിവകുമാറും സംഘവും കാരൂർക്കടവ് പാലത്തിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്നു. പരിശോധനയ്ക്കിടയിൽ കിഴക്ക് ഭാഗത്ത് നിന്നും വന്ന ഒരു വാഹനം എസ്ഐ തടഞ്ഞു നിർത്തി.
വാഹന പരിശോധനയാണെന്നും സഹകരിക്കണമെന്നും വാഹനത്തിലുണ്ടായിരുന്ന ആളോട് പറഞ്ഞു. ഈ സമയം ധിക്കാരത്തോടെ തന്റെ വാഹനം അൽപ്പം മുൻപ് പരിശോധിച്ചതാണെന്നും തനിക്ക് അതിനാൽ പരിശോധന നടത്താൻ പറ്റില്ലെന്നും വാഹന ഉടമ പറഞ്ഞു.
പരിശോധിക്കാതെ വിടില്ലെന്ന് എസ്ഐ പറഞ്ഞതോടെ താൻ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനാണെന്നും പരിശോധന നടത്താൻ കഴിയില്ല എന്നും ആവർത്തിച്ചു.
എന്നാൽ ആരായാലും പരിശോധിക്കാതെ വിടില്ലെന്ന് പറഞ്ഞ് വാഹനത്തിൽ എസ്ഐ പരിശോധന നടത്തി. ഇതോടെ വാഹന ഉടമയായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഇതിനുള്ള പണി ഞാൻ വച്ചിട്ടുണ്ട് എന്ന് ഭീഷണി പെടുത്തി പോകുകയായിരുന്നു.
കഴിഞ്ഞ ദിവസം കമ്മീഷണർക്ക് മുൻ പൊലീസ് ഉദ്യോഗസ്ഥനായ മനോജ് വാഹന പരിശോധനയ്ക്കിടെ തന്നോട് എസ്ഐ അപമര്യാദയായി പെരുമാറി എന്ന് കാട്ടി പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ശിവകുമാറിനെ കൊല്ലം എ.ആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത്.
നിരവധി കേസുകളിൽ തുമ്പുണ്ടാക്കി പ്രതികളെ പിടികൂടുകയും ജനങ്ങളുമായി അടുത്ത സൗഹൃദവുമുള്ള ജനകീയനായ എസ്. ഐ യുടെ സ്ഥലമാറ്റത്തിനെതിരെ കരുനാഗപ്പള്ളിയിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്.
എസ്. ഐ യുടെ സ്ഥലംമാറ്റ ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടന മുഖ്യമന്ത്രിക്കും, ഡി. ജി. പി ക്കും, കൊല്ലം കമ്മീഷണർക്കും, മനുഷ്യാവകാശ കമ്മീഷനിലും പരാതി നൽകി. ഇന്റർനാഷണൽ ഹ്യുമന്റൈറ്റ്‌സ് ആൻഡ് ഹ്യുമാനിറ്റേറിയൻ ഫെഡറേഷൻ (എൻ. എച്ഛ്. ആർ. എഫ് )ചെയർമാൻ ഷഫീഖ് ഷാഹുൽ ഹമീദ്, മനുഷ്യാവകാശ പ്രവർത്തകനായ കടത്തൂർ സക്കീർ എന്നിവരാണ് പരാതി നൽകിയത്.
തീവ്രവാദ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ വാഹന പരിശോധന കർശനമാക്കി ജില്ലാ പൊലീസ് മേധാവി എല്ലാ സ്റ്റേഷനുകളിലേക്കും നിർദ്ദേശം അയച്ചിരുന്നു. ഇതിന്റെ ഭാഗമായി എല്ലാ പൊലീസ് സ്റ്റേഷനുകളിലേയും പൊലീസ് ഉദ്യാഗസ്ഥർ പരിശോധന നടത്തിയിരുന്നു.
കൊല്ലം ജില്ലയുടെ തീരദേശ മേഖലകൾ വഴി തീവ്രവാദികൾ കടന്നു വരുവാനുള്ള സാധ്യത വളരെ കൂടുതലാണ്.
മൽസ്യബന്ധനത്തിന് പോകുന്ന ബോട്ടുകൾ വഴി പുരം കടലിൽ നിന്നും കയറി ഹാർബറുകളിൽ വന്നിറങ്ങിയാൽ ആരും തന്നെ സംശയിക്കുകയുമില്ല. അതിനാലാണ് പരിശോധന കർശനമാക്കി പൊലീസ് മേധാവി ഉത്തരവിട്ടത്.
എന്നാൽ ഈ ഉത്തരവിനെ തുടർന്ന് പരിശോധന നടത്തിയതിനാണ് അതേ പൊലീസ് മേധാവി തന്നെ എസ്ഐയെ സ്ഥലം മാറ്റിയത്. ഇതിന് പിന്നിൽ മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ ഉന്നത ബന്ധങ്ങളാലാണെന്നാണ് സൂചന. മുൻപൊലീസ് ഉദ്യോഗസ്ഥൻ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്യുമ്പോൾ മണൽകടത്തു സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ടായിരുന്നു.
ഇതിനെതിരെ നടപടി ഉണ്ടാകുകയും ചെയ്തിട്ടുമുണ്ട്.