കുടുംബകലഹത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ചു കൊന്നു
സ്വന്തം ലേഖിക
പാറശാല: കുടുംബകലഹത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവിനെ പൊഴിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. കുളത്തൂർ ഗവ.കോളേജിന് സമീപം നല്ലൂർവട്ടം കാവുങ്ങൽ വീട്ടിൽ ഷീബ (36)യുടെ മരണകാരണം ആത്മഹത്യയല്ലെന്ന് തെളിഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് അനിൽകുമാർ (47) അറസ്റ്റിലായത്. തിരുവോണദിവസം രാത്രി 9 നായിരുന്നു സംഭവം. പൊലീസ് പറയുന്നത് ഇങ്ങനെ – കുടുംബ കലഹത്തെ തുടർന്ന് വീടിന്റെ രണ്ടാം നിലയിലെ മുറിയിലേക്ക് കയറിയ ഷീബയെ പിന്നീട് ഭർത്താവ് അനിൽകുമാർ കാണുന്നത് സീലിംഗിലെ ഹുക്കിൽ തൂങ്ങിയ നിലയിലാണ്. ഇയാൾ ഉടൻതന്നെ കയർ അറുത്ത ശേഷം ഷീബയെ തറയിൽ കിടത്തി. അപ്പോൾ ജീവനുണ്ടെന്ന് മനസിലാക്കിയതിനെ തുടർന്ന് തലയണ മുഖത്ത് അമർത്തിപ്പിടിച്ച് കൊല്ലുകയായിരുന്നു. ഷീബ രക്ഷപ്പെട്ടാൽ താൻ നേരത്തെ ഉപദ്രവിച്ചത് പൊലീസിനോട് പറയുമെന്ന ഭയം കൊണ്ടാണ് ഇയാൾ കൊലപ്പെടുത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് മരണകാരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
ഷീബ നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. സൗദിയിൽ ജോലി ചെയ്യുന്ന അനിൽകുമാർ ഇപ്പോൾ ലീവിന് നാട്ടിലെത്തിയതാണ്. ആദിത്യ (നാലര വയസ്), അഭിനന്ദ് (2 വയസ്) എന്നിവർ മക്കളാണ്. അനിൽകുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group