സ്വന്തം ലേഖിക
കാസർകോട്: മഞ്ചേശ്വരത്ത് ബി.ജെ.പി സ്ഥാനാർത്ഥിയായി ശബരിമല പ്രക്ഷോഭത്തിലൂടെ കൂടുതൽ ശ്രദ്ധേയനായ കണ്ണൂരിലെ പ്രമുഖ ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ പേര് ആർ.എസ്.എസ് നിർദേശിച്ചതായി സൂചന. ആർ.എസ്.എസ് നീക്കം ഫലിച്ചാൽ അദ്ദേഹം സ്ഥാനാർത്ഥിയാവും. ഇന്ന് രാവിലെ കുമ്പളയിൽ ബി.ജെ.പി ജില്ലാ ഭാരവാഹികൾ യോഗം ചേർന്നെങ്കിലും സ്ഥാനാർത്ഥി ചർച്ചകൾ ഉണ്ടായില്ല. ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ ഇന്ന് ഡൽഹിയിൽ പ്രഖ്യാപിക്കുമെന്നും അറിയുന്നു.
പ്രാദേശിക ഘടകത്തിന്റെ വികാരം ഉൾക്കൊണ്ട് മഞ്ചേശ്വരം മണ്ഡലത്തിൽ തന്നെയുള്ള സ്ഥാനാർത്ഥിയെ നിശ്ചയിക്കണോ അതല്ല പുറത്തുനിന്നുള്ള ആരെയെങ്കിലും സ്ഥാനാർത്ഥിയാക്കണോ എന്നത് സംബന്ധിച്ചാണ് ആശയക്കുഴപ്പം നിഴലിക്കുന്നത്. ബി.ജെ.പി കോർ കമ്മിറ്റി യോഗം തയ്യാറാക്കി കേന്ദ്ര നേതൃത്വത്തിന് കൈമാറിയ പട്ടികയിൽ മൂന്ന് പേരുകളാണുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലം സ്ഥാനാർത്ഥിയായിരുന്ന സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാർ, മണ്ഡലം പ്രസിഡന്റ് സതീഷ് ഭണ്ഡാരി, ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് എന്നിവരാണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മണ്ഡലത്തിൽ സുപരിചിതനും സംഘപരിവാർ മണ്ഡലം പ്രഭാരിയുമായ രവീശ തന്ത്രിക്ക് തന്നെയാണ് ലിസ്റ്റിൽ മുൻതൂക്കം. ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായ ശേഷം പിൻവാങ്ങേണ്ടിവന്ന നേതാവാണ് സതീഷ് ഭണ്ഡാരി. മണ്ഡലത്തിൽ അയ്യായിരത്തോളം നിഷ്പക്ഷ വോട്ടുകൾ അധികം പിടിച്ചാൽ മാത്രമേ ജയിക്കാൻ കഴിയുകയുള്ളൂ എന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. അതിന് മണ്ഡലത്തിലുള്ളവർ തന്നെ മത്സരിക്കണമെന്നാണ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിന് മുന്നിൽവച്ച നിർദ്ദേശം. മത്സരിക്കുന്നില്ലെന്ന് അറിയിച്ചിരുന്നെങ്കിലും കെ. സുരേന്ദ്രനെ വീണ്ടും മഞ്ചേശ്വരത്ത് മത്സരിപ്പിക്കാൻ ദേശീയ നേതൃത്വം സമ്മർദ്ദം ചെലുത്തുമെന്നും സൂചനയുണ്ട്.