play-sharp-fill
വളർന്നത് ഹരിയുടെ തണലിൽ: ഉയർന്നത് എതിർത്തവരെയെല്ലാം വെട്ടിമാറ്റി; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദേശത്ത് പോയത് പാർട്ടിലെ അണികളെ എതിരാക്കി; ബിനു പുളിക്കക്കണ്ട് പുറത്തേയ്ക്ക് തെറിക്കുമ്പോൾ കൊണ്ടു നടന്നവർ തന്നെ ചിരിക്കുന്നു

വളർന്നത് ഹരിയുടെ തണലിൽ: ഉയർന്നത് എതിർത്തവരെയെല്ലാം വെട്ടിമാറ്റി; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദേശത്ത് പോയത് പാർട്ടിലെ അണികളെ എതിരാക്കി; ബിനു പുളിക്കക്കണ്ട് പുറത്തേയ്ക്ക് തെറിക്കുമ്പോൾ കൊണ്ടു നടന്നവർ തന്നെ ചിരിക്കുന്നു

സ്വന്തം ലേഖകൻ
കോട്ടയം: സ്വന്തം സഹോദരനെ തന്നെ തിരഞ്ഞെടുപ്പ് ഗോദയിൽ തറപറ്റിച്ച് ബിജെപിയുടെ താമര ചിഹ്നത്തിൽ അതിവേഗം ജില്ലാ കമ്മിറ്റിയിലേയ്ക്ക് എത്തിയ പാലായിലെ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടത്തെ പാർട്ടിയ്ക്ക് പുറത്തേയ്ക്ക് തെറിപ്പിക്കുന്നത് പ്രവർത്തകരുടെ അപ്രീതി തന്നെ. അതി നിർണ്ണായകമായ തിരഞ്ഞെടുപ്പിൽ പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നും പൂർണമായും വിട്ടു നിന്ന ബിനു, വിദേശത്ത് ദിവസങ്ങളോളം കറങ്ങി നടന്നത് അടക്കമുള്ളത് പ്രവർത്തകർക്കും നേതാക്കൾക്കുമിടയിൽ കടുത്ത അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. സീറ്റ് മോഹിച്ചെങ്കിലും, ഇത് ലഭിക്കാതെ വന്നതും, പാർട്ടിയിലേയ്ക്ക് കൈ പിടിച്ച് കയറ്റിയ എൻ.ഹരി തന്നെ എതിരായതിനും ബിനുവിന് വലിയ വിലകൊടുക്കേണ്ടി വന്നു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനിടെയാണ് കോൺഗ്രസ് പ്രവർത്തകനായ ബിനുവും ഒരു സംഘവും ബിജെപിയിലേയ്ക്ക് കയറിവരുന്നത്. ഇപ്പോഴത്തെ ജില്ലാ പ്രസിഡന്റും പാലാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയുമായ എൻ.ഹരിയാണ് അന്ന് ബിനുവിനെയും കൂട്ടാളികളെയും രണ്ടു കയ്യും നീട്ടി സ്വീകരിച്ചത്. ബിനുവിനെ നേരെ ജില്ലാ കമ്മിറ്റിയിലേയ്ക്ക് കയറ്റിയിരുത്തിയ ബിജെപി നേതാക്കൾ ബിജെപി വളരുന്നതിന്റെ തുടക്കമായാണ് ഇതിനെ വ്യാഖ്യാനിച്ചത്. ഇതോടെ ബിജെപിയ്ക്ക് വൻ നേട്ടമുണ്ടാക്കാനായി എന്ന് പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ബിനുവിന്റെ കരുത്തിലാണ് കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പാലായിൽ വൻ നേട്ടമുണ്ടാക്കിയതെന്ന പ്രചാരണവും ബിനു ഭക്തർ രഹസ്യമായി മണ്ഡലത്തിൽ നടത്തി.
