33 വർഷം പൂർത്തിയായാൽ കേന്ദ്ര സർവീസിൽ നിന്ന് പുറത്ത് ; ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി കേന്ദ്ര സർക്കാർ
സ്വന്തം ലേഖിക
ന്യൂഡൽഹി : സർവീസിൽ 33 വർഷം പൂർത്തിയാക്കിയ കേന്ദ്ര സർക്കാർ ജീവനക്കാരെ പിരിച്ചുവിടാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. വിരമിക്കൽ മാനദണ്ഡത്തിൽ മാറ്റംവരുത്തിയാണ് ഒഴിവാക്കുന്നത്. കേന്ദ്രത്തിൽ വിരമിക്കൽ പ്രായം 60 വയസ്സാണ്. സർവീസിൽ 33 വർഷമോ അതല്ലെങ്കിൽ 60 വയസ്സോ എന്ന തരത്തിലേക്കാണ് മാനദണ്ഡം മാറ്റുന്നത്. കേന്ദ്ര പേഴ്സണൽവകുപ്പിന്റെ ഭേദഗതി നിർദേശം ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ധനവകുപ്പിന്റെ അംഗീകാരം ലഭിച്ചാൽ അടുത്ത സാമ്പത്തികവർഷം നിലവിൽ വരും.
മുപ്പത്തിമൂന്നു വർഷം പൂർത്തിയായ എല്ലാവരും അടുത്ത വർഷം വിരമിക്കേണ്ടി വരും. ഐഎഎസ്, ഐപിഎസ്, കേന്ദ്രസേന, പ്രതിരോധം തുടങ്ങി എല്ലാ സർവീസുകൾക്കും ഇത് ബാധകമായിരിക്കും. ഇത്തരത്തിലുള്ള നിർദേശം ഏഴാം ശമ്പള കമീഷൻ നൽകിയിട്ടുണ്ടെന്ന ന്യായമാണ് പേഴ്സണൽവകുപ്പ് ഉയർത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിർദേശം ധനവകുപ്പിന് മുന്നിലാണെങ്കിലും പേഴ്സണൽവകുപ്പ് ജീവനക്കാരുടെ വിവരശേഖരണം ആരംഭിച്ചു. ഈ മാസം 17ന് വിവിധ സർക്കാർ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ചുമതലയുള്ള സെക്രട്ടറിമാർക്ക് അയച്ച മെമ്മോറാണ്ടത്തിൽ എല്ലാ ജീവനക്കാരുടെയും വിവരം 30ന് മുമ്പ് കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ആൾശേഷി ആസൂത്രണവും നയങ്ങളും രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി വിവരങ്ങൾ അറിയിക്കാനാണ് നിർദേശം. ചേർന്ന വർഷം, ഏതെല്ലാം സ്ഥലങ്ങളിൽ എന്തെല്ലാം തസ്തികകൾ വഹിച്ചു, ജോലിയിൽ പ്രവേശിച്ച രീതി, ജോലിയുടെ സ്വഭാവവും ഉത്തരവാദിത്തവും തുടങ്ങിയവയാണ് അറിയിക്കേണ്ടത്. ഭൂരിഭാഗം കേന്ദ്ര തസ്തികകളിലും 60 വയസ്സാണ് വിരമിക്കൽപ്രായം. സിഐഎസ്എഫും അസം റൈഫിൾസും ഒഴികെ കേന്ദ്രസേനകളിൽ കമാൻഡന്റുമുതൽ താഴോട്ടുള്ള തസ്തികകളിൽ 57 വയസ്സും ഡിഐജി മുതൽ മുകളിലേക്ക് 60ഉം ആയിരുന്നു. വിരമിക്കൽ പ്രായം 60 വയസ്സാക്കാൻ ഡൽഹി ഹൈക്കോടതി കഴിഞ്ഞ ജനുവരിയിൽ ഉത്തരവിട്ടിരുന്നു.