play-sharp-fill
പാലായിൽ മികച്ച പോളിംങ്: പോളിംങ് ശതമാനം എഴുപത് കടന്നു; മാണിയില്ലാത്ത പാലായിൽ ജനമനസ് തങ്ങൾക്കൊപ്പമെന്ന് മൂന്നു മുന്നണികളും

പാലായിൽ മികച്ച പോളിംങ്: പോളിംങ് ശതമാനം എഴുപത് കടന്നു; മാണിയില്ലാത്ത പാലായിൽ ജനമനസ് തങ്ങൾക്കൊപ്പമെന്ന് മൂന്നു മുന്നണികളും

സ്വന്തം ലേഖകൻ
പാലാ: കെ.എം മാണിയ്ക്കു ശേഷം പാലായിൽ ആരെന്നുള്ളത് ഉറപ്പിക്കുന്നതിനുള്ള വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ പോളിംങ് ശതമാനം ഏഴുപത് കടന്നു. മുഴുവൻ ബൂത്തുകളിലെയും പോളിംങ് ശതമാനം പുറത്തു വന്നപ്പോൾ 71.13 ശതമാനമാണ് പോളിംങ്. 1,24657 പേരാണ് ഇതുവരെ പാലായിൽ വോട്ടു ചെയ്തിരിക്കുന്നത്. 63,308 പുരുഷവോട്ടർമാരും, 61349 സ്ത്രീ വോട്ടർമാരും ഇതുവരെ പാലായിൽ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഏത് മുന്നണിയ്‌ക്കൊപ്പമാണ് പോളിംങ് ശതമാനത്തിലെ വർധനവ് നിൽക്കുക എന്ന് പറയാൻ സാധിക്കുകയില്ല.
എന്നാൽ, മൂന്നു മുന്നണികളും പോളിംങ് ശതമാനത്തിലെ വർധനവിനെ ശുഭാപ്തിവിശ്വാസത്തോടെയാണ് കാണുന്നത്.
രാവിലെ ഏഴു മണിക്ക് പോളിംങ് ആരംഭിച്ചപ്പോൾ മുതൽ തന്നെ പോളിംങ് ശതമാനം കൃത്യമായി ഉയരുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ പോളിംങ് ശതമാനം വർധിക്കുക തന്നെ ചെയ്തിരുന്നു. ഉച്ചയ്ക്ക് കൊടുംചൂടും, ഇടയ്‌ക്കെത്തിയ മഴയും ഒരു മണി മുതൽ മൂന്നു മണിവരെ പോളിംങ് ശതമാനത്തിൽ നേരിയ കുറവുണ്ടാക്കി. തുടർന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും പോളിംങ് ശതമാനം വർധിക്കുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 77.5 ശതമാനമായിരുന്നു പോളിംങ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ 72.26 ശതമാനമായി കുറയുകയും ചെയ്തിരുന്നു. കെ.എം മാണിയില്ലാത്ത പാലാ മണ്ഡലത്തിൽ വിജയമുറപ്പിക്കുന്നതാണ് ഉയർന്ന പോളിംങ് ശതമാനമെന്ന് എൽഡിഎഫ് ക്യാമ്പ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. നേരത്തെ കെ.എം മാണിയാണ് സ്ഥാനാർത്ഥി വിജയം ഉറപ്പാണ് എന്നു പ്രഖ്യാപിച്ച് മാറി നിന്നിരുന്ന എൽഡിഎഫ് വോട്ടുകൾ ഇക്കുറി കാപ്പന് വോട്ട് ചെയ്യാൻ ഒന്നിച്ചെത്തിയതും തങ്ങൾക്ക് അനുകൂലമായതായി എൽഡിഎഫ് ക്യാമ്പ് വിലയിരുത്തുന്നു.
എന്നാൽ, കെ.എം മാണിയുടെ സഹതാപ തരംഗം വോട്ടായി മാറുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. കെ.എം മാണിയുടെ പിൻഗാമിയായി ജോസ് ടോമിനെ തന്നെ പാലാക്കാർ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉയർന്ന പോളിംങ് ശതമാനം പാലായിൽ എന്നും യുഡിഎഫിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിലും, പാർലമെന്റ് തിരഞ്ഞെടുപ്പിലും പോളിംങ് ശതമാനം വർധിച്ചപ്പോഴാണ് ബിജെപിയ്ക്കും എൻഡിഎയ്ക്കും വോട്ട് വർധിച്ചതെന്നാണ് ബിജെപി ക്യാമ്പിന്റെ പ്രതീക്ഷ.