ഇടപാടുകൾ എല്ലാം ഓൺലൈൻ വഴി: തൃശൂരിൽ ഇരുന്ന് ദുബായിയിലെ സെക്‌സ് റാക്കറ്റിനെ നിയന്ത്രിക്കും; അഞ്ചിലേറെ കേസുകളിൽ പ്രതിയായ സെക്‌സ് മാഫിയ സംഘത്തലൈവി സീമയ്ക്ക് അന്താരാഷ്ട്ര ബന്ധങ്ങളും
ക്രൈം ഡെസ്‌ക്
തൃശൂർ: ഇട്ടാവട്ടത്തുള്ള കൊച്ചു കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിൽ ഇരുന്ന് അങ്ങ് ദുബായിയിലെ വരെ സെക്‌സ് റാക്കറ്റിനെ വരെ നിയന്ത്രിച്ചു നിർത്തിയിരുന്ന സീമ പിടിയിലായതോടെ രക്ഷപെടുന്നത് ആയിരത്തിലേറെ പെൺകുട്ടികൾ. മലയാളികളും, സിനിമാ ജൂനിയർ ആർട്ടിസ്റ്റുകളും, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പെൺകുട്ടികളും അടക്കം ആയിരത്തിലേറെ പെൺകുട്ടികളാണ് സീമയുടെ ഓൺലൈൻ സെക്‌സ് റാക്കറ്റിന്റെ കെണിയിൽ കുടുങ്ങി ജീവിതം കൈവിട്ടു പോയ അവസ്ഥയിൽ എത്തിയത്.
തൃശൂരിൽ നിന്നും പൊലീസ് പിടികൂടിയ തളിക്കുളം കണ്ണോത്തുപറമ്ബിൽ സീമയുടെ പെൺവാണിഭ ബന്ധങ്ങൾ അന്താരാഷ്ട്ര തലത്തിൽ വരെ നീളുന്നതാണ്. നിരവധി തവണ പെൺവാണിഭ കേസിൽ പിടിയിലായ ഇവർ ഇക്കുറി അറസ്റ്റിലായത് നിരവധി യുവതികളുമായി. വിദേശത്തേക്ക് പോലും നീളുന്ന സെക്സ് റാക്കറ്റിലെ കണ്ണിയാണ് സീമയെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇവർ ഇപ്പോൾ റിമാൻഡിൽ കഴിയികയാണ്. പല സംസ്ഥാനങ്ങളിൽ നിന്നു പെൺകുട്ടികളെ എത്തിച്ച് ഇടപാടുകാർക്കു കാഴ്ചവയ്ക്കുന്ന റാക്കറ്റിന്റെ ആസ്ഥാനമായി തൃശൂരിനെ സീമയും സംഘവും മാറ്റിയെന്നും പൊലീസ് കണ്ടെത്തി. നഗരത്തിലെ ലോഡ്ജുകളിൽ വൻകിട പെൺവാണിഭം നടത്തിയെന്ന കേസിലാണ് സീമ കീഴടങ്ങിയത്.
ഇവരുടെ സംഘത്തിൽപ്പെട്ട 12 യുവതികളെ പെൺവാണിഭത്തിന് രണ്ടു കേസുകളിലായി പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. സമാന കേസുകളിൽ മുൻപും പിടിയിലായിട്ടുള്ള സീമയ്ക്കെതിരെ ഈസ്റ്റ്, വെസ്റ്റ്, നെടുപുഴ സ്റ്റേഷനുകളിലായി ഏഴു കേസുകൾ നിലവിലുണ്ട്. സീമയെ ചോദ്യം ചെയ്തതിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്കു വരെ നീളുന്നതാണ് ഇവരുടെ പെൺവാണിഭ ബന്ധങ്ങളെന്നു വ്യക്തമായി. പിടിക്കപ്പെടുമ്പോഴെല്ലാം ഉന്നത സ്വാധീനത്തിന്റെ മറവിൽ പിഴയടച്ച് രക്ഷപ്പെടുന്നതാണ് രീതി. തൃശൂരിലെ പ്രമുഖ ഹോട്ടലുകളിൽ ഇതര സംസ്ഥാന യുവതികളെ എത്തിച്ചു മുറികൾ സ്ഥിരവാടയ്ക്കെടുത്തു പാർപ്പിച്ചാണ് സീമയും സംഘവും ഇടപാട് നടത്തിയിരുന്നത്.
