ശബരിമല തീർത്ഥാടന ഒരുക്കങ്ങളിൽ സർക്കാർ ഗുരുതര വീഴ്ച വരുത്തുന്ന: ഹിന്ദു ഐക്യവേദി
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: ശബരിമല തീർത്ഥാടനത്തിന് 52ദിവസം ശേഷിക്കെ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിൽ സർക്കാരും ദേവസ്വം ബോർഡും ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി എന്റെ ഇ.എസ് ബിജു ആരോപിച്ചു.
പമ്പയിലേക്കുള്ള റോഡുനിർമാണം, പമ്പാ നദിക്കു കുറുകെയുള്ള പാലം നിർമാണം, പ്രളയത്തിൽ തകർന്ന ശൗചാലയങ്ങളുടെ പുനർനിർമാണം എന്നിവയെല്ലാം പ്രഖ്യാപനത്തിൽമാത്രം ഒതുങ്ങുന്നു.
വിവിധ വകുപ്പുകളുടെ ഏകോപനവും, തീർത്ഥാടനസൗകര്യങ്ങൾ ഒരുക്കുന്നതിന് ചുമതലപ്പെട്ട വിവിധ ഡിപ്പാർട്മെന്റുകളുടെ പ്രവർത്തനവും നിഷ്ക്രിയമാണ്. പ്രളയത്തിൽ തകർന്ന പമ്പയുടെ പുനർനിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കും,നിലയ്ക്കലിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കി ബേസ്ക്യാമ്പ് സജീവമാക്കും എന്നുള്ള പ്രഖ്യാപനങ്ങൾ കടലാസിൽ മാത്രം ഒതുങ്ങുകയാണ്. അന്നദാന മണ്ഡപം, പ്രകൃതി സൗഹാർദ വിരിപ്പന്തൽ എന്നിവയുടെ നിർമാണവും ആരംഭിച്ചിട്ടില്ല സ്ഥിതി ഇതായിരിക്കെ വൃശ്ചികം ഒന്നിന് നടതുറക്കുന്നതിന് മുൻപ് യാതൊരു അടിസ്ഥാനസൗകര്യവും ഒരുക്കാൻ സാധ്യമല്ലാത്ത സാഹചര്യമാണ്. പ്രതിവർഷം കാണിക്കവരവ്, വഴിപാട് വരവ്, ട്രോൾ വരവ്, അപ്പം, അരവണവരവ്, കരാർ ഇനം വരവ് തുടങ്ങി 2000കോടിയിൽ അധികം രൂപ ദേവസ്വം ബോർഡിനും, റോഡ്, വൈദ്യുതി, കെ.എസ്ആർ.ടിസി, വാഹനനികുതി ടിക്കറ്റ് വരവും, ചാർജ് ഇനവരവും അടക്കം 8000കോടിയിലധികം രൂപയും ലഭിക്കുന്നു ,ശബരിമല തീർത്ഥാടനത്തിന് ദേവസ്വം ബോർഡിന്റെ ഖജനാവിൽ പണമില്ലെന്ന കാരണവും പറഞ്ഞു തീർത്ഥാടനഒരുക്കത്തിൽ വീഴ്ച വരുത്തുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് ഇ.എസ് ബിജു പറഞ്ഞു.
തീർത്ഥാടന ഒരുക്കങ്ങളിൽ സർക്കാരും ദേവസ്വം ബോർഡും വരുത്തുന്ന വീഴ്ചകൾക്കെതിരെ പ്രക്ഷോഭത്തിന് രൂപം കൊടുക്കാൻ ഒക്ടോബർ ആദ്യവാരം കോട്ടയത്ത് ഹിന്ദു സംഘടനാ നേതൃയോഗം ചേരുമെന്ന് ഇ.എസ് ബിജു പറഞ്ഞു.