ഇതിനിടെയാണ് ഏറ്റവും വലിയ അപ്രതീക്ഷിത നീക്കം പാലാ മണ്ഡലത്തിൽ ഉണ്ടായത്. മണ്ഡലം പ്രസിഡന്റായിരുന്ന സോമൻ തച്ചേട്ടിനെ അതിവേഗം മാറ്റി ബിനു പുളിക്കക്കണ്ടം പാലായിലെ ബിജെപി നിയോജക മണ്ഡലം പ്രസിഡന്റായി അവരോധിക്കപ്പെട്ടു. പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ കടുത്ത എതിർപ്പ് അവഗണിച്ചായിരുന്നു ജില്ലാ പ്രസിഡന്റെ എൻഹരിയുടെ തീരുമാനം. പാർലമെന്റ് തിരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രം ബാക്കി നിൽക്കെയായിരുന്നു ഈ തീരുമാനം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ നിന്നു മാത്രം എൻഡിഎ സ്ഥാനാർത്തി 27000 ത്തിലധികം വോട്ട് നേടിയതോടെ കളം മാറി. വീണ്ടും ബിനു തന്നെ അനിഷേധ്യനായ നേതാവായി മാറി.
ഇതിനിടെ പാലാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിക്കപ്പെട്ടു. കഴിഞ്ഞ രണ്ട് നിയമസഭാ , ലോക്‌സഭാ തിരഞ്ഞെടുപ്പുക്കളുടെയും വോട്ട് ശതമാനത്തിന്റെ കണക്കിൽ തനിക്ക് തന്നെയാണ് സീറ്റെന്നുറപ്പിച്ചായിരുന്നു ബിനുവിന്റെ കളികൾ മുഴുവൻ. എന്നാൽ, അപ്രതീക്ഷിതമായി മണ്ഡലത്തിന് പുറത്തു നിന്നുള്ള എൻ.ഹരി സ്ഥാനാർത്ഥിയായി എത്തിയതോടെ ബിനുവും ഹരിയും തമ്മിൽ മാനസികമായി അകന്നു. പി.സി ജോർജ് ജനറൽ കൺവീനറായും, ബിനു പുളിക്കക്കണ്ടം കൺവീനറായും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കമ്മിറ്റി രൂപീകരിച്ചെങ്കിലും കേന്ദ്രമന്ത്രി സദാനന്ദഗൗഡ ഉദ്ഘാടനം ചെയ്ത് നിയോജക മണ്ഡലം കൺവൻഷന് ശേഷം ബിനുവിനെ പിന്നെ കാണാനായില്ല. പിന്നീട്, ബിനു പുളിക്കക്കണ്ടം തിരികെ എത്തുന്നത് കലാശക്കൊട്ടിനാണ്. വിദേശരാജ്യങ്ങളിൽ കറങ്ങാൻ പോയതാണ് ബിനു എന്ന അഭ്യൂഹം കലശലായതോടെ പാർട്ടിയ്ക്കുള്ളിലെ തന്നെ രാഷ്ട്രീയ എതിരാളികൾ ബിനുവിന്റെ വിദേശരാജ്യ സന്ദർശനം ആയുധമാക്കി. മാണി സി.കാപ്പനുമായി ഏറ്റവും അടുപ്പമുള്ള ബിജു വോട്ട് മറിച്ചതാണ് എന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. ഇതോടെയാണ് ബിനുവിനെ സസ്‌പെന്റ് ചെയ്തതായി ജില്ലാ പ്രസിഡന്റ് എൻ.ഹരി പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാൽ, താൻ ഈ മാസം ഒമ്പതാം തിയതി തന്നെ രാജിവെച്ചിരുന്നെന്ന് ബിനു പുളിക്കകണ്ടം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡൻറ് എന്ന രീതിയിൽ പ്രവർത്തിക്കാനാവാത്ത അവസ്ഥയാണെന്നും ബിനു പറഞ്ഞു.
ഹരി സാമ്പത്തികതിരിമറി നടത്തിയെന്ന് പ്രവർത്തകർ പറഞ്ഞു. ക്വാറി, ഭൂമാഫിയകളിൽ നിന്ന് ഹരി പണം വാങ്ങിയെന്നും ബിനു ആരോപിച്ചു. ബി.ജെ.പിയുടെ വോട്ടുകൾ ഹരി മാണിക്ക് മറിച്ച് നൽകി. പണം വാങ്ങിയാണ് വോട്ടു മറിച്ചതെന്നും ബിനു പറഞ്ഞു.
ഹരി ബി.ജെ.പിയുടെ വോട്ടു വിറ്റു. ഇതു സംബന്ധിച്ച് കണക്കു കിട്ടിയെന്നും എൽ.ഡി.എഫിനെ തോൽപ്പിക്കാനെന്ന വ്യാജേന വോട്ടു മറിച്ചെന്നും ബിനു ആരോപിക്കുന്നു.