നക്ഷത്ര ഹോട്ടലുകളിൽ പൊലീസ് പരിശോധനയ്ക്കു സാധ്യത കുറവാണെന്നതാണ് മുന്തിയ ഹോട്ടലുകൾ തിരഞ്ഞെടുക്കാൻ കാരണം. ഒരേസമയം അറുപതോളം യുവതികളെ ഇവർ നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പാർപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഹോട്ടലുകളിൽ ജോലിക്കെന്ന പേരിലാണ് ഇവർ ഇതര സംസ്ഥാനങ്ങളിൽ നിന്നു പെൺകുട്ടികളെ റിക്രൂട്ട് ചെയ്തിരുന്നത്. പെൺവാണിഭത്തിനായി ഗൾഫ് രാജ്യങ്ങളിലേക്കു പെൺകുട്ടികളെ കടത്തിയിട്ടുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്.
തൃശ്ശൂർ നഗരത്തിലെ സ്വകാര്യലോഡ്ജിൽ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ റെയ്ഡിൽ ഇതര സംസ്ഥാന യുവതികളടക്കം നാലുപേർ പിടിയിലായിരുന്നു. പൊലീസെത്തുന്നതിന് മുമ്പേ മുങ്ങിയ സീമ ചൊവ്വാഴ്ചയാണ് കീഴടങ്ങിയത്. ഫ്ളാറ്റുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചായിരുന്നു പെൺവാണിഭം. പഞ്ചനക്ഷത്ര ലോഡ്ജുകളിൽ വരെ ഇടപാടുകൾ നടത്തിയിരുന്നു. വൻതുകയാണ് ഇടപാടുകാരിൽനിന്ന് ഈടാക്കിയിരുന്നത്. ഒരു മാസം 12ലക്ഷം വരെയാണ് സമ്പാദിച്ചിരുന്നത്.
ഓൺലൈനിലൂടെയും ഇടപാടുകൾ നടത്തിയിരുന്നു. സീമയുടെ നിയന്ത്രണത്തിൽ ദുബായിലുൾപ്പെടെ പെൺവാണിഭ സംഘമുള്ളതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഉന്നതബന്ധങ്ങളുള്ളതായും പൊലീസ് പറഞ്ഞു. പിടിയിലായാൽ ശിക്ഷാനടപടികളിലെ പഴുതുകളുപയോഗിച്ച് പുറത്തിറങ്ങി വീണ്ടും വിലസുകയാണ് പതിവ്. ആഡംബര കാറുകൾ ഉപയോഗിച്ചാണ് പെൺവാണിഭം. തൃശൂർ നഗരത്തിൽ ലോഡ്ജിൽനിന്ന് 62 പവൻ സ്വർണാഭരണങ്ങളും പണവും ഡ്രൈവർ കവർന്നതായി സീമ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പൊലീസ് അന്വേഷണം നടക്കുകയാണ്.
നേരത്തെ പുങ്കൂന്നത്തെ ഇരുനില വീട്ടായിരുന്നു സീമയുടെ സങ്കേതം. ജോലിയുള്ള സ്ത്രീകൾക്കായി പ്രവർത്തിക്കുന്ന കേന്ദ്രമെന്ന നിലയിൽ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലുള്ളവർക്ക് അയൽവാസികളുമായി ബന്ധമുണ്ടായിരുന്നില്ല. എന്നാൽ, ആളുകളുടെ വരവും പോക്കും കണ്ട് സംശയം തോന്നിയ നാട്ടുകാർ നൽകിയ സൂചനയെത്തുടർന്നാണ് പൊലീസ് റെയ്ഡ് ചെയ്തപ്പോൾ സെക്സ് റാക്കറ്റ് കേന്ദ്രമാണെന്ന് ബോധ്യമായി. സീരിയൽ, സിനിമാ രംഗത്ത് ചെറിയ വേഷങ്ങൾ ചെയ്ത പെൺകുട്ടികളെയാണ് പ്രധാനമായും ഇവിടെ എത്തിച്ചിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group