play-sharp-fill
പോലീസിലെ 268 എസ്.ഐ തസ്തികകൾ നിർത്തലാക്കുന്നു

പോലീസിലെ 268 എസ്.ഐ തസ്തികകൾ നിർത്തലാക്കുന്നു

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ നട്ടെല്ലായ സബ് ഇൻസ്‌പെക്ടർമാരുടെ 268 തസ്തികകൾ ഇല്ലാതാക്കുന്നു.

പൊലീസ് സ്റ്റേഷനുകളിൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒ (സ്റ്റേഷൻ ഹൗസ് ഓഫീസർ) സംവിധാനം നടപ്പാക്കിയത് ഇൻസ്പെക്ടർമാരുടെ പുതിയ തസ്തികകൾ സൃഷ്ടിക്കാതെ, എസ്.ഐമാർക്ക് സ്ഥാനക്കയറ്റം നൽകിക്കൊണ്ടായിരുന്നു. ഈ തസ്തികകൾ നിറുത്തലാക്കാനാണ് ആഭ്യന്തര അഡിഷണൽ ചീഫ്‌സെക്രട്ടറിയുടെ നിർദ്ദേശം. സർക്കിൾ ഇൻസ്‌പെക്ടറുടേതാക്കി അപ്ഗ്രേഡ് ചെയ്ത 268 എസ്.ഐ തസ്തികകൾ ഉടനടി ഒഴിവാക്കണമെന്ന് ആഭ്യന്തര (എ) വകുപ്പ് ഡി.ജി.പിക്ക് നൽകിയ ഉത്തരവിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലി ഭാരത്താൽ ആത്മഹത്യകൾ പെരുകുന്ന പൊലീസ് സേനയിൽ 268 എസ്.ഐമാർ ഇല്ലാതാവുന്നത് പ്രവർത്തനമാകെ താളം തെറ്റിക്കും. സ്റ്റേഷൻ അധികാരിയായി ഇൻസ്‌പെക്ടറും ക്രമസമാധാനപാലനം, കുറ്റാന്വേഷണം എന്നിവയ്ക്ക് രണ്ട് സബ് ഇൻസ്‌പെക്ടർമാരുമാണ് പുതിയ സംവിധാനത്തിൽ വേണ്ടത്. 370 സ്റ്റേഷനുകളിൽ ഇത് നടപ്പാക്കിക്കഴിഞ്ഞു. കുറ്റാന്വേഷണവും ക്രമസമാധാനപാലനവും വേർതിരിക്കുന്നതിന് നിലവിലെ എസ്.ഐ തസ്തികകൾ അത്യാവശ്യമാണെന്നും, പുതിയ ഇൻസ്‌പെക്ടർ തസ്തികകൾ സൃഷ്ടിച്ചാവണം പരിഷ്‌കാരം നടപ്പാക്കേണ്ടതെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സർക്കാരിനെ അറിയിച്ചിരുന്നതാണ്.

സ്ഥാനക്കയറ്റം നൽകിയ ഇൻസ്‌പെക്ടർമാരുടേതിന് തുല്യമായ ശമ്പളമാണ് എസ്.ഐമാർ വാങ്ങുന്നതെന്നതിനാൽ, ഇത് സർക്കാരിന് ഉടനടി സാമ്പത്തിക ബാധ്യതയുണ്ടാക്കില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എസ്.ഐമാരുടേതിന് തുല്യമായ ശമ്പളം വാങ്ങുന്ന മുതിർന്ന അഡിഷണൽ എസ്.ഐമാർക്ക് എസ്.ഐമാരായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്യും.

