ചരിത്രത്തിലെ ഏറ്റവും വലിയ അംഗബലത്തിൽ സുപ്രീംകോടതി ;രാജ്യത്തെ പരമോന്നത കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34 ആയി ഉയർന്നു
സ്വന്തം ലേഖിക
ദില്ലി: മലയാളിയായ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് ഉൾപ്പടേയുളള നാലുപേർ സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതോടെ രാജ്യത്തെ പരമോന്നത കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34 ആയി ഉയർന്നു. സുപ്രീംകോടതിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അംഗബലമാണ് ഇത്. കാസർകോട്ട് കുടുംബവേരുകളുള്ള മൈസൂരു സ്വദേശിയായ ജസ്റ്റിസ് രവീന്ദ്ര ഭട്ട്. ഹൃഷികേശ് റോയ്, വി. രാമസുബ്രഹ്മണ്യൻ, കൃഷ്ണ മുരാരി എന്നിവരാണ് പുതുതായി അധികാരമേറ്റ ജഡ്ജിമാർ.
ജുലൈ 31 നായിരുന്നു സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. കേസുകൾ കെട്ടിക്കിടക്കുന്നതിനാൽ സുപ്രീംകോടതിയിലെ ജഡ്ഡിമാരുടെ എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചിരുന്നു. ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 65 ആയി ഉയർത്തണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആഗസ്റ്റ് 7 ന് സുപ്രീകോടതി(ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബിൽ 2019 ലോക്‌സഭയിൽ പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു. ആഗസ്ത് 10 ന് തന്നെ ബില്ലിന് രാഷ്ട്രപതിയുടെ ?അംഗീകാരം ലഭിച്ചു. നാല് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീം കോടതിയിലേക്ക് ഉയർത്താനുള്ള സുപ്രീം കോടതി കൊളീജിയം ശുപാർശ സെപ്തംബർ 18 ന് കേന്ദ്ര സർക്കാറും അംഗീകരിച്ചു.
സുപ്രീംകോടതിയിൽ 58669 കേസുകൾ കെട്ടിക്കിടക്കുന്നുണ്ടെന്നും ഇവ തീർപ്പാക്കാൻ അടിയന്തര നടപകൾ വേണമെന്നും പ്രധാനമന്ത്രിക്ക് അയച്ച് കത്തിൽ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരുന്നു. 2009 ലായിരുന്നു അവസാനമായി സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വർധിപ്പിച്ചത്. 26 ൽ നിന്ന് 31 ആയിട്ടായിരുന്നു അന്നത്തെ വർധിപ്പിക്കൽ.