കോട്ടയത്തു നിന്നും അരൂരിലേയ്ക്ക് പോരാടാനൊരുങ്ങി നാട്ടകം സുരേഷ്: കെ.പി.സി.സി സെക്രട്ടറി സ്ഥാനത്തു നിന്നും എംഎൽഎയാകാനൊരുങ്ങി നാട്ടകത്തിന്റെ പ്രിയ പുത്രൻ; സ്ഥാനാർത്ഥി പട്ടികയിൽ പ്രഥമപരിഗണന നാട്ടകം സുരേഷിന്
സ്വന്തം ലേഖകൻ
കോട്ടയം: സിപിഎമ്മിന്റെ ചുവപ്പൻ കോട്ടയായ അരൂരിനെ വിറപ്പിച്ച് കോൺഗ്രസിന്റെ മൂവർണ്ണക്കൊടി പാറിക്കാൻ കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് രംഗത്ത്. അരൂരിൽ സിപിഎമ്മിനെ എതിരിടാൻ കോൺഗ്രസിന്റെ കരുത്തനായ യുവ രക്തം നാട്ടകം സുരേഷിന്റെ പേരിനാണ് പ്രഥമ പരിഗണന നൽകുന്നത്. തിരഞ്ഞെടുപ്പു പോരാട്ടങ്ങളിൽ എന്നും വിജയം മാത്രം സ്വന്തം പേരിലുള്ള നാട്ടകം സുരേഷ് ഇക്കുറിയും വിജയവുമായി തിരികെ എത്തുമെന്നാണ് കോൺഗ്രസിന്റെ കോട്ടകൾ പ്രതീക്ഷിക്കുന്നത്.
നാട്ടകം സുരേഷിനെ കൂടാതെ പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ പേരുകളും ഇവിടെ പരിഗണനയിലുണ്ട്. ഷാനിമോൾ ഉസ്മാൻ, എസ്.രാജേഷ്, ജില്ലാ പഞ്ചായത്തംഗം കെ.രാജീവൻ എന്നിവരുടെ പേരുകളും പരിഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. എങ്കിലും, ഒന്നാം സ്ഥാനത്ത് പരിഗണിക്കുന്നത് സുരേഷിന്റെ പേരു തന്നെയാണ്. ഇടത് കോട്ടയായിരുന്ന നാട്ടകം പഞ്ചായത്തിനെ കോൺഗ്രസിന്റെ താവളത്തിൽ എത്തിച്ച ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായാണ് സുരേഷ് സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. നാട്ടകം എന്ന കൊച്ചു ഗ്രാമത്തിനെ പേരിനൊപ്പം ചേർത്തതും തുടർച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങളിലൂടെ തന്നെയായിരുന്നു. ഈ കരുത്തുമായാണ് സുരേഷ് പിന്നീട് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയിച്ച് കയറിയത്. തുടർന്ന് നാട്ടകം പഞ്ചായത്തിനെ കോട്ടയം നഗരസഭയുടെ ഭാഗമാക്കിയപ്പോൾ നടന്ന തിരഞ്ഞെടുപ്പിലും വിജയിച്ച സുരേഷ് കോട്ടയം നഗരസഭാംഗമായും തിളങ്ങി. തുടർന്ന് കെ.പി.സി.സി സെക്രട്ടറിയായ സുരേഷിന് ഉടുമ്പൻചോല നിയോജക മണ്ഡലത്തിന്റെ ചുമതലയാണ് ലഭിച്ചിരുന്നത്. ഇവിടെ ഭംഗിയായും ചിട്ടയായും കോൺഗ്രസിനെ കെട്ടിപ്പെടുക്കുന്നതിന്റെ ചുമതയും സുരേഷിന് തന്നെയായിരുന്നു. ഈ അടുക്കും ചിട്ടയും പാർട്ടി മിഷനറിയെ ശക്തിയുക്തം മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള ശേഷിയുമാണ് സുരേഷിനെ അരൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിനു പിന്നിൽ.
എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഈഴവ സമുദായത്തിൽ നിന്നു തന്നെയുള്ള സ്ഥാനാർത്ഥിയെ തന്നെ അരൂരിലും കോന്നിയിലും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് നാട്ടകം സുരേഷിന്റെ സാധ്യത ഇരട്ടിയായി വർധിക്കുന്നത്. സംശുദ്ധമായ രാഷ്ട്രീയവും, അഴിമതി രഹിത പ്രതിഛായയും ജനങ്ങളോടുള്ള സമീപനവുമാണ് നാട്ടകം സുരേഷ് എന്ന രാഷ്ട്രീയക്കാരനെ വ്യത്യസ്തനാക്കുന്നത്. തിരഞ്ഞെടുപ്പ് പോരാട്ടങ്ങളിൽ എന്നും ജനങ്ങളുടെ മനസ് മനസിലാക്കാൻ ഇദ്ദേഹത്തിനു സാധിച്ചിരുന്നു എന്നതാണ് ഇദ്ദേഹത്തിന്റെ വിജയങ്ങളുടെ പ്രധാന ശക്തി.