play-sharp-fill
‘ആ തിരി തെളിയുന്നിടത്താണോ കൃഷ്ണനുള്ളത് ‘ ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രിയുടെ കൗതുകമുണർത്തുന്ന ചോദ്യം

‘ആ തിരി തെളിയുന്നിടത്താണോ കൃഷ്ണനുള്ളത് ‘ ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രിയുടെ കൗതുകമുണർത്തുന്ന ചോദ്യം

സ്വന്തം ലേഖിക

തൃശൂർ : ഗുരുവായൂർ ടെംപിൾ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്തി. കിഴക്കേ ഗോപുരനടയിലെ ദീപസ്തംഭത്തിനരികിൽ ഏതാനും നിമിഷം ശ്രീലകത്തേക്ക് നോക്കിനിന്ന മുഖ്യമന്ത്രി കൗതുകപൂർവം ചോദിച്ചു, ‘ആ തിരി തെളിയുന്നിടത്താണോ കൃഷ്ണനുള്ളത്…’.

ക്ഷേത്രമതിൽക്കെട്ടിന് പുറത്തുനിന്ന് ശ്രീലകത്തെ വിഗ്രഹം കാണാവുന്ന ക്ഷേത്രങ്ങൾ അപൂർവമാണെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ ബി മോഹൻദാസ് പറഞ്ഞപ്പോഴാണ് മുഖ്യമന്ത്രിയുടെ കൗതുകപൂർവമായ ചോദ്യം. ഗുരുവായൂർ അമ്പലനടയിൽ ആദ്യമായാണ് പിണറായി വിജയനെത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പന്തീരടി പൂജകഴിഞ്ഞ് ഉദയാസ്തമന പൂജയ്ക്കിടെ നടതുറന്ന നേരത്തായിരുന്നു മുഖ്യമന്ത്രിയെത്തിയത്. ഈ സമയത്ത് പീലിത്തിരുമുടിചാർത്തി, പൊന്നോടക്കുഴലുമായി പുഞ്ചിരി തൂകുന്ന ബാലരൂപമായിരുന്നു ഗുരുവായൂപ്പന്. തറക്കല്ലിടലിനുശേഷമുള്ള സമ്മേളനച്ചടങ്ങ് ഗുരൂവായൂർക്ഷേത്രനടയ്ക്ക് അരികിലുള്ള മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലാണ് നടന്നത്.

മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലേക്ക് കയറുന്നതിനുപകരം ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ ബി മോഹൻദാസ് മുഖ്യമന്ത്രിയെ ഇടതുകൈ പിടിച്ച് കിഴക്കേനടയിലെ ദീപസ്തംഭത്തിനരികിലേക്ക് ആനയിക്കുകയായിരുന്നു. ഗുരുവായൂരെന്നത് ഭക്തർക്ക് വൈകാരികമായി അടുപ്പമുള്ളയിടമാണെന്നും ഇവിടത്തെ സുരക്ഷ ഏറെ പ്രാധാന്യമുള്ളതാണെന്നും മുഖ്യമന്ത്രി ഉദ്ഘാടനച്ചടങ്ങിൽ പറഞ്ഞു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കെ വി അബ്ദുൾഖാദർ എം.എൽ.എ, ഡി ജി പി ലോക്നാഥ് ബെഹ്റ എന്നിവരും മുഖ്യമന്ത്രിയെ അനുഗമിച്ചു.