video
play-sharp-fill
പിടിക്കപ്പട്ടാൽ മനുഷ്യവിസർജ്ജമെറിഞ്ഞ് രക്ഷപ്പെടും; ഷാജി ആള് പുലിയാണ്

പിടിക്കപ്പട്ടാൽ മനുഷ്യവിസർജ്ജമെറിഞ്ഞ് രക്ഷപ്പെടും; ഷാജി ആള് പുലിയാണ്

സ്വന്തം ലേഖകൻ

തൊടുപുഴ: വിചിത്രമായ രീതിയിൽ മോഷണങ്ങൾ നടത്തി പ്രശസ്തനായ കുപ്രസിദ്ധ മോഷ്ടാവ് പത്തനംതിട്ട ഷാജി എന്നറിയപ്പെടുന്ന ഷാജഹാനെ (44) ഒടുവിൽ പൊലീസ് പിടികൂടി. ഒറ്റരാത്രികൊണ്ട് തിരുവനന്തപുരത്ത് ആറു മോഷണങ്ങൾ നടത്തി തൊടുപുഴയിലെത്തി മോഷ്ടിക്കുമ്പോഴാണ് പോലീസ് വലയിലാക്കിയത്. തൊടുപുഴ ജയ്റാണി പബ്ലിക് സ്‌കൂളിന് സമീപത്തെ കപ്പേളയിലെ മോഷണശേഷം റോഡരികിലെ കെട്ടിടത്തിന് മുന്നിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് പോലീസ് ഇയാളെ പിടികൂടുന്നത്. ജോലി അന്വേഷിച്ച് വന്നതാണെന്നാണ് ഷാജി പോലീസിനോട് പറഞ്ഞത്. എന്നാൽ ഇയാളെ പരിശോധിച്ചപ്പോൾ കപ്പേളയിൽനിന്ന് മോഷണംപോയ നാണയത്തുട്ടുകളടക്കം കണ്ടെടുത്തു. തുടർന്ന് നടന്ന ചോദ്യംചെയ്യലിൽ ജൂൺ രണ്ടിന് കാഞ്ഞാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മൂലമറ്റം ഫൊറോന പള്ളിയിലെ ഭണ്ഡാരക്കുറ്റി തകർത്ത് മോഷണം നടത്തിയത് ഷാജിയാണെന്ന് തെളിഞ്ഞു. പോലീസിന്റെ പിടിയിലാകുകയോ നാട്ടുകാർ പിടികൂടുകയോ ചെയ്താൽ മനുഷ്യ വിസർജ്യം ഏറിഞ്ഞു രക്ഷപ്പെടുന്നതാണു ഷാജിയുടെ രീതി. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ മോഷണക്കേസ്, പത്തനംതിട്ടയിലെ ക്ഷേത്ര മോഷണക്കേസ് എന്നിവയിൽ ഷാജി പ്രതിയാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, കണ്ണൂർ എന്നീ ജില്ലകളിലെല്ലാം മോഷണം നടത്തി മുങ്ങിയ വീരനാണ് ഷാജി. ജയിൽവാസത്തിനിടെ പരിചയത്തിലാകുന്നവരുമായി ചേർന്നാണ് ഷാജി മോഷണം ആസൂത്രണം ചെയ്യുന്നത്.