എസ്.ഐ തസ്തികകൾ ഇല്ലാതാക്കുന്നത് എസ്.എച്ച്.ഒ സംവിധാനത്തെ തകർക്കുമെന്ന് ബെഹ്‌റ ആഭ്യന്തരവകുപ്പിനെ അറിയിച്ചിട്ടുണ്ട്. ക്രമസമാധാനത്തിനും, കുറ്റാന്വേഷണത്തിനും രണ്ട് എസ്.ഐമാർ വേണ്ടതാണ്. ഇത്രയും എസ്.ഐമാർ കഷ്ടിച്ചേയുള്ളൂ. ഒരു എസ്.ഐ മാത്രമുള്ള സ്റ്റേഷനുകളിൽ എസ്.എച്ച്.ഒ തസ്തിക ഇൻസ്‌പെക്ടറുടേതാക്കിയപ്പോൾ എസ്.ഐ തസ്തികയിൽ ആളില്ലാത്ത സ്ഥിതിയുണ്ടെന്നും ഡി.ജി.പി ചൂണ്ടിക്കാട്ടി.

ജോലി മുഴുവൻ എസ് ഐമാർക്ക്

സ്റ്റേഷനുകളുടെ നിയന്ത്രണം ഇൻസ്‌പെക്ടർക്കാണെങ്കിലും ജോലി മുഴുവൻ എസ്.ഐമാർക്കാണ്. കേസന്വേഷണം, ട്രാഫിക്, വി.ഐ.പി ഡ്യൂട്ടി, കുറ്റവാളികളെ പിടികൂടൽ, വാറണ്ടും സമൻസും നടപ്പാക്കൽ, പാസ്‌പോർട്ട് അടക്കമുള്ള വെരിഫിക്കേഷനുകൾ, ക്രമസമാധാനം, ജനമൈത്രി, ഗതാഗത ബോധവത്കരണം എന്നിങ്ങനെ ചുമതലകൾ നീളും. പൊലീസുകാരെ നയിക്കുന്നതും എസ്.ഐമാരാണ്. ജനസംഖ്യയും കുറ്റകൃത്യങ്ങളും കൂടുന്ന സാഹചര്യത്തിൽ എസ്.ഐമാരുടെ തസ്തികകൾ ഇല്ലാതാക്കുന്നത് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് പൊലീസ് ആസ്ഥാനത്തിന്റെ വിലയിരുത്തൽ.

2015ൽ നടത്തിയ എസ്.ഐ പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള റാങ്ക്പട്ടിക ഇക്കൊല്ലം മാർച്ച് 14നാണ് നിലവിൽ വന്നത്. ലിസ്റ്റിൽ 500ലേറെപ്പേരുണ്ട്. ഈ ലിസ്റ്റ് വരും മുമ്പ് ഒഴിഞ്ഞുകിടന്ന തസ്തികകളിൽ 114 പേർക്ക് അഡൈ്വസ് നൽകി. സായുധസേനാ ബറ്റാലിയനുകളിലെ 28 ഒഴിവുകൾ ആഭ്യന്തരവകുപ്പ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തു. എസ്.ഐ കേഡറിലെ 268 തസ്തികകൾ കുറവ് ചെയ്താലേ ഇനി എന്തെങ്കിലും തരത്തിലുള്ള നിയമനത്തിന് സാദ്ധ്യതയുള്ളൂവെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിലപാട്.

2232 സബ് ഇൻസ്‌പെക്ടർ തസ്തികകളാണ് പൊലീസിലുള്ളത്.

370 സ്റ്റേഷനുകളിൽ ഇൻസ്‌പെക്ടർമാരെ എസ്.എച്ച്.ഒമാരാക്കി

471 പൊലീസ് സ്റ്റേഷനുകളാണ് ആകെയുള്ളത്.

357 സ്റ്റേഷനുകളിൽ രണ്ടോ അതിലധികമോ എസ്.ഐമാരുണ്ട്.

302എസ്.ഐമാർ ഇൻസ്‌പെക്ടർമാർക്ക് തുല്യമായ ശമ്പളം വാങ്ങുന്നു

268 എസ്.ഐ തസ്തികകൾ നഷ്ടമാവാൻ പാടില്ല. ഇത്രയും എസ്.ഐമാർ കുറയുന്നത് പൊലീസിന്റെ പ്രവർത്തനത്തെ ബാധിക്കും.” –

ലോക്‌നാഥ് ബെഹ്‌റ പൊലീസ് മേധാവി