കോളേജ് ഹോസ്റ്റലുകളിലെ മൊബൈൽ ഫോൺനിരോധനം വിദ്യാർത്ഥികളുടെ മൗലികാവകാശങ്ങളുടെ ലംഘനം : ഹൈക്കോടതി
സ്വന്തം ലേഖിക
കൊച്ചി: കോളജ് ഹോസ്റ്റലുകളിൽ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതു വിദ്യാർഥികളുടെ മൗലികാവകാശ ലംഘനമാണെന്ന് ഹൈക്കോടതി. മൊബൈൽ ഫോണും ഇന്റർനെറ്റും നൽകുന്ന എണ്ണിയാലൊടുങ്ങാത്ത അവസരങ്ങളും സാധ്യതകളും രക്ഷിതാക്കളോ കോളജധികൃതരോ കണ്ടില്ലെന്നു നടിക്കരുത്. അച്ചടക്കം നടപ്പാക്കുകയെന്നാൽ അറിവു നേടാനുള്ള വഴി തടയലല്ലെന്നു കോടതി വ്യക്തമാക്കി.
പെൺകുട്ടികൾക്കു കോളജ് ഹോസ്റ്റലിൽ മൊബൈൽ ഫോണിനു നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ കോഴിക്കോട് ചേളന്നൂർ എസ്എൻ കോളജിലെ ബിഎ വിദ്യാർഥിയായ ഫഹീമാ ഷിറിൻ നൽകിയ ഹർജിയിലാണു ജസ്റ്റിസ് പി. വി. ആശയുടെ ഉത്തരവ്. ചേളന്നൂർ കോളജിലെ നിയന്ത്രണങ്ങൾ റദ്ദാക്കിയ കോടതി, ഹർജിക്കാരിയെ ഹോസ്റ്റലിൽ തിരിച്ചെടുക്കണമെന്നും നിർദേശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2016 ൽ ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അവകാശം മനുഷ്യാവകാശമായി യുഎൻ മനുഷ്യാവകാശ സമിതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും, അത് ഇന്ത്യയിലും ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾ പ്രായപൂർത്തിയായവരാണെന്ന് ഹോസ്റ്റൽ അധികൃതർ മനസ്സിലാക്കണമെന്നും കോടതി വ്യക്തമാക്കി. പെൺകുട്ടികളോട് വിവേചനം പാടില്ലെന്നും കോടതി വ്യക്തമാക്